സിബിഐ മുന്‍ ഡയറക്റ്റര്‍ അലോക് വര്‍മ്മ രാജിവച്ചു

ന്യുഡല്‍ഹി: സിബിഐ മുന്‍ ഡയറക്റ്റര്‍ അലോക് വര്‍മ്മ രാജിവച്ചു. ഡയറക്റ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് രാജി. ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറലായുള്ള പുതിയ സ്ഥാനം ഏറ്റെടുക്കാന്‍ അലോക് വര്‍മ വിസമ്മതിച്ചു. സ്വയം വിരമിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയ സെക്രട്ടറി സി ചന്ദ്രമൗലിക്ക് കത്ത് നല്‍കി. ഇത് ഒരു രാജിക്കത്തിന് സമാനമാണെന്നാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചേക്കും. തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം സെലക്ഷന്‍ കമ്മിറ്റി തന്നില്ലെന്ന് കത്തില്‍ അലോക് വര്‍മ പറയുന്നുണ്ട്. ‘സ്വാഭാവികനീതി തനിക്ക് നിഷേധിക്കപ്പെട്ടു. എന്നെ പുറത്താക്കണമെന്ന് തന്നെ കണക്കൂകൂട്ടിക്കൊണ്ടുള്ള നീക്കങ്ങളാണ് നടന്നത്. സിബിഐയുടെ തന്നെ അന്വേഷണം നേരിടുന്ന ഒരാളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സിവിസിയുടെ റിപ്പോര്‍ട്ട് എന്നത് സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചിട്ടുപോലുമില്ല. ജൂലൈ 31-ന് എന്റെ വിരമിക്കല്‍ പ്രായം പിന്നിട്ടതാണ്. സിബിഐ ഡയറക്ടര്‍ പദവി തന്ന് എന്റെ കാലാവധി നീട്ടുക മാത്രമാണ് ചെയ്തത്. ഫയര്‍ സര്‍വീസസ് ഡിജി പദവി ഏറ്റെടുക്കാന്‍ എന്റെ പ്രായപരിധി തടസ്സമാണ്. അതിനാല്‍ എന്നെ സ്വയം വിരമിക്കാന്‍ അനുവദിക്കണം.” വര്‍മ കത്തില്‍ കുറിച്ചു.


അലോക് വര്‍മ്മയുടെ കഴിഞ്ഞ രണ്ടു ദിവസത്തെ ഉത്തരവുകള്‍ ഇന്ന് സിബിഐ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര റാവു റദ്ദാക്കിയിരുന്നു. സിബിഐയുടെ ഇടക്കാല ഡയറക്ടറായി ഇന്നലെ രാത്രി ചുമതലയേറ്റതിന് പിന്നാലെയാണ് നാഗേശ്വര റാവു അലോക് വര്‍മ്മയുടെ ഉത്തരവുകള്‍ റദ്ദാക്കിയത്. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ ഉത്തരവുകളാണ് നാഗേശ്വര റാവു റദ്ദാക്കിയത്. ജനുവരി എട്ടാംതീയതിയിലെ സ്ഥിതി എന്താണോ അത് നിലനിര്‍ത്തണമെന്നാണ് എം നാഗേശ്വര റാവുവിന്റെ തീരുമാനം.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്ബറിലേക്ക് ‘add’എന്ന് സന്ദേശം അയക്കു

share this post on...

Related posts