” ലോകം ചുരുങ്ങുന്നു… ഒരു പന്തിലേക്ക്…! ”

fifa-world-cup-2018-644x362

ലോകം ഒരു പന്തലിലേക്ക് ചുരുങ്ങാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി.., വരും ദിനങ്ങളില്‍ ടെല്‍സ്റ്റാര്‍ എന്ന പന്തിനു ചുറ്റും മുപ്പത്തിരണ്ട് ലോക രാജ്യങ്ങളും, 736 കളിക്കാരും വോള്‍ഗായില്‍ ലയിക്കും. ഇന്ത്യന്‍ സമയം ഇന്നു രാത്രി 8.30ന് ലുഷ്‌നികി സ്റ്റേഡിയത്തില്‍ 21-ാം എഡിഷന്‍ ഫിഫ ലോകകപ്പ് ഫുട്‌ബോളിനു മാജിക്കല്‍ കിക്കോഫ്.

നീലയും ചുവപ്പും വെള്ളയും ഇടകലര്‍ന്ന റഷ്യയുടെ ത്രിവര്‍ണ പതാകയുടെ കീഴില്‍ മുപ്പത്തിയൊന്നു ദിനരാത്രങ്ങളില്‍ ഫുട്‌ബോള്‍ വസന്തം നിറയും. ചരിത്രത്തില്‍ ആദ്യമായിട്ടാണ് റഷ്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലുഷ്‌നികി സ്റ്റേഡിയ കവാടത്തില്‍ ഉയര്‍ത്തിയിരിക്കുന്ന ലെനിന്‍ പ്രതിമതന്നെ റഷ്യയുടെ പഴയ പ്രതാപം വിളിച്ചോതുന്നു. റഷ്യന്‍ നഗരങ്ങളും തെരുവോരങ്ങളും രാജ്യത്തലവന്മാരെയും, താരങ്ങളെയും, ഒഫീഷലുകളെയും, ആരാധകരെയുമെല്ലാം സ്വീകരിക്കാനും നേരില്‍ക്കാണാനും വെന്പിനില്‍ക്കുന്ന കാഴ്ച എവിടെയും ദൃശ്യമാണ്. കടകള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മധുരപലഹാര ഷോപ്പുകള്‍, കായിക ഷോപ്പുകള്‍, എവിടെയും എല്ലായിടത്തും കാല്‍പ്പന്തിന്റെ എന്തെങ്കിലും പ്രത്യേകത നിറഞ്ഞു നില്‍ക്കുന്നുണ്ടാവും. ആധുനികതയുടെ പുതുചരിത്രം പേറി ഹൈടെക്കിന്റെ സ്വാധീനത്തില്‍ രാജ്യത്തെ 11 പ്രധാന നഗരങ്ങളില്‍ 12 കൂറ്റന്‍ സ്റ്റേഡിയങ്ങള്‍ മാടിവിളിക്കുകയായി.

കുട്ടികളെ ആകര്‍ഷിക്കാന്‍ കളിപ്പാട്ടങ്ങളൊക്കെയും കാല്‍പ്പന്തുമായി ബന്ധിപ്പിച്ചുള്ള നിര്‍മാണം. അവയുടെ വില്‍പ്പന പൊടിപൊടിക്കുന്‌പോള്‍ മറ്റു ഷോപ്പുകളില്‍ വ്യത്യസ്ത നിറങ്ങള്‍ തയാറാക്കിവച്ച് കാത്തുനില്‍ക്കുന്ന യുവതികള്‍ കുട്ടികളെയും, ആരാധകരെയും ആകര്‍ഷിച്ച് ഇഷ്ടതാരങ്ങളുടെയും, ടീമിന്റെയും നിറങ്ങള്‍ കൂട്ടിച്ചേര്‍ത്തു ശരീരഭാഗങ്ങളില്‍ മെഴുകിയൊരുക്കുന്ന ചിത്രങ്ങള്‍.

ആരാധകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞ് മനസിലാക്കി വരയ്ക്കാന്‍ റെഡിയായി നില്‍ക്കുന്നവരുടെ കാഴ്ചയും അത്ഭുതപ്പെടുത്തും. വിവിധ വേഷങ്ങള്‍ ധരിച്ചു നടക്കുന്ന ആരാധകര്‍ തങ്ങളുടെ മൊബൈലുകളില്‍ താല്‍പ്പര്യങ്ങള്‍ നോക്കി എടുക്കുന്ന സെല്‍ഫികള്‍, നിരത്തിലോടുന്ന വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന വിവിധ നിറത്തിലുള്ള വൈവിധ്യ രാജ്യങ്ങളുടെ പതാകകള്‍ എന്നു വേണ്ട എല്ലാം ദേശീയതയുടെ, അന്തര്‍ദേശീയതയുടെ നിറക്കൂട്ടില്‍ ടെല്‍സ്റ്റാര്‍ 18 മയത്തിലമരുന്നു.

ഫുട്‌ബോളിനെ നെഞ്ചിലേറ്റാന്‍ തയാറായിരിക്കുന്ന ആരാധകര്‍ക്ക് ഗാലറിക്കു പുറത്ത് കൂട്ടമായിരുന്ന് കളി ആസ്വദിക്കാന്‍ രാജ്യത്തെ പ്രധാന സ്ഥലങ്ങളിലെല്ലാം ഭീമാകാരമായ ടെലിവിഷന്‍ സ്‌ക്രീനുകളും സജ്ജമായിക്കഴിഞ്ഞു. ഫുട്‌ബോള്‍ തെമ്മാടിക്കൂട്ടങ്ങളെ (ഹൂളിഗന്‍സ്) അടക്കി നിര്‍ത്താന്‍ അതിലുപരി, ഏതുതരത്തിലുള്ള ഭീകരാക്രമണവും നേരിടാന്‍ എവിടെയും സജ്ജമായി നില്‍ക്കുന്ന പൊലീസും, ആയുധധാരികളായ പട്ടാളവും ഒക്കെ രാജ്യത്തിന്റെ ക്രമസമാധാന ചുമതല കൈക്കുള്ളിലാക്കിക്കഴിഞ്ഞു. രാജ്യമെന്പാടും സിസി ടിവികളും കാമറകണ്ണുകളും സസൂക്ഷ്മം വീക്ഷിക്കുന്ന ഒരു വലയവും റഷ്യയെ പൊതിഞ്ഞുകഴിഞ്ഞു.

ലോകകപ്പ് നടത്താന്‍ 2010ല്‍ ഫിഫയുടെ അനുമതി ലഭിച്ചതു മുതല്‍, റഷ്യക്ക് സമാധാനപരമായി ലോകകപ്പ് നടത്താനാകില്ലെന്ന വിമര്‍ശനമുന്നയിച്ച രാജ്യങ്ങള്‍ക്കൊക്കെയും പ്രതികാര മധുരത്തില്‍ പൊതിഞ്ഞു നല്‍കുന്ന മറുപടികൂടിയാണ് ഇത്തവണത്തെ ലോകകപ്പ് ഫുട്‌ബോള്‍. അത്യാധുനിക ശില്‍പചാരുതയോടെയും സാങ്കേതികത്തികവിലും നിര്‍മിച്ച ലുഷ്‌നികി സ്റ്റേഡിയത്തില്‍ ഇന്ന് ആരംഭിച്ച് ജൂലൈ 15ന് ഇവിടെത്തന്നെ കൊടിയിറങ്ങുന്ന ലോകകപ്പ് പൊടിപൂരത്തിന്റെ വിശേഷത്തിനായി ലോകം റഷ്യയിലേക്ക് ഉറ്റുനോക്കുന്നു. 80,788 ആളുകള്‍ക്ക് ഇരിപ്പിട സൗകര്യമുള്ള ലുഷ്‌നികി സ്റ്റേഡിയത്തിലേക്ക് ആദ്യ വിസിലിനായി ലോകം കാതോര്‍ക്കുകയാണ്. ഇന്ത്യന്‍ സമയം വൈകുന്നേരം ആറുമുപ്പതിനായിരുന്നു ഉദ്ഘാടനച്ചടങ്ങ്.

share this post on...

Related posts