ഫ്‌ലോറിഡയില്‍ പുതുതായി പണിത പാലം തകര്‍ന്നു; നാലു മരണം

Florida-Accident

മിയാമി: ഫ്‌ലോറിഡയില്‍ പുതിയ രീതിയില്‍ പണിത നടപ്പാലം തകര്‍ന്നു വീണ് നാലു മരണം. വ്യാഴാഴ്ച ഉച്ചക്ക് ഇന്ത്യന്‍ സമയം 1.30ന് നാണ് സംഭവം. പടിഞ്ഞാറന്‍ മിയാമിയിലെ തിരക്കേറിയ റോഡിലേക്കാണ് പാലം പൊളിഞ്ഞു വീണത്. അപകടത്തില്‍ ഏട്ട് വാഹനങ്ങള്‍ തകര്‍ന്നു. പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷപ്പെടുത്തിയ ഒമ്പതു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വീറ്റ് വാട്ടര്‍ സിറ്റിയുമായി ഫ്‌ലോറിഡ ഇന്റര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ക്യാംപസിനെ ബന്ധിപ്പിക്കുന്ന പാലമാണു തകര്‍ന്നത്. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായി റോഡ്മുറിച്ചു കടക്കുന്നതിനായാണ് പാലം പണിതിരുന്നത്. താഴെയുള്ള റോഡില്‍ വാഹനങ്ങള്‍ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ട സമയത്താണ് പാലം തകര്‍ന്നു വീണതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതാണു അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്നാണു പ്രാഥമിക നിഗമനം.

പാലം തകര്‍ന്നു വീഴുമ്പോള്‍ മുകളില്‍ ജോലിക്കാരുണ്ടായിരുന്നുവെന്ന് പാലം പണി ഏറ്റെടുത്തിരുന്ന ഏജന്‍സി അറിയിച്ചു. അവരുടെ നില എന്താണെന്ന് അറിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. റോഡു മുറിച്ചുകടക്കവെ പതിനെട്ടുകാരിയായ വിദ്യാര്‍ഥിനി മരിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപ്പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. 174 അടി നീളമുള്ള പാലത്തിന് 960 ടണ്‍ ഭാരവുമുണ്ട്. പാലത്തിന്റെ വിവിധ ഭാഗങ്ങള്‍ ഇപ്പോഴും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണെന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.

share this post on...

Related posts