ആദ്യ അതിവേഗ വാഹന ചാര്‍ജിങ് സ്റ്റേഷന്‍ തയാര്‍

സംസ്ഥാനത്തെ ആദ്യ അതിവേഗ വാഹന ചാര്‍ജിങ് സ്റ്റേഷന്‍ (ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്ന കേന്ദ്രം) സെക്രട്ടേറിയറ്റ് വളപ്പില്‍ തുടങ്ങി. ഒരേസമയം രണ്ട് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സ്റ്റേഷന്‍ കന്റോണ്‍മെന്റ് ഗേറ്റിന് സമീപം വെള്ളിയാഴ്ചയാണ് പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ സെക്രട്ടേറിയറ്റിലെ വൈദ്യുതി വാഹനങ്ങള്‍ക്കാണ് സ്റ്റേഷന്റെ സേവനം ലഭിക്കുക. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ വൈദ്യുതി വാഹനങ്ങളുണ്ട്. കൂടാതെ പത്തോളം വാഹനങ്ങള്‍ പുതിയതായി വാങ്ങുന്നുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് ചാര്‍ജിങ് സ്റ്റേഷന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇവിടെ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഈ സ്റ്റേഷനുകളുടെ പോരായ്മകളും അപാകങ്ങളും പരിഹരിച്ചാണ് മറ്റിടങ്ങളില്‍ സ്ഥാപിക്കുക. വാഹനങ്ങളുടെ വലിപ്പം അനുസരിച്ച് ചാര്‍ജ് ചെയ്യാന്‍ എടുക്കുന്ന സമയത്തില്‍ വ്യത്യാസമുണ്ടാകും. ദേശീയപാതയില്‍ നിശ്ചിത കിലോമീറ്റര്‍ ഇടവിട്ട്, സര്‍ക്കാര്‍ സ്ഥലങ്ങള്‍, കെ.എസ്.ഇ.ബി.യുടെ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബി. ലക്ഷ്യമിടുന്നത്. സ്ഥലം കണ്ടെത്താനുള്ള ഏകദേശ രൂപരേഖ തയ്യാറായി. വിവിധ വകുപ്പുകളുമായി ആലോചിച്ചശേഷം കരാര്‍ ക്ഷണിക്കുമെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നതാണ് അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകളുടെ പ്രത്യേകത. വൈദ്യുതിവാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കെ.എസ്.ഇ.ബി. റിന്യുവബിള്‍ എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റാണ് സ്റ്റേഷനുകള്‍ ആരംഭിച്ചത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

share this post on...

Related posts