ബിനോയ് കോടിയേരിയുടെ കേസ്; നിര്‍ണായക തെളിവുകള്‍ പുറത്ത്, കുട്ടിയെ തട്ടികൊണ്ട് പോകുമെന്ന് ഭീഷണി

മുംബൈ: ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ബിനോയ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010ല്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലാണ് ജനനം റജിസ്റ്റര്‍ ചെയ്തത്. പൊലീസില്‍ സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി ഉണ്ടായെന്നു പരാമര്‍ശിച്ച് യുവതി ബിനോയിക്ക് അയച്ച കത്തും പുറത്തുവന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടു നല്‍കിയ കത്തിലാണ് ഇക്കാര്യമുള്ളത്. ഭീഷണിയില്‍ ഭയമുണ്ട്. എങ്കിലും ബിനോയ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. ഒരു പിതാവ് മകനോട് അങ്ങനെ ചെയ്യുമെന്ന് വിചാരിക്കുന്നില്ലെന്നും യുവതി പറയുന്നു. ഡിസംബര്‍ 31നാണ് യുവതി കത്തയച്ചത്.
യുവതി നല്‍കിയ പരാതിയില്‍ അവരുടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങളും നിര്‍ണായകമായേക്കാം. 2015ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്തു ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പാസ്‌പോര്‍ട്ട് എടുക്കുന്നതിനു മുന്നോടിയായി പരാതിക്കാരി ബിനോയിയുടെ പേരുചേര്‍ത്തു തന്റെ പേരു പരിഷ്‌കരിച്ചിരുന്നു.
ഇത് ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മുംബൈയില്‍ പത്രപരസ്യവും നല്‍കിയിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചശേഷമാണു മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചത്. തെറ്റായ വിവരങ്ങള്‍ ചേര്‍ത്താല്‍ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുകയും ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യാം. പാസ്‌പോര്‍ട്ടില്‍ തന്റെ പേരു തെറ്റായി ചേര്‍ത്തതാണെന്നു ബിനോയ് പരാതി നല്‍കിയിട്ടില്ല.
ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി ഇന്നു വിധി പറയും. മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതി ഉച്ചയ്ക്കുശേഷമാണു കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ബിനോയിയുടെ അപേക്ഷ പരിഗണിച്ച കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ പരാതിയില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നും അതിനാല്‍ മാനഭംഗക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ബിനോയിയുടെ വാദം.
എന്നാല്‍ കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നും ബിനോയിയെ കസ്റ്റഡിയില്‍ എടുക്കേണ്ടതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ നിലപാട് എടുത്തു. ജാമ്യം നിഷേധിക്കുന്നപക്ഷം ബിനോയിയെ കസ്റ്റഡിയില്‍ എടുക്കാനുള്ള ശ്രമം ശക്തമാക്കാനാണ് മുംബൈ പൊലീസിന്റെ തീരുമാനം.

share this post on...

Related posts