മലയോര മേഖലയില്‍ നിന്ന് റബ്ബര്‍ കൃഷി പടിയിറങ്ങുന്നു

മലയോര മേഖലയുടെ പ്രധാന സാമ്പത്തിക ശക്തിയായിരുന്ന റബറിനോട് വിട പറയാനൊരുങ്ങി കര്‍ഷകര്‍. കാലാവസ്ഥാ വ്യതിയാനവും ചെലവ് വര്‍ധിക്കുകയും ചെയ്തതോടെയാണ് റബര്‍ കൃഷിയില്‍നിന്ന് കര്‍ഷകന്‍ പിന്തിരിഞ്ഞുതുടങ്ങിയത്. മലയോരത്തിന്റെ സാമ്പത്തിക സ്ഥിതിയെയാണ് ഇത് താളംതെറ്റിക്കുന്നത്. അടുത്തിടെ റബറിനുണ്ടായ വില വര്‍ധനവ് കര്‍ഷകര്‍ക്ക് ആശ്വാസമായെങ്കിലും ഉല്‍പാദനച്ചെലവ് വര്‍ധിച്ചതോടെയാണ് കര്‍ഷകര്‍ പ്രതിസന്ധിയിലായത്. റബറിന്റെ കൊമ്പുകള്‍ മുറിച്ചുമാറ്റി കുരുമുളക് ഉള്‍പ്പെടെയുള്ളവ വച്ചുപിടിപ്പിക്കുകയാണ് കര്‍ഷകര്‍. കാടുവെട്ടിത്തെളിക്കാന്‍ തുടങ്ങിയപ്പോഴാണ് കാലാവസ്ഥ വില്ലനായി എത്തിയത്.

കാലാവസ്ഥ വ്യതിയാനം

വിലയിലുണ്ടായ നേരിയ വര്‍ധനവ് ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്നു. മഴക്കുടകള്‍ ഇട്ട് ടാപ്പിങ് ആരംഭിച്ചെങ്കിലും
മഴ കുറഞ്ഞതോടെ പാലുല്‍പാദനം തീരെയില്ലാതായി. ആസിഡ്, രാസവളം എന്നിവയുടെ വില വര്‍ധിച്ചതും ഒട്ടുപാല്‍, ചിരട്ടപ്പാല്‍ എന്നിവയുടെ വിലക്കുറവും കര്‍ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ടാപ്പിങ് കൂലി വര്‍ധിച്ചതും തിരിച്ചടിയായി.

ടാപ്പിങ് നടന്നിട്ട് മാസങ്ങള്‍

കഴിഞ്ഞ ആറുമാസത്തിനിടെ നാമമാത്രമായ ദിവസങ്ങളില്‍ മാത്രമാണ് ടാപ്പിങ് നടന്നത്. കൂലി നല്‍കാനുള്ള വരുമാനം കിട്ടാത്തതിനാല്‍ പലരും സ്വയം ടാപ്പ് ചെയ്യുകയാണ്. ചിലര്‍ പാട്ടവ്യവസ്ഥയില്‍ മരങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നു.
പാട്ടമെടുക്കുന്നവര്‍ പാല്‍ കൂടുതല്‍ ലഭിക്കാനായി മരത്തില്‍ രാസവസ്തുക്കളും ഉപയോഗിക്കുന്നതായി പരാതിയുണ്ട്. ഇങ്ങനെയുള്ള മരങ്ങള്‍ക്ക് പിന്നീട് ഉല്‍പാദനം കുറയും. റബറിന് കൂടുതല്‍ വില ലഭിക്കുന്നതും ഉല്‍പാദനം നടക്കുന്നതും ജൂണ്‍ മുതല്‍ ആഗസ്ത് വരെയാണ്. എന്നാല്‍, ഇത്തവണ സീസണ്‍ കര്‍ഷകര്‍ക്ക് നഷ്ടങ്ങള്‍ മാത്രമാണ് നല്‍കിയത്. റബര്‍ ഷീറ്റികള്‍ തരംതിരിക്കുന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ഗുണമേന്മയുള്ള ഫസ്റ്റ് ഗ്രേഡ് ഷീറ്റുകള്‍ക്കാണ് വിലയും ആവശ്യക്കാരും കൂടുതല്‍. മരങ്ങളുടെ ഇലകൊഴിച്ചില്‍, കൂമ്പുചീയല്‍, കുമിള്‍രോഗങ്ങളും കര്‍ഷകരെ വലയ്ക്കുകയാണ്.

റബര്‍ വിലസ്ഥിരതാ ഫണ്ട്

സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലസ്ഥിരതാ ഫണ്ടില്‍നിന്ന് കൃത്യമായി തുക ലഭിക്കുന്നുമില്ല. റബര്‍ വില 150-ല്‍ കുറയാതെ നിലനിര്‍ത്താനാണ് ഫണ്ട് അനുവദിക്കുന്നത്. എന്നാല്‍, പല കര്‍ഷകര്‍ക്കും അഞ്ചും ആറും മാസം കൂടുമ്പോള്‍ ഒരു മാസത്തിലെ ബില്‍ തുക മാത്രമാണ് ലഭിക്കുന്നത്. താങ്ങുവില ഇരുന്നൂറെങ്കിലും ആക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഈ അവസ്ഥ. ഗ്രേഡ് റബറിന് മാത്രമേ വിലസ്ഥിരതാ ഫണ്ട് ലഭിക്കുന്നുള്ളൂവെന്നതും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നു.

share this post on...

Related posts