ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെ വ്യാജന്‍മാര്‍ കൂടി

വ്യാജ ഹെല്‍മെറ്റുകളുടെ വില്പന തടയാന്‍ മോട്ടോര്‍ വാഹനവകുപ്പ് സംയുക്ത പരിശോധന ആരംഭിക്കും. വഴിയരികിലെ ഹെല്‍മെറ്റ് വില്പനകേന്ദ്രങ്ങളില്‍ പോലീസ്, ലീഗല്‍ മെട്രോളജി, ജി.എസ്.ടി. വകുപ്പുകളുടെ സഹകരണത്തോടെ പരിശോധന നടത്താനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചത്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാരും ആര്‍.ടി.ഒ.മാരും ഇതിനു മുന്‍കൈയെടുക്കണം. നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ വില്‍ക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി മറ്റു വകുപ്പുകള്‍ക്ക് വിവരം കൈമാറണം. സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ച് വിവരം ശേഖരിക്കണം. പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തില്‍ വില്പന ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഇതു മുതലെടുത്താണ് വ്യാജ ഹെല്‍മെറ്റ് വില്പന ശക്തമായത്. നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ ഉപയോഗിക്കുന്നതു സുരക്ഷിതമല്ല. അപകടത്തില്‍ സാരമായി പരിക്കേല്‍ക്കാനിടയുണ്ട്. ഇതേത്തുടര്‍ന്നാണ് പരിശോധന ശക്തമാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയത്. വ്യാഴാഴ്ച തിരുവനന്തപുരത്തു നടന്ന പരിശോധനയില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റിനു സമീപത്തുനിന്നും വ്യാജ ഹെല്‍മെറ്റുകള്‍ പിടിച്ചെടുത്തിരുന്നു.

share this post on...

Related posts