മത്തങ്ങ കൊണ്ടൊരു ഫേസ്‌പാക്ക് പരീക്ഷിച്ചാലോ?

ലോക്ക് ഡൗൺ കാലത്ത് ആരോഗ്യത്തോടൊപ്പം സൗന്ദര്യ സംരക്ഷണത്തിലും ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ് പലരും. അവർക്കായി ഒരു പുതിയ ഫേസ് പാക്ക് പരിചയപ്പെടുത്തകയാണിവിടെ. പ്രകൃതിദത്തമായ പഴങ്ങളും പച്ചക്കറികളുമെല്ലാം പലരുടെയും മുഖത്ത് സൗന്ദര്യ കൂട്ടുകളായി ഉപയോഗിക്കാറുണ്ട്. എന്നാൽ അധികമാരും ശ്രദ്ധിക്കാതെയുള്ള ഒരു വലിയ സൗന്ദര്യ രഹസ്യം നമ്മുടെ അടുക്കളയിൽ ഒളിഞ്ഞിരിപ്പുണ്ട്. മറ്റൊന്നുമല്ല അതാണ് മത്തങ്ങ! ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി, എന്നിവയുടെ ഉറവിടമാന് മത്തങ്ങ. ചര്‍മ്മത്തെ മൃദുവാക്കാനും സ്വാഭാവിക തിളക്കം നൽകാനും മത്തങ്ങയ്ക്ക് സാധിക്കും. മുഖത്തിന്റെ സൗന്ദര്യം മാത്രമല്ല, മുടി വളർച്ച ഉൾപ്പെടെയുള്ളവയ്ക്ക് ഏറെ ഉപയോഗപ്രദമാണ് മത്തങ്ങ.

മത്തങ്ങയുടെ തൊലി കളഞ്ഞു പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് ഉപയോഗിക്കുകയാണെങ്കിൽ മുഖത്തെ കരുവാളിപ്പും കുരുക്കളും എല്ലാം അകറ്റി തിളക്കം ലഭിക്കും. ഈ മത്തങ്ങാ പേസ്റ്റിലേക്ക് ഒരു കാല്‍ ടീസ്പൂണ്‍ ജാതിക്ക പൊടിച്ചത്, അല്‍പം തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡർ വിനീഗര്‍ എന്നിവ ചേർത്ത് വേണം ഫേഷ്യൽ പാക്ക് തയ്യാറാക്കാൻ. ഇവ 20 മിനിറ്റിന് നേരം മസാജ് ചെയ്ത് ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒരു തവണയെങ്കിലും ഈ പാക്ക് ഉപയോഗിക്കുക. വരണ്ട ചർമ്മമുള്ളവർക്ക് മികച്ച ഫലം നൽകുന്ന ഒന്നാണ് മത്തങ്ങ. രണ്ടു ടേബിള്‍ സ്പൂണ്‍ മത്തങ്ങ നീര്, കാല്‍ ടീ സ്പൂണ്‍ പാല്‍, അര ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് വരണ്ട ചർമ്മത്തിൽ പുരട്ടാം. അര മണിക്കൂറിനു ശേഷം കഴുകി കളയാം.

മുടി വളർച്ചയ്ക്കായി മത്തങ്ങ പേസ്റ്റിൽ തൈര്, തേൻ, കറ്റാർവാഴ ജെൽ എന്നിവ യോജിപ്പിച്ച് തലയോട്ടിയിലും മുടിയിലും മാസ്ക് ആയി ഉപയോഗിക്കാം. ഒരു മണിക്കൂർ കഴിഞ്ഞു കഴുകി കളയാം. ഇനി വരണ്ട മുടിയാണെങ്കിൽ വേവിച്ച മത്തങ്ങ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാനാകും. രണ്ടു കപ്പ് വേവിച്ച മത്തങ്ങ, ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് മുടിയിൽ പുരട്ടാം. ഒരു മണിക്കൂറിനു ശേഷം കഴുകി കളയാം. അങ്ങനെ നിരവധിയാണ് മത്തങ്ങയുടെ സൗന്ദര്യ ഗുണങ്ങൾ.

Related posts