റോയ്-റൂട്ട് ഷോയില്‍ മുങ്ങി ക്രിസ് ഗെയ്‌ലിന്റെ സിക്‌സര്‍ പൂരം… ; ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം

ബാര്‍ബഡോസ്: ക്രിസ് ഗെയ്‌ലിന്റെ സിക്‌സര്‍ പൂരത്തിനിടയിലും ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ആറ് വിക്കറ്റ് തോല്‍വി. വിന്‍ഡീസ് ഉയര്‍ത്തിയ 361 റണ്‍സ് വിജയ ലക്ഷ്യം എട്ട് പന്ത് ശേഷിക്കെ ഇംഗ്ലണ്ട് മറികടന്നു. ജേസണ്‍ റോയ്(123), ജോ റൂട്ട്(102) എന്നിവരുടെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് തുണയായത്. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍(65) അര്‍ദ്ധ സെഞ്ച്വറി നേടി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 10ന് മുന്നിലെത്തി.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സെടുക്കുകയായിരുന്നു. 129 പന്തില്‍ 12 സിക്‌സറുകള്‍ സഹിതം ഗെയ്ല്‍ 135 റണ്‍സെടുത്തു. ഷായ് ഹോപ്(65 പന്തില്‍ 64), ഡാരന്‍ ബ്രാവോ(30 പന്തില്‍ 40), ആഷ്‌ലി നഴ്‌സ്(എട്ട് പന്തില്‍ 25) എന്നിവരുടെ ബാറ്റിംഗും വിന്‍ഡീസിനെ കൂറ്റന്‍ സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായകമായി. ഇംഗ്ലണ്ടിനായി സ്‌റ്റോക്‌സും റഷിദും മൂന്ന് വീതവും വോക്‌സ് രണ്ട് വിക്കറ്റും വീഴ്ത്തി. എന്നാല്‍ റോയ് റൂട്ട് സഖ്യവും മോര്‍ഗനും ചേര്‍ന്ന് ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചു. ഓപ്പണര്‍ ബെയര്‍സ്‌റ്റോ(34) പുറത്തായ ശേഷം റോയ് റൂട്ട് സഖ്യം രണ്ടാം വിക്കറ്റില്‍ 114 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 51 പന്തിലായിരുന്നു മോര്‍ഗന്റെ 65 റണ്‍സ്. 20 റണ്‍സുമായി സ്‌റ്റോക്‌സും നാല് റണ്‍സെടുത്ത് ബട്ട്‌ലറും പുറത്താകാതെ നിന്നു. ഹോല്‍ഡര്‍ രണ്ടും ബിഷൂവും ഓഷാനും ഓരോ വിക്കറ്റും വീഴ്ത്തി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ ക്രിസ് ഗെയ്!ലിന്റെ തകര്‍പ്പന്‍ സെഞ്ച്വറി(135) പാഴായി.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts