തെലുഗുദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടു

modi-and-naidu

ന്യൂഡല്‍ഹി: ആന്ധപ്രദേശിനുള്ള പ്രത്യേക പദവിയുടെ പേരില്‍ എന്‍.ഡി.എ കേന്ദ്ര സര്‍ക്കാറുമായി ഇടഞ്ഞു നില്‍ക്കുന്ന തെലുഗുദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടു. എന്‍.ഡി.എയുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് അമരാവതിയില്‍ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ടി.ഡി.പിക്ക് ലോക്‌സഭയില്‍ പതിനാറും രാജ്യസഭയില്‍ ആറും എം.പിമാരാണുള്ളത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ ടിഡിപിയുടെ എംപിമാരുമായും ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തി. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നടപടികളെകുറിച്ചും എംപിമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതായാണ് വിവരം.

പ്രത്യേക പദവി നല്‍കാത്തത് വഴി ആന്ധ്രപ്രദേശിലെ ജനങ്ങളുടെ വികാരം മാനിച്ചില്ലെന്ന് യോഗത്തിന് ശേഷം പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഞങ്ങള്‍ എന്‍.ഡി.എക്ക് നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കുന്നു. അവരുടെ തീരുമാനം മാറാനായി സമയം നല്‍കിയിരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല എന്നും പാര്‍ട്ടി നേതാവ് സി.എം രമേഷ് പറഞ്ഞു.വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്‍കുമെന്ന് മാത്രമല്ല, ടി.ഡി.പി സ്വന്തം നിലക്ക് മറ്റൊരു അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്നും വിവരമുണ്ട്. പാര്‍ട്ടി പൊളിറ്റ് ബ്യൂറോ ഏകകണ്ഠമായാണ് തീരുമനമെടുത്തതെന്നും രമേഷ് വ്യക്തമാക്കി. നേരത്തേ ടി.ഡി.പി മന്ത്രിമാര്‍ മോദി സര്‍ക്കാരില്‍ നിന്ന് രാജിവെച്ചിരുന്നു. എന്നാല്‍ എന്‍.ഡി.എ സഖ്യം വിട്ടിരുന്നില്ല. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കിക്കൊണ്ട് അധിക കേന്ദ്രസഹായം അനുവദിക്കണമെന്ന ആവശ്യവുമായി തുടര്‍ച്ചയായി ഒമ്പതു ദിവസം പാര്‍ലമന്റെ് സ്തംഭിപ്പിക്കുന്ന ആന്ധ്രപ്രദേശ് കക്ഷികള്‍ മോദിസര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുന്നത് ബി.ജെ.പി പാളയത്തില്‍ വലിയ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. 2014ലാണു ടിഡിപിയും ബി.ജെ.പിയും സഖ്യത്തിലായത്.

share this post on...

Related posts