ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 23ന് വോട്ടെണ്ണല്‍ മേയ് 23ന്

ന്യൂഡല്‍ഹി: ഏഴു ഘട്ടങ്ങളിലായി ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കുമെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഏപ്രില്‍ 11ന് തുടങ്ങുന്ന വോട്ടെടുപ്പ് മേയ് 19ന് അവസാനിക്കും. മേയ് 23ന് ആണ് വോട്ടെണ്ണല്‍. ഏപ്രില്‍ 23ന് മൂന്നാംഘട്ടത്തിലാണു കേരളത്തില്‍ തിരഞ്ഞെടുപ്പ്. ഏപ്രില്‍ 11, 18, 23, 29, മേയ് 6, 12, 19 തീയതികളിലായാണു ഏഴു ഘട്ടങ്ങള്‍.
ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോഴില്ല. മാര്‍ച്ച് 9 വരെ ഒഴിവുള്ള നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തും.
ഒന്നാംഘട്ടത്തില്‍ 91, രണ്ടാംഘട്ടത്തില്‍ 97, മൂന്നാംഘട്ടത്തില്‍ 115, നാലാംഘട്ടത്തില്‍ 71, അഞ്ചാംഘട്ടത്തില്‍ 51, ആറാംഘട്ടത്തില്‍ 59, ഏഴാം ഘട്ടത്തില്‍ 59 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടക്കുക.
പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. പതിനേഴാം ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 90 കോടി വോട്ടര്‍മാരാണു രാജ്യത്തുള്ളത്. 10 ലക്ഷം പോളിങ് സ്റ്റേഷനുകള്‍ തയാറാക്കും.
എല്ലാ പോളിങ് സ്റ്റേഷനുകളിലും വിവിപാറ്റ് ഉപയോഗിക്കും. വോട്ടിങ് യന്ത്രങ്ങള്‍ക്കു ജിപിഎസ് നിരീക്ഷണമുണ്ടാകും. രാജ്യത്ത് 8.43 കോടി പുതിയ വോട്ടര്‍മാരുണ്ട്. ഇതില്‍ 1.5 കോടി പേര്‍ 1819 വയസ്സുള്ളവരാണ്. പ്രശ്‌നബാധിത മേഖലയില്‍ കൂടുതല്‍ സുരക്ഷയൊരുക്കും. പരിസ്ഥിതിസൗഹൃദ തിരഞ്ഞെടുപ്പു പ്രചാരണം ഉറപ്പാക്കും.
കേരളമടക്കമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മൂന്നാം ഘട്ടമായ ഏപ്രില് 23നാണു വോട്ടെടുപ്പ്. ജൂണ്‍ മൂന്നിനാണു നിലവിലെ ലോക്‌സഭയുടെ കാലാവധി അവസാനിക്കുക. കഴിഞ്ഞ വര്‍ഷം ഒന്‍പതു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പാണ് ഇത്തവണ ഏഴിലേക്കു ചുരുങ്ങിയതെന്നു കമ്മിഷന്‍ അറിയിച്ചു.
പുതിയ വോട്ടര്‍മാര്‍ക്കു ടോള്‍ ഫ്രീ നമ്പര്‍ 1950. വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ചിത്രമുണ്ടാകും. വോട്ടു ചെയ്യാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം. ഉച്ചഭാഷിണി ഉപയോഗത്തിനു നിയന്ത്രണം. വോട്ടര്‍മാര്‍ക്കു പ്രത്യേക മൊബൈല്‍ ആപ് പ്രബല്യത്തിലുണ്ടാകും.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts