ഇന്ന് ചെറിയ പെരുന്നാള്‍

What-Is-Eid-Ul-Fitr-And-how-It-Is-Celebrated

What-Is-Eid-Ul-Fitr-And-how-It-Is-Celebrated

കോഴിക്കോട്: വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മവിശുദ്ധിയുമായി കേരള മുസ്‌ലിംകള്‍ വെള്ളിയാഴ്ച ഈദുല്‍ ഫിത്ര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കുന്നു. വ്രതം നല്‍കിയ ആത്മീയ കരുത്തും ദേഹേച്ഛയെ അതിജീവിക്കാനുള്ള ശേഷിയുമായാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. മസ്ജിദുകളിലും ഈദ്ഗാഹുകളിലും ഇന്ന് പ്രത്യേക നമസ്‌കാരങ്ങള്‍ നടന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍കാലാവസ്ഥ പ്രതികൂലമായതിനാല്‍ സംയുക്ത ഈദ്ഗാഹുകള്‍ പലയിടത്തും ഒഴിവാക്കിയിട്ടുണ്ട്. കൊച്ചി കടവന്ത്ര സലഫി ജുമാ മസ്ജിദില്‍ നടന്ന ഈദ് ഗാഹില്‍ ഇമാം മുഹമ്മദ് സുല്ലമി നമസ്‌ക്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കോഴിക്കോട് മര്‍കസ് പള്ളി, തടമ്പാട്ടുതാഴം ജുമ അത്ത് പള്ളി, പാളയം മുഹയുദ്ദീന്‍ പള്ളി എന്നിവിടങ്ങളിലാണ് പെരുന്നാള്‍ നമസ്‌കാരം നടന്നത്. തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ പാളയം ഇമാം വി പി സുഹൈബ് മൌലവിയുടെ നേതൃത്വത്തിലായിരുന്നു ഈദ് ഗാഹ്. മഴ മൂലം മിക്കയിടങ്ങളിലും പള്ളികളിലാണ് പെരുന്നാള്‍ നമസ്‌കാരം നടന്നത്.കേരളത്തിനൊപ്പം ഗള്‍ഫിലും ഇന്ന് തന്നെയാണ് പെരുന്നാളോഘോഷിക്കുന്നത്. റമദാന്‍ മാസം ഒന്നിച്ച് ആരംഭിച്ച് അനുഷ്ഠിച്ചതു പോലെ ഈദുല്‍ഫിത്തറും കേരളവും ഗള്‍ഫ് രാജ്യങ്ങളും ഒരേ ദിവസം ആഘോഷിക്കും. സൗദി, യു.എ.ഇ,ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് തുടങ്ങി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും വെള്ളിയാഴ്ചയാണ് ചെറിയപെരുന്നാള്‍.

Related posts