വഴുതന കൃഷിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വഴുതനയുടെ ജന്മദേശം ഇന്ത്യയാണെന്ന് കരുതപ്പെടുന്നു. പോഷകസമൃദ്ധവും, ഔഷധഗുണങ്ങളോടുകൂടിയതുമായ വഴുതന പാവങ്ങളുടെ തക്കാളി എന്നാണ് അറിയപ്പെടുന്നത്. പല്ലുവേദന, കരള്‍സംബന്ധമായ രോഗങ്ങള്‍, വാതം എന്നിവയ്ക്ക് വഴുതന ഉപയോഗപ്രദമാണെന്നു കരുതപ്പെടുന്നു. അടുക്കളത്തോട്ടത്തില്‍ വളരെയെളുപ്പത്തില്‍ കൃഷിചെയ്യാവുന്ന പച്ചക്കറി വിളകൂടിയാണ് വഴുതന. വിത്തുകള്‍ പാകി മുളപ്പിച്ച് പിന്നീട് തടങ്ങളിലേക്ക് പറിച്ചു നടേണ്ട വിളയാണ് വഴുതന. മെയ് -ജൂണ്‍, സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളാണ് വഴുതന നടുന്നതിന് അനുയോജ്യം. അതില്‍തന്നെ ഏപ്രില്‍ അവസാനം വിത്തുപാകി മെയ് ആദ്യം മാറ്റി നടുന്ന തൈകളാണ് ഏറ്റവും നല്ല വിളവ് തരുന്നത്. അടുക്കളത്തോട്ടത്തിലേക്ക് വഴുതന കൃഷിചെയ്യുമ്പോള്‍ വേനല്‍ക്കാലത്തു നടുന്നതാണ് നല്ലത്. ഒരു സെന്റ് സ്ഥലത്ത് കൃഷിചെയ്യാന്‍ രണ്ടു ഗ്രാം വിത്തുമതിയാകും. നല്ല നീര്‍വാര്‍ച്ചയുള്ള ഉയര്‍ന്ന തടത്തില്‍ തവാരണകള്‍ എടുത്ത് വിത്ത് മുളപ്പിച്ചെടുക്കാം. 25 ദിവസം പ്രായമായ തൈകള്‍ മാറ്റി നടാവുന്നതാണ്. തൈകള്‍ പറിച്ചു നടുന്നതിനുമുമ്പ് നന കുറയ്ക്കണം.
തൈകള്‍ പറിച്ചു നടുന്നതിനു മുമ്പ് കൃഷി സ്ഥലം നന്നായി ഇളക്കിമറിച്ച് കളകള്‍ പറിച്ചു കളഞ്ഞു വൃത്തിയാക്കണം. വേനല്‍ക്കാലത്ത് നടുമ്പോള്‍ വാരങ്ങള്‍ക്ക് പകരം ചാലുകള്‍ എടുത്ത് നടാവുന്നതാണ്. വൈകുന്നേരങ്ങളില്‍ തൈകള്‍ പറിച്ചുനടുന്നതാണ് നല്ലത്. നല്ല വെയിലുള്ളപ്പോള്‍ മൂന്നു-നാലു ദിവസം തണല്‍ കൊടുക്കാവുന്നതാണ്. വാരങ്ങള്‍ തമ്മില്‍ രണ്ടരയടിയും തൈകള്‍ തമ്മില്‍ 2 അടിയും ഇടയകലം നല്‍കണം. മാറ്റി നട്ട് 40-45 ദിവസത്തിനുശേഷം വിളവെടുപ്പ് തുടങ്ങാവുന്നതാണ്. അധികം മൂപ്പെത്താത്ത കായ്കള്‍ പറിച്ചാല്‍ കറിവയ്ക്കുമ്പോള്‍ രുചിയേറും. രാവിലെ വിളവെടുത്താല്‍ തൂക്കം കുറയില്ല എന്ന മെച്ചമുണ്ട്. മൂന്നുമാസത്തിലധികം വിളവെടുക്കാം.

share this post on...

Related posts