രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ഇ ശ്രീധരനും?; എന്‍ഡിഎയുടെ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ മെട്രോ മാന്റെ പേരും ഉള്ളതായി സൂചന

e sreedharan8
ന്യൂഡല്‍ഹി: എന്‍ഡിഎയുടെ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ മലയാളിയായ മെട്രോമാന്‍ ഇ.ശ്രീധരനും ഉള്ളതായി സൂചന. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് ഇക്കാര്യം റിപ്പോര്‍ട്ട്‌ െചയ്തിരിക്കുന്നത്. രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതുസമ്മതനായ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ചിരിക്കുന്ന മൂന്നംഗ സമിതി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇന്നു കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ശ്രീധരന്റെ പേരും സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചത്. അതേസമയം, രാഷ്ട്രപതിയാകാന്‍ യോഗ്യനല്ലെന്ന് ശ്രീധരന്‍ പ്രതികരിച്ചു. അത്തരമൊരു മോഹമില്ലെന്നും അദ്ദേഹം അറിയിച്ചു.

കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരന് സ്ഥാനം നല്‍കാതിരുന്നത് കേരളത്തില്‍ വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വേദിയില്‍ ഇരിക്കേണ്ടവരുടെ പട്ടികയില്‍ പ്രഥമസ്ഥാനത്തുതന്നെ ശ്രീധരനുണ്ടായിരുന്നെങ്കിലും, സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഓഫിസ് അദ്ദേഹത്തിന്റെ പേരുള്‍പ്പെടെ വെട്ടുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും സ്ഥലം എംഎല്‍എ പി.ടി. തോമസിനെയും വേദിയില്‍ ഇരിക്കേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. തുടര്‍ന്ന് ശ്രീധരനെയും പ്രതിപക്ഷനേതാവിനെയും ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നല്‍കുകയായിരുന്നു.

ഇതിനു പിന്നാലെയാണ്, ശ്രീധരനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ എന്‍ഡിഎ പദ്ധതിയിടുന്നുവെന്ന അഭ്യൂഹം ശക്തമായത്. അദ്ദേഹത്തെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനുമൊപ്പം അദ്ദേഹം വേദി പങ്കിടുന്നതിലെ അനൗചിത്യം പരിഗണിച്ചാണ് വേദിയിലിരിക്കേണ്ടവരുടെ പട്ടകയില്‍നിന്ന് പേര് വെട്ടിയതെന്നാണ് വിലയിരുത്തല്‍. അതേസമയം, ശ്രീധരനെപ്പോലെ തീര്‍ത്തും രാഷ്ട്രീയേതരമായ ഒരു മുഖം രാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി അവതരിപ്പിക്കുമോ എന്ന സന്ദേഹവും രാഷ്ട്രീയവൃത്തങ്ങളിലുണ്ട്.

കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്‌നാഥ് സിങ്, അരുണ്‍ ജയ്റ്റ്‌ലി എന്നിവരാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട് മുന്നണിയിലും പ്രതിപക്ഷത്തുമുള്ള പാര്‍ട്ടികളുമായി ചര്‍ച്ചയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന ബിജെപി സമിതിയിലുള്ളത്. കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ ബിജെപി പട്ടികയിലുണ്ടെങ്കിലും ആരാകും സ്ഥാനാര്‍ഥിയെന്ന കാര്യത്തില്‍ ഇനിയും അന്തിമതീരുമാനമായിട്ടില്ല. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മുവും സാധ്യതാപട്ടികയിലുണ്ടെങ്കിലും, പ്രകടമായ ബിജെപി ചായ്വുള്ള ഇവരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അംഗീകരിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്.

ഐക്യപ്രതിപക്ഷ നിരയുടെ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ശരദ് പവാറുമായി ബിജെപിയുടെ സമിതിയംഗമായ വെങ്കയ്യ നായിഡു ഇന്നലെ ഫോണില്‍ ചര്‍ച്ച നടത്തി. ഇരുവരും ഉടന്‍ നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. അതേസമയം, ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിനു പിന്തുണയേറുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യം ഫലത്തില്‍ സുഷമ സ്വരാജിന് അനുകൂലമായി മാറുകയാണ്.

ശിവസേനയുമായും പ്രതിപക്ഷ നിരയിലെ ജനതാദള്‍ (യു) നേതൃത്വവുമായും സുഷമ സ്വരാജിനുള്ള വ്യക്തിപരമായ അടുപ്പം വിജയം ഉറപ്പാക്കാന്‍ സഹായിക്കുമെന്നാണു പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പു സുഷമ സ്വരാജിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്നു ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. മഹാത്മാഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ പ്രതിപക്ഷം തയാറെടുക്കുന്ന പശ്ചാത്തലത്തില്‍ എന്‍ഡിഎ പ്രബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കില്‍ വിജയം ഉറപ്പിക്കാനാകില്ലെന്ന ആശങ്കയും ബിജെപി നേതൃത്വത്തിനുണ്ട്. ആര്‍എസ്എസ് നേതൃത്വവും സുഷമ സ്വരാജിനെ സ്ഥാനാര്‍ഥിയാക്കണമെന്ന താല്‍പര്യം ബിജെപി നേതൃത്വത്തെ ധരിപ്പിച്ചിരുന്നു.

മഹാരാഷ്ട്ര സന്ദര്‍ശനത്തിനായി ഇന്നു മുംൈബയിലെത്തുന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുമായി നടത്തുന്ന ചര്‍ച്ച സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും. കഴിഞ്ഞ രണ്ടു രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലും ശിവസേന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കാണു വോട്ടു ചെയ്തത്. ബിജെപിക്കുള്ളിലെ അവഗണനയില്‍ അസംതൃപ്തനായി കഴിയുന്ന മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയെ അനുനയിപ്പിക്കുന്നതിനും സുഷമ സ്വരാജിന്റെ സ്ഥാനാര്‍ഥിത്വം പ്രയോജനപ്പെട്ടേക്കും. പ്രതിസന്ധിഘട്ടങ്ങളിലും അഡ്വാനി പക്ഷത്ത് ഉറച്ചുനിന്ന സുഷമയുടെ സ്ഥാനാര്‍ഥിത്വത്തിന് അഡ്വാനിയുടെ ആശീര്‍വാദമുണ്ടാകും.

രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള പാര്‍ലമെന്ററി ബോര്‍ഡ് യോഗവും പ്രഖ്യാപനവും 23നകം നടക്കുമെന്നാണു സൂചന. ബിജെപിയുടെ പരമോന്നത സമിതിയായ പാര്‍ലമെന്ററി ബോര്‍ഡിലെ 12 അംഗങ്ങളില്‍ സുഷമയുടെ സ്ഥാനാര്‍ഥിത്വത്തെ ശക്തമായി പിന്തുണയ്ക്കുന്നവര്‍ അഞ്ചു പേരുണ്ട്. സുഷമ സ്വരാജ് ഉള്‍പ്പെടുന്ന ബോര്‍ഡില്‍ രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, അനന്ത്കുമാര്‍, ശിവരാജ് സിങ് ചൗഹാന്‍, റാംലാല്‍ എന്നിവര്‍ സുഷമയെ പിന്തുണയ്ക്കുന്നവരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, അരുണ്‍ ജയ്റ്റ്‌ലി, വെങ്കയ്യ നായിഡു, തവര്‍ചന്ദ് ഗെലോട്ട്, ജെ.പി.നഡ്ഡ എന്നിവരാണു ബോര്‍ഡിലെ മറ്റംഗങ്ങള്‍.

പ്രതിപക്ഷം ഉള്‍പ്പെടെയുള്ള കക്ഷികളുമായി ചര്‍ച്ചയ്ക്കു നിയോഗിക്കപ്പെട്ടിരിക്കുന്ന മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് അടുത്തയാഴ്ച ചേരുന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചചെയ്ത ശേഷമാകും സ്ഥാനാര്‍ഥി പ്രഖ്യാപനം. മഹാരാഷ്ട്ര സന്ദര്‍ശനം കഴിഞ്ഞ് അമിത് ഷാ 19നു ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ശേഷമാകും അന്തിമഘട്ട ചര്‍ച്ചകള്‍.

share this post on...

Related posts