
മലയാളി പ്രേക്ഷകരുടെ പ്രിയ യുവനായകനാണു ദുൽഖർ സൽമാൻ. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിർമാണ കമ്പനിയായ ‘വേഫെറർ ഫിലിംസ്’ വിതരണരംഗത്തും സാന്നിധ്യമറിയിക്കുവാൻ ഒരുങ്ങുകയാണ്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ എന്നിവയാണ് ദുൽഖറിന്റെ നിർമാണത്തിൽ പ്രദർശനത്തിനെത്തിയ ചിത്രങ്ങൾ.

അതേസമയം കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ‘കുറുപ്പ്’, ഷൈൻ ടോം ചാക്കോ നായകനാകുന്ന ‘അടി’, ബോബി – സഞ്ജയ് കൂട്ടുകെട്ട് തിരക്കഥ ഒരുക്കുന്ന ദുൽഖറിന്റെ ആദ്യ പോലീസ് റോളിലുള്ള റോഷൻ ആൻഡ്രൂസ് ചിത്രം എന്നിവയാണ് ദുൽഖറിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ. മാത്രമല്ല അരുൺ വൈഗ സംവിധാനം ചെയ്യുന്ന ‘ഉപചാരപൂർവ്വം ഗുണ്ട ജയൻ’ വിതരണം ചെയ്തു കൊണ്ടാണ് വേഫെറർ ഫിലിംസ് ആദ്യമായി വിതരണ രംഗത്തേക്ക് കടക്കുന്നത്. ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രങ്ങളും വേഫെറർ തന്നെയാണ് തീയേറ്ററുകളിൽ എത്തിക്കുന്നത്. സിജു വിൽസൺ, സൈജു കുറുപ്പ്, ഷറഫുദ്ധീൻ എന്നിവർ നായകന്മാരാകുന്ന ഈ ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്.