കുഞ്ഞിന്റെ ഫോട്ടോ എടുക്കരുത്; അഭ്യർത്ഥനയുമായി അനുഷ്കയും വിരാടും!

ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയ്ക്കും ബോളിവുഡ് താരസുന്ദരി അനുഷ്ക ശർമ്മയ്ക്കും ആദ്യത്തെ കൺമണി ജനിച്ചത് തിങ്കളാഴ്ചയാണ്. സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. തങ്ങളുടെ പ്രിയ താരങ്ങളുടെ മകളെ കാണാനായും അവളുടെ പേര് അറിയാനുമായി ആരാധകർ കാത്തിരിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ മാധ്യമങ്ങൾക്കൊരു മുന്നറിയിപ്പും അറിയിപ്പുമായി എത്തിയിരിക്കുകയാണ് വിരുഷ്ക ദമ്പതികൾ. തങ്ങളുടെ മകളുടെ ചിത്രങ്ങൾ പകർത്തരുതെന്നാണ് വിരാടും അനുഷ്കയും അഭ്യർത്ഥിക്കുന്നത്. ഞങ്ങൾക്ക് ഇതുവരെ നൽകിയ സ്നേഹത്തിന് നന്ദി. ഈ സന്തോഷ നിമിഷം നിങ്ങൾക്കൊപ്പം ആഘോഷിക്കാൻ ഞങ്ങൾക്ക് സന്തോഷമുണ്ട്. എന്നാൽ രക്ഷിതാക്കൾ എന്ന നിലയിൽ ഞങ്ങൾക്ക് നിങ്ങളോടൊരു അഭ്യർത്ഥനയുണ്ട്. ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കണം.

അതിന് നിങ്ങളുടെ സഹായം വേണം എന്നായിരുന്നു ഇരുവരും പ്രസ്താവനയിലൂടെ അറിയിച്ചത്. മുംബെെയിലെ മാധ്യമങ്ങളോടാണ് വിരാടും അനുഷ്കയും അഭ്യർത്ഥന നടത്തിയത്. ഞങ്ങളെ കുറിച്ച് പ്രസിദ്ധീകരിക്കാനുള്ള കണ്ടന്റ് നിങ്ങൾക്ക് എപ്പോഴും ലഭിക്കുമെന്ന് ഉറപ്പ് തരുന്നു. എങ്കിലും ഞങ്ങളുടെ കുട്ടിയുടെ ചിത്രങ്ങൾ പകർത്തരുത്. എന്നായിരുന്നു വിരാടും അനുഷ്കയും അഭ്യർത്ഥിച്ചത്. എന്തുകൊണ്ടാണ് തങ്ങളിത് പറയുന്നതെന്ന് നിങ്ങൾക്ക് മനസിലാകുമെന്നാണ് കരുതുന്നതെന്നും ഇരുവരും പത്രക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ദിവസം വിരുഷ്കയുടെ കൺമണിയുടെ ആദ്യ ചിത്രം പുറത്ത് വന്നിരുന്നു. കുടുംബത്തിലെ പുതിയ അംഗത്തിന്റെ ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകർക്കുള്ള സമ്മാനം നൽകിയത് വിരാടിന്റെ സഹോദരൻ വികാസ് കോഹ്ലിയായിരുന്നു. ബ്ലാങ്കെറ്റിൽ പൊതിഞ്ഞിരിക്കുന്ന കുഞ്ഞിന്റെ കാലുകളുടെ ചിത്രമാണ് വികാസ് പങ്കുവച്ചിരിക്കുന്നത്. പിന്നാലെ ചിത്രം സോഷ്യൽ മീഡിയയിൽ വെെറലായി മാറുകയായിരുന്നു.

Related posts