ഫോറം ഫോര്‍ ഡയബറ്റിസിന്റെ നേതൃത്തത്തില്‍ പ്രമേഹരോഗ വിദഗ്ധന്മാരുടെ സമ്മേളനം നടന്നു

IMG-20181104-WA0022

പ്രമേഹരോഗ വിദഗ്ധന്മാരുടെ സമ്മേളനം കോഴിക്കോട് ഹോട്ടല്‍ ഹൈസണില്‍ വെച്ച് നടത്തി. കലിക്കറ്റ് ഫോറം ഫോര്‍ ഡയബറ്റിസിന്റെ ആഭിമുഖ്യത്തിലാണ് സമ്മേളനം നടന്നത്. ഒരു ദിവസത്തെ സമ്മേളനത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധന്മാര്‍ ക്ലാസെടുത്തു. സമ്മേളനം IMA ജില്ലാ പ്രസിഡണ്ട് ഡോക്ടര്‍ വിജയറാം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡോക്ടര്‍ നീരജ് മാണിക്കത്ത്, ഡോക്ടര്‍ സിജു കുമാര്‍ സംസാരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോക്ടര്‍ തുളസീധരന്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോക്ടര്‍ ചാന്ദിനി, മലബാര്‍ മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോക്ടര്‍ ഉദയഭാസ്‌കരന്‍, കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലെ പ്രമേഹ രോഗ വിഭാഗം തലവന്‍ ഡോക്ടര്‍ വെംഗോ ജയപ്രസാദ്, പ്രശസ്ത എന്‍ഡോക്രിനോളജിസ്റ്റ് ഡോക്ടര്‍ ബോബി മാത്യു, ഡോക്ടര്‍ ജീവന്‍ ജോസഫ്, ഡോക്ടര്‍ വിജയകുമാര്‍ ഡോക്ടര്‍ ഗായത്രി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഈയിടെ ഏറെ പ്രചാരം നേടിയിരിക്കുന്ന എല്‍ സി എച്ച് എഫ് അഥവാ കീറ്റോ ഡയറ്റ് ഗുണദോഷങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തി. അന്നജം പൂര്‍ണമായും ഒഴിവാക്കി കൊഴുപ്പ് കൂടിയ ആഹാരങ്ങള്‍ തെരഞ്ഞെടുക്കുന്നവരില്‍ പെട്ടന്ന് തന്നെ ശരീരഭാരത്തിലും രക്തത്തിലെ പഞ്ചസാരയുടെ അളവിലും കുറവ് ഉണ്ടാകുന്നുണ്ടെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഗുണകരമല്ലെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല ഇവരില്‍ പല തരത്തിലുള്ള രോഗങ്ങളുടെ സാധ്യതയും പെട്ടെന്ന് മരണ പെടാനുള്ള സാധ്യതയും കൂടുതലാണ് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കുടല്‍ സംബന്ധമായ കാന്‍സറുകള്‍ സ്തനാര്‍ബുദം, എല്ല് തേയ്മാനം ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവ അമിതമായി കൊഴുപ്പ് കഴിക്കുന്ന ആളുകളില്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. മലയാളികള്‍ പൊതുവേ അന്നജം വളരെ കൂടുതല്‍ അളവില്‍ കഴിക്കുന്നവരാണ്. ഇവര്‍ അന്നജത്തിന്റെ ശതമാനം മിത പെടുത്തി കൂടുതല്‍ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. അതായിരിക്കും ഏറ്റവും ആരോഗ്യകരമായ ഭക്ഷണരീതി. താല്‍ക്കാലികം ഉണ്ടാകുന്ന ഭാരക്കുറവും രക്തത്തിലെ ഷുഗര്‍ നിയന്ത്രണവും പ്രതീക്ഷിച്ച് ദീര്‍ഘകാല അടിസ്ഥാനത്തില്‍ അമിതമായ കൊഴുപ്പ് ഭക്ഷിക്കുന്നത് അപകടകരമായ ഫലമായിരിക്കും ഉണ്ടാക്കുക.

പ്രമേഹ രോഗ ചികിത്സയില്‍ വളരെ പ്രധാനമാണ് പാദ സംരക്ഷണം. പലപ്പോഴും രോഗികള്‍ മാത്രമല്ല ചികിത്സിക്കുന്ന ഡോക്ടര്‍മാരും അവഗണിക്കുന്ന ഒരു ഭാഗമാണ് ഇത്. കൃത്യമായ പരിശോധനയുടെയും ചികിത്സയുടെയും അഭാവം പലപ്പോഴും രോഗികളില്‍ അംഗവൈകല്യം സംഭവിക്കുന്ന അവസ്ഥയിലെത്തിക്കുന്നു. മെഡിക്കല്‍ കോളേജില്‍ നിരവധി വര്‍ഷങ്ങളായി പ്രമേഹരോഗികളുടെ പാദസംരക്ഷണത്തിന്റെ ചുമതല നിര്‍വഹിക്കുന്ന ഡോക്ടര്‍ ചാന്ദിനി അഭിപ്രായപ്പെട്ടു.

പ്രമേഹത്തില്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിലും പ്രധാനമാണ് പഞ്ചസാര കുറഞ്ഞുപോകുന്ന അവസ്ഥ അഥവാ ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയെക്കുറിച്ച് മനസ്സിലാക്കാനും അത് തടയലും. പലപ്പോഴും ഡോക്ടര്‍മാരും രോഗികളും ഷുഗര്‍ കുറയാന്‍ വേണ്ടി അധ്വാനിക്കുംപോള്‍ ഈ ഭാഗം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. എന്നാല്‍ ഹൈപ്പോഗ്ലൈസീമിയ ശരീരത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. ഇതില്‍ ഹൃദയാഘാതം മുതല്‍ മസ്തിഷ്‌ക ക്ഷയം ഡിമന്‍ഷ്യ തുടങ്ങിയവയും ഉള്‍പ്പെടുന്നു. ഹൈപ്പോഗ്ലൈസീമിയ തിരിച്ചറിയാനും പെട്ടന്ന് തന്നെ വീട്ടില്‍ വച്ച് ചികിത്സ കൊടുക്കാനും രോഗികളെ പരിചരിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ടൈപ്പ് വണ്‍ പ്രമേഹരോഗികളില്‍ 10% വരെ മരണപ്പെടുന്നത് ഷുഗര്‍ കുറഞ്ഞു പോകുന്നത് ശ്രദ്ധയില്‍പ്പെടാത്ത തുകൊണ്ടാണ്.

പ്രമേഹരോഗികളില്‍ ലൈംഗികപ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഉദ്ധാരണ ശേഷി ഇല്ലായ്മ ഇപ്പോള്‍ ചെറിയ പ്രായത്തില്‍പോലും സര്‍വ്വസാധാരണം ആകുന്നു. ഏറ്റവും പ്രധാനകാരണം അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദം, പുകവലി എന്നിവയാണ്. ഈ ലക്ഷണങ്ങള്‍ കാണുന്ന ആളുകളില്‍ ഹൃദ്രോഗം പെട്ടെന്നുതന്നെ ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. പുറത്ത് പറയാനുള്ള മടി കാരണം പലപ്പോഴും ആളുകള്‍ അവഗണിക്കുന്നു. കൃത്യസമയത്ത് കണ്ടെത്തുകയും നേരത്തെ തന്നെ ചികിത്സ തേടുകയും ചെയ്താല്‍ ഫലവും അനുകൂലമായിരിക്കും.

പ്രമേഹം കണ്ടെത്തുകയും ചികിത്സയും ചെയ്യുന്ന ഡോക്ടര്‍മാര്‍ ചിലപ്പോള്‍ മറ്റു രോഗങ്ങളുടെ ലക്ഷണമായി രക്തത്തില്‍ ഉയര്‍ന്ന കാണുന്ന പഞ്ചസാരയെ തെറ്റിദ്ധരിക്കാന്‍ സാദ്ധ്യതയുണ്ട്. പിറ്റിയൂട്ടറി അഡ്രിനല്‍ തുടങ്ങിയ ഗ്രന്ഥികളുടെ അസുഖം കാരണം രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയര്‍ന്ന് കാണാം. ഇവിടെ അത്തരം രോഗങ്ങള്‍ കണ്ടെത്തുകയും ചികിത്സിക്കുകയും ആണ് ഷുഗറിന് വേണ്ടി ചികിത്സിക്കുന്നതിനേക്കാള്‍ പ്രധാനം. ഇത്തരം രോഗങ്ങള്‍ സംശയിക്കുന്നവരെ അതിനുവേണ്ടി പ്രത്യേക പരിശോധനകള്‍ ചെയ്തു പ്രമേഹത്തിന് പിറകില്‍ മറ്റു രോഗങ്ങള്‍ അല്ല എന്ന് തീരുമാനിക്കേണ്ടത് അത്യാവശ്യമാണ്. പ്രമേഹം കണ്ടെത്തുകയും ചികിത്സിക്കുകയും എല്ലാം ചെയ്യുന്നതോടൊപ്പം പ്രമേഹം വരാതിരിക്കാനുള്ള നടപടികള്‍ കൈകൊള്ളുക എന്നത് പലപ്പോഴും വിസ്മരിക്കപ്പെടുന്നു. ആരോഗ്യകരമായ ഭക്ഷണരീതി, വ്യായാമം തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമാകാതെ പ്രമേഹമെന്ന വിപത്തില്‍ നിന്ന് നമ്മുടെ നാടിന് കര കയറാന്‍ സാധിക്കില്ല. ആരോഗ്യകരമായ ജീവിത രീതിയിലൂടെ പ്രമേഹം തടയാനും ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ പ്രമേഹം ചികിത്സിക്കാനും സമ്മേളനത്തില്‍ പങ്കെടുത്ത വിദഗ്ധര്‍ ആഹ്വാനം ചെയ്തു. മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തിയ ക്വിസ് മത്സരത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളായ ആഷികും അശ്വതിയും ഒന്നാംസ്ഥാനം നേടി.

share this post on...

Related posts