വിക്രത്തിന്റെ മകന്‍ ധ്രുവ് വിക്രത്തിന്റെ അരങ്ങേറ്റചിത്രം ‘വര്‍മ’ റിലീസ് ചെയ്യേണ്ടെന്ന് നിര്‍മ്മാതാക്കള്‍

വിക്രത്തിന്റെ മകന്‍ ധ്രുവ് വിക്രത്തിന്റെ അരങ്ങേറ്റചിത്രം ആകേണ്ടിയിരുന്ന തമിഴ് ചിത്രം ‘വര്‍മ’ റിലീസ് ചെയ്യേണ്ടെന്ന് നിര്‍മ്മാതാക്കളുടെ തീരുമാനം. ചിത്രത്തിന്റെ ഫൈനല്‍ കോപ്പിയില്‍ തങ്ങള്‍ തൃപ്തരല്ലെന്നും അതിനാല്‍ ചിത്രം റിലീസ് ചെയ്യുന്നില്ലെന്നും നിര്‍മ്മാതാക്കളായ ഇ 4 എന്റര്‍ടെയ്ന്‍മെന്റ്ാണ് വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടത്. തെലുങ്കില്‍ വന്‍ വിജയം നേടിയ 2017 ചിത്രം ‘അര്‍ജ്ജുന്‍ റെഡ്ഡി’യുടെ തമിഴ് ഒഫിഷ്യല്‍ റീമേക്ക് ആയിരുന്നു ‘വര്‍മ’. തെലുങ്കില്‍ വിജയ് ദേവരകൊണ്ട അവതരിപ്പിച്ച നായക കഥാപാത്രത്തെ തമിഴ് റീമേക്കില്‍ അവതരിപ്പിച്ചത് ധ്രുവ് വിക്രം ആയിരുന്നു.

സേതുവും പിതാമഹനും നാന്‍ കടവുളുമൊക്കെയൊരുക്കിയ ബാലയായിരുന്നു ‘വര്‍മ’യുടെ സംവിധായകന്‍. തെലുങ്ക് ഒറിജിനല്‍ ആയിരുന്ന ‘അര്‍ജ്ജുന്‍ റെഡ്ഡി’യുടെയും നിര്‍മ്മാതാക്കളായിരുന്നു ഇ 4 എന്റര്‍ടെയ്ന്‍മെന്റ്. എന്നാല്‍ ചിത്രത്തിന്റെ തമിഴ് റീമേക്കിന് ബി സ്റ്റുഡിയോസ് എന്ന മറ്റൊരു സ്ഥാപനവുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. സിനിമ പൂര്‍ത്തിയാക്കി ഫൈനല്‍ കോപ്പി കൈമാറുക എന്നതായിരുന്നു കരാറെന്ന് ഇ 4 എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അവര്‍ കൈമാറിയ ഫൈനല്‍ കോപ്പിയില്‍ തങ്ങള്‍ തൃപ്തരല്ലെന്നും.


‘വര്‍മ’ എന്ന് പേരിട്ടിരുന്ന ‘അര്‍ജ്ജുന്‍ റെഡ്ഡി’യുടെ തമിഴ് റീമേക്കിനുവേണ്ടി ബി സ്റ്റുഡിയോസുമായി ഇ 4 എന്റര്‍ടെയ്ന്‍മെന്റ് കരാറില്‍ ഏര്‍പ്പെട്ടിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കി ചിത്രത്തിന്റെ ഫൈനല്‍ കോപ്പി കൈമാറുക എന്നതായിരുന്നു കരാര്‍. ഇതുപ്രകാരം ഞങ്ങള്‍ക്ക് ലഭിച്ച ഫൈനല്‍ കോപ്പിയില്‍ ഞങ്ങള്‍ ഒട്ടും സന്തുഷ്ടരല്ല. ക്രിയേറ്റീവ് ആയതും അല്ലാത്തതുമായ കാരണങ്ങളാല്‍ ഇപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ പതിപ്പ് റിലീസ് ചെയ്യേണ്ടെന്നാണ് ഞങ്ങളുടെ തീരുമാനം. പകരം ഞങ്ങള്‍ ആദ്യം മുതല്‍ വീണ്ടും തുടങ്ങും. ഒറിജിനലിന്റെ ആത്മാവിനോട് നീതി പുലര്‍ത്തുന്ന ഒരു പുതിയ തമിഴ് റീമേക്ക് ഞങ്ങള്‍ ചിത്രീകരിക്കും. ധ്രുവ് തന്നെയായിരിക്കും നായകന്‍. മറ്റ് അഭിനേതാക്കളെയും സംവിധായകന്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദഗ്ധരെയും സംബന്ധിച്ച വിവരങ്ങള്‍ വൈകാതെ പുറത്തുവിടും. ഞങ്ങള്‍ക്ക് ഏറെ നഷ്ടമുണ്ടാക്കിയ ഈ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്ക് ശേഷവും ഞങ്ങള്‍ക്ക് ഈ ചിത്രം തമിഴില്‍ പുറത്തിറക്കണമെന്ന് തന്നെയാണ്. അതിനാല്‍ പുതിയ ചിത്രം ഈ വര്‍ഷം ജൂണില്‍ റിലീസ് ചെയ്യാന്‍ പാകത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. ഈ യാത്രയില്‍ നിങ്ങളുടെ എല്ലാവിധ പിന്തുണയും അനുഗ്രഹവും വേണം..’

ഇ 4 എന്റര്‍ടെയ്ന്‍മെന്റ്


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts