ഡെല്‍റ്റ പ്ലസ് ആശങ്ക തുടരുന്നു; രണ്ടാം തരംഗം അവസാനിച്ചില്ലെന്ന് കേന്ദ്രം, യോഗം വിളിച്ച് മോദി

ന്യൂഡൽഹി: കൊവിഡിന്റെ ഗുരുതര വകഭേദങ്ങങ്ങളുടെ വ്യാപനത്തില്‍ ആശങ്കയറിയിച്ച് കേന്ദ്രം. ആദ്യം ഇന്ത്യയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദമായ ഡെല്‍റ്റയും, ഡെല്‍റ്റയ്ക്ക് വീണ്ടും വകഭേദം സംഭവിച്ച് ഉണ്ടായ ഡെല്‍റ്റ പ്ലസുമാണ് ഇപ്പോള്‍ രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നത്. രണ്ടാം തരംഗത്തില്‍ തീവ്ര വ്യാപനമുണ്ടാവാനുള്ള പ്രധാന കാരണം ഡെല്‍റ്റ വകഭേദമായിരുന്നു. നിലവില്‍ 174 ജില്ലകളില്‍ ഡെല്‍റ്റ വകഭേദം ബാധിച്ച രോഗികള്‍ ഉണ്ട്. ഇതുവരെ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത് 50 പേരിലാണ്. അഞ്ഞൂറോളം ജില്ലകളിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാണെങ്കിലും രണ്ടാം തരംഗം അവസാനിച്ചെന്ന് പറയാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. 75 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും പത്ത് ശതമാനത്തിലധികമാണ്. വാക്സിന്‍ വിതരണം കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായി സംസ്ഥാനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് വിവരിച്ച ഉദ്യോഗസ്ഥരോട് ഇക്കാര്യത്തില്‍ എന്‍ജിഒകളെയും മറ്റു സംഘടനകളെയും ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു.
ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയ കേരളമുള്‍പ്പടെയുള്ള 11 സംസ്ഥാനങ്ങളോട് വകഭദം കണ്ടെത്തിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48698 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.1183 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു. പോസിറ്റിവിറ്റി നിരക്ക് 2.97 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 31 കോടിയിലധികം ഡോസ് വാക്‌സീന്‍ വിതരണം ചെയ്തു. കൊവിഷീല്‍ഡും, കൊവാക്‌സീനും കൊവിഡിന്റെ ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കുമെന്ന് ഇന്നലെ ആരോഗ്യ മന്ത്രാലയം പറഞ്ഞു. കൊവാക്‌സീന്റെ കുട്ടികളിലെ പരീക്ഷണം നടത്താനുള്ള അനുമതിക്കായി ഡസിജിഐ യെ സമീപിക്കുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. കൊവാക്‌സീന്റെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ നീക്കം. ഇതിനിടെ വാക്‌സീന്‍ വിതരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി അവലോകനയോഗം വിളിച്ചു ചേര്‍ത്തു.
രാജ്യത്ത് 16 ജില്ലകളില്‍ 45 വയസ്സില്‍ കൂടുതല്‍ പ്രായമുളള 90 ശതമാനം പേരും വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. 128 ജില്ലകളില്‍ 45 വയസ്സിന് മുകളില്‍ പ്രായമുളള അമ്പതുശതമാനം പേരും വാക്സിന്‍ സ്വീകരിച്ചു. വാക്സിന്‍ വിതരണത്തിലെ വേഗതയില്‍ സംതൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി വരും ആഴ്ചകളിലും ഇതേ വേഗത തുടര്‍ന്ന് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടു.

Related posts