ഡല്‍ഹി ഹോട്ടലിലുണ്ടായ തീപിടുത്തം: 17 മരണം, 66 പേര്‍ക്കു പൊള്ളലേറ്റു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ കൊച്ചി സ്വദേശി ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. ചോറ്റാനിക്കര സ്വദേശി ജയശ്രീ (53) ആണു മരിച്ചത്. ഗാസിയാബാദില്‍ വിവാഹച്ചടങ്ങിനായെത്തിയതായിരുന്നു ജയശ്രീ. 13 അംഗസംഘത്തിലെ രണ്ടു പേരെ കാണാനില്ല. ജയശ്രീയുടെ അമ്മ നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വിവാഹം കഴിഞ്ഞ് ഇന്നു മടങ്ങാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. 66 പേര്‍ക്കു പൊള്ളലേറ്റു. പലരുടേയും നില ഗുരുതരമാണ്.

കരോള്‍ബാഗിലെ അര്‍പിത് പാലസ് ഹോട്ടലില്‍ പുലര്‍ച്ചെയാണു തീപിടിത്തമുണ്ടായത്. സ്ത്രീയും കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തീപിടിത്തം കണ്ട് ഭയപ്പെട്ട് താഴേക്കു ചാടിയതാണു രണ്ടു പേര്‍ മരിക്കാന്‍ കാരണം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഹോട്ടലിന്റെ നാലാം നിലയിലാണ് തീ ആദ്യം കണ്ടതെന്ന് ഡല്‍ഹി അഗ്‌നിശമനസേന ഡയറക്ടര്‍ ജി.സി.മിശ്ര പറഞ്ഞു. രണ്ടാം നിലവരെയും തീ പടര്‍ന്നിരുന്നു. രാവിലെ ഏഴു മണിവരെയും ഹോട്ടലിന്റെ മുകളിലെ നിലയില്‍നിന്നും കനത്ത പുകയും തീയും ഉയര്‍ന്നിരുന്നു. ഇരുപതോളം ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ചാണ് തീയണച്ചത്. ഹോട്ടലിന്റെ സ്‌റ്റെപ്പുകളില്‍ വുഡന്‍ പാനലിങ് ചെയ്തിരുന്നതിനാല്‍ അതിലേക്കു തീ പടര്‍ന്നതാണു സ്ഥിതി ഗുരുതരമാക്കിയത്. പുലര്‍ച്ചെയാണ് തങ്ങള്‍ക്കു വിവരം ലഭിച്ചതെന്നും അതനികം തന്നെ തീപടര്‍ന്നിരുന്നുവെന്നും മിശ്ര വ്യക്തമാക്കി. തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണു പ്രാഥമിക നിഗമനം.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts