ഡയറിഫാമില്‍ തുടക്കക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Dairy-Farming-Business-Plan.

കേന്ദ്രീകൃത പശുപരിപാലനം അഥവാ ഡയറി ഫാമിംഗ് ഏ് തരക്കാര്‍ക്കും സ്വീകരിക്കാവുന്ന തൊഴിലാണ്. വിലസ്ഥിരതയും വിപണിയുമുളള ഏക കാര്‍ഷിക ഉത്പന്നമാണ് പാല്‍. മത്സരം നേരിടാത്ത ഒരു സംരംഭവും പശുപരിപാലനം തന്നെ. ഏത് ബിസിനസിനെപ്പോലെയും ആസൂത്രണവും ഏകോപനവും ഡയറിഫാമിന്റെ നടത്തിപ്പിന് ആവശ്യമാണ്. ലാഭവും അധ്വാനത്തിന് സംതൃപ്തിയും കിട്ടുന്നതിന് ഇത് അത്യാവശ്യമാണ്.

ഡയറിഫാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. പരിശീലനം: ഫാം തുടങ്ങുന്നതിനുളള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുകയാണ് ആദ്യം വേണ്ടത്. ഇതിനുശേഷം പരിശീലനവും ഫാം സന്ദര്‍ശനങ്ങളും ആവശ്യമാണ്. പരിശീലനത്തിന് ക്ഷീരവികസന വകുപ്പിന്റെ പരിശീലന കേന്ദ്രങ്ങളെ സമീപിക്കാം. ശാസ്ത്രീയമായ പശുപരിപാലനത്തിലും ക്ഷീരോത്പന്ന നിര്‍മാണത്തിനും ഇവര്‍ സഹായിക്കും. വിജയകരമായി പ്രവര്‍ത്തിക്കുന്ന ഫാമുകള്‍ സന്ദര്‍ശിച്ച് പ്രായോഗിക അറിവുകള്‍ നേടുകയാണ് അടുത്ത ഘട്ടം. സന്ദര്‍ശനത്തില്‍ ഓരോ ഫാമിന്റെയും നേട്ടങ്ങളും കോട്ടങ്ങളും മനസിലാക്കണം. നല്ല വശങ്ങള്‍ പ്രാവര്‍ത്തികമാക്കണം. ഫാം വിജയകരമായി നടത്തുന്നതിനുളള ആശയങ്ങള്‍ക്ക് വ്യക്തത ഉണ്ടാക്കണം. മില്‍മയും മൃഗസംരക്ഷണവകുപ്പും പരിശീലനകേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്.
2. സാമ്പത്തികം:- പ്രായോഗികമായ ആശയമുളള പദ്ധതി രേഖ സമര്‍പ്പിക്കുകയാണ് അടുത്തഘട്ടം. ഇങ്ങനെ സമര്‍പ്പിക്കപ്പെട്ട പദ്ധതികള്‍ക്ക് നബാര്‍ഡിന്റെ മാനദണ്ഡ പ്രകാരം മിക്കദേശസാല്‍കൃത ബാങ്കുകളും കാര്‍ഷികവികസന ബാങ്കുകളും സബ്‌സിഡിയോടു കൂടിയ വായ്പ നല്‍കുന്നുണ്ട്. ക്ഷീര വികസനവകുപ്പ് മില്‍ക്ക് ഷെഡ് വികസന പദ്ധതി പ്രകാരവും ഫാമുകള്‍ തുടങ്ങുന്നതിനുളള ധനസഹായം നല്‍കുന്നുണ്ട്. ഭൗതിക സാഹചര്യങ്ങള്‍ക്ക് അനിയന്ത്രിതമായി പണം ചെലവാക്കരുത്.
3. തൊഴുത്ത്:- ഗതാഗത സൗകര്യം, വെള്ളം, വൈദ്യുതി എന്നിവ ലഭിക്കുന്ന സ്ഥലമാണ് തൊഴുത്തിനനുയോജ്യം. വെളളം കെട്ടിനില്‍ക്കുന്ന സ്ഥലം ഒഴിവാക്കണം. ഉറപ്പും വൃത്തിയുമുള്ള തറ തൊഴുത്തിനാവശ്യമാണ്. വായുവും വെളിച്ചവും നല്ല രീതിയില്‍ ലഭിക്കത്തക്കവണ്ണം വേണം തൊഴുത്ത് പണിയാന്‍. പശുക്കള്‍ മുഖാമുഖം നില്‍ ക്കുന്ന രീതിയിലോ പിന്‍ഭാഗം തിരിഞ്ഞു നില്‍ക്കുന്ന രീതിയിലോ തൊഴുത്ത് സംവിധാനം ചെയ്യാം. സ്ഥലം ലാഭിക്കുന്നതിനും പരിചരണം സുഗമമാക്കുന്നതിനും ഇത് സഹായിക്കും.
തൊഴുത്തിനുള്ളില്‍ മുന്‍ഭാഗത്ത് തീറ്റനല്‍കാന്‍ പുല്‍തൊട്ടിയും സ്വയം നിയന്ത്രിത കുടിവെളള സംവിധാനവും ഉണ്ടാക്കണം. പുല്‍തൊട്ടിക്ക് പിന്നിലായി 6-7 അടി വീതിയില്‍ നില്‍പ്പിടവും അതിന് പിന്നില്‍ ചാണകവും മൂത്രവും വീഴുന്നതിനുളള ചാലും ഉണ്ടാകണം. ചാണകം നീക്കുന്നതിനായി പിന്‍ഭാഗത്തും നടപ്പാത ക്രമീകരിക്കണം. മുന്‍ഭാഗത്തു നിന്ന് പിന്‍ഭാഗത്തേക്ക് തറയ്ക്ക് അല്‍പ്പം ചരിവു നല്‍കാം. വെള്ള വും മൂത്രവും ഒഴുകി പോകുന്നതിന് ഇതു സഹായിക്കും. റബര്‍ മാറ്റ,് കറവയന്ത്രം, ഫാന്‍, മിസ്റ്റ് തുടങ്ങിയ ആധുനിക സംവിധാനങ്ങളും തൊഴുത്തില്‍ ക്രമീകരിക്കാവുന്നതാണ്.
4. പശുക്കള്‍:- ഫാമില്‍ വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന പശുക്കളില്‍ പകുതി എണ്ണത്തെ മാത്രം ആദ്യഘട്ടത്തില്‍ വാങ്ങണം. ആരോഗ്യമുള്ളതിനെ യും ഉത്പാദനക്ഷമത കൂടിയതിനെയും നോക്കിയെടുക്കണം. ഒന്നാമത്തെയോ രണ്ടാമത്തെയോ പ്രസവത്തിലുള്ളവയാണ് നല്ലത്. പ്രസവിച്ചിട്ട് രണ്ടുമാസത്തില്‍ കൂടാത്ത പശുക്കളെ കുറഞ്ഞത് മൂന്ന് നേരത്തെയെങ്കിലും കറവകണ്ട് ബോധ്യപ്പെട്ട് വാങ്ങണം. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായവയെ വാങ്ങണം. പ്രതിദിനം ശരാശരി ഇരുപത് ലിറ്റര്‍ പാലെങ്കിലും ലഭിക്കുന്ന ജഴ്‌സി, ഹോള്‍സ്റ്റയില്‍ ഫ്രീഷന്‍ (എച്ച്.എഫ്)പശുക്കളാണ് ഉത്തമം. പശുക്കളുടെ എണ്ണത്തിനാനുപാതികമായി എരുമകളെ കൂടി വളര്‍ത്തിയാല്‍ അധിക ചെലവില്ലാതെ പാലിന്റെ ഗുണനിലവാരവും വിലയും ഉയര്‍ത്താം. തൊഴി, കുത്ത്, തന്നത്താന്‍ പാലുകുടി മുതലായ ദു:ശീലങ്ങളുള്ളവയെ ഒഴിവാക്കണം. ശാന്തസ്വഭാവമുളളതും ആദ്യ ചുരത്തലില്‍ തന്നെ മുഴുവന്‍ പാലും ലഭിക്കുന്നതുമായ പശുക്കളെ തെരഞ്ഞെടുക്കണം. ആറുമാസത്തിനു ശേഷം രണ്ടാമത്തെ സംഘം പശുക്കളെ വാങ്ങുന്നത് വര്‍ഷം മുഴുവന്‍ വരുമാനം ഉറപ്പിക്കുന്നതിന് സഹായിക്കും. പശുക്കളെ ഇന്‍ഷ്വര്‍ ചെയ്യണം.
5. പരിപാലനം: തൊഴുത്തും പശുക്കളേയും വൃത്തിയാക്കേണ്ടത് പശുവിന്റെ ആരോഗ്യത്തിനും ശുദ്ധമായ പാലുത്പാദനത്തിനും അത്യന്ത്യാപേക്ഷിതമാണ്. തീറ്റച്ചെലവും ചികിത്സാചെലവും കുറയ്ക്കുന്നതിനായി ആവശ്യമായ അളവില്‍ മാത്രമേ കാലി ത്തീറ്റ നല്‍കാവൂ. പുല്‍വര്‍ഗങ്ങളും പ്രകൃതിദത്ത വസ്തുക്കളും തീറ്റയില്‍ ഉള്‍പ്പെടുത്തണം. കുടിവെളളം ഏതുസമയത്തും ലഭ്യമാക്കണം. പശുവിന് സുഖകരമായ രീതിയിലും സാഹചര്യത്തിലും കറവ പൂര്‍ത്തീകരിക്കണം. കന്നുകുട്ടികള്‍ക്ക് വിരയിളക്കലും പ്രതിരോധ കുത്തിവ യ്പും യഥാസമയം നടത്തണം. ബീജാധാനം ശരിയായ സമയത്ത് നടത്തണം. ശരിയായ ഗര്‍ഭകാല പരിചരണവും പ്രസവ ശുശ്രൂഷയും അനിവാര്യമാണ്.
6. തീറ്റക്രമം: പശുക്കള്‍ക്ക് ഉത്പാദനക്ഷമതയുടെ അടിസ്ഥാനത്തില്‍ സംരക്ഷണ, ഉത്പാദന, ഗര്‍ഭകാല തീറ്റകള്‍ നല്‍കേണ്ടതാണ്. പ്രകൃതിദത്ത ഭക്ഷണത്തോടൊപ്പം പ്രത്യേകിച്ച് പുല്ലിനങ്ങള്‍ക്കൊപ്പം സാന്ദ്രീകൃത തീറ്റയും (കാലിത്തീറ്റ) ധാതുലവണമിശ്രിതവും ആവശ്യമായ അളവില്‍ നല്‍കണം. ആവശ്യത്തിലധികം കാലിത്തീറ്റ നല്‍കുന്നത് തീറ്റച്ചെലവും ചികിത്സാ ചെലവും വര്‍ധിപ്പിക്കുകയും പശുവിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. കഴിയുന്നതും രണ്ടു നേരം മാത്രം കൃത്യസമയത്ത് തീറ്റ നല്‍കുന്നത് പൂര്‍ണമായ ദഹനത്തെയും മെച്ചപ്പെട്ട പാലുത്പാദനത്തെയും സഹായിക്കും. പുല്ലിനങ്ങള്‍ ചെറുതായി അരിഞ്ഞു നല്‍കുന്നത് അയ വെട്ടുന്നതിനും ഉമിനീര് ഉത്പാദിപ്പിക്കുന്നതിനും പുല്ല് പാഴായി പോകാതിരിക്കുന്നതിനും സഹായിക്കുന്നു.
ചെലവു കുറയ്ക്കുന്നതിനും പശുവിന്റെ ആരോഗ്യത്തിനും പാലിന്റെ ഗുണമേന്മക്കും തീറ്റപ്പുല്ല് അത്യാവശ്യമാണ്. കുറഞ്ഞത് അന്‍പത് സെന്റ് സ്ഥലത്തെങ്കിലും സങ്കരഇനം പുല്ല് നട്ടുപിടിപ്പിക്കണം. രാസവളങ്ങള്‍ ചേര്‍ക്കാതെ തൊഴുത്തില്‍ നിന്നുളള മൂത്രവും വെളളവും കലര്‍ന്ന മിശ്രിതം നല്‍കി നല്ല രീതിയില്‍ തീറ്റപ്പുല്ല് വളര്‍ത്തിയെടുക്കാം. ഏപ്രില്‍, മേയ് മാസങ്ങളില്‍ ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന തീറ്റപ്പുല്‍ വികസന പദ്ധതിയില്‍ നിന്ന് പുല്‍ക്കടയും ധനസഹായവും നേടാം. അസോള, ചോളം എന്നിവ വളര്‍ത്തിയും പശുവിന് നല്‍കാം.
7. കണക്കുപുസ്തകം അനിവാര്യം: ഡയറി ഫാമിന്റെ പ്രധാന വരുമാനം പാലില്‍ നിന്നും പാലുത്പന്നങ്ങളില്‍ നിന്നുമാണ്. ക്ഷീര സംഘങ്ങള്‍ വഴി പാലും ഫ്‌ളാറ്റുകള്‍, വീടുകള്‍, സൂപ്പര്‍മാ ര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, കേറ്ററിംഗ് യൂണിറ്റുകള്‍ എന്നിവ വഴി പാലും, പാലുത്പന്നങ്ങളും വില്‍ക്കാവുന്നതാണ്. ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിച്ച് ലഭിക്കുന്ന ഗ്യാസ് പാചക വാതകമായും, ജനറേറ്റര്‍, വിളക്കുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാനും ഉപയോഗിക്കാം. പ്ലാന്റില്‍ നിന്നും ലഭിക്കുന്ന സ്ലറി ഉപയോഗിച്ച് പച്ചക്കറി കൃഷി നടത്താം. സ്ലറി ഉണക്കി പാക്കറ്റിലാക്കി വിറ്റും കാലിത്തീറ്റ ചാക്ക്, മൂരിക്കുട്ട·ാര്‍, ആരോഗ്യം കുറഞ്ഞ പശുക്കുട്ടികള്‍, ചെനപിടിക്കാത്ത പശുക്കള്‍ എന്നിവയെ വിറ്റും ആദായം വര്‍ധിപ്പിക്കാം.
കാലിത്തീറ്റ വില, കറവക്കൂലി, ജോലിക്കൂലി, ചികില്‍സാ ചെലവ്, കറന്റ് ചാര്‍ജ് തുടങ്ങിയവ ഫാമിന്റെ ചെലവില്‍ ഒഴിവാക്കാനാവാത്തവയാണ്. ലോണ്‍ തിരിച്ചടവും പലിശയും ഒപ്പമുണ്ട്. ഫാമിന്റെ യന്ത്രവത്കരണം ചെലവു കുറയ്ക്കാന്‍ സഹായിക്കുന്നു. ക്ഷീരസംഘം, ത്രിതല പഞ്ചായത്ത്, ക്ഷീരവികസനവകുപ്പ്, മില്‍മ എന്നിവയുടെ കാലിത്തീറ്റ സബ്‌സിഡിയും മറ്റാനുകൂല്യങ്ങളും ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്നതിനൊപ്പം പ്രോത്സാഹവും ആകുന്നു.
8. വൈദ്യസഹായം: പശുക്കളെ ഇന്‍ഷ്വര്‍ ചെയ്യണം. പശുക്കള്‍ക്ക് ശാരീരിക ബലഹീനതകളും രോഗങ്ങളും പ്രസവത്തിന് ബുദ്ധിമുട്ടും ഉണ്ടാകുന്‌പോള്‍ വൈദ്യസഹായം ലഭ്യമാക്കണം. യഥാസമയം പ്രതിരോധ കുത്തിവയ്പുകള്‍ നടത്തുന്നതിനും ശരിയായ രീതിയിലും സമയത്തും ബീജധാനം നടത്തുന്നതിനും ഒരു വെറ്ററിനറി ഡോക്ടറുടെ സേവനം ഉറപ്പാക്കേണ്ടതാണ്. അത്യാവശ്യം മരുന്നുകളും പ്രഥമ ശുശ്രൂഷാ സൗകര്യങ്ങളും ഫാമില്‍ ലഭ്യമാക്കണം.
9. പാലിക്കേണ്ടുന്ന നിയമങ്ങള്‍: പഞ്ചായത്തില്‍ നിന്നോ മുനിസിപ്പാലിറ്റിയില്‍ നിന്നോ നേടേണ്ടതായ ലൈസന്‍സിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിബന്ധകള്‍ പാലിച്ചിരിക്കണം. പാലും പാലുത്പന്നങ്ങളും പാക്കറ്റിലാക്കി വിപണനം ചെയ്യുന്ന പക്ഷം ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുകയും ലൈസന്‍സ് എടുക്കുകയും ചെയ്യണം.
10. രജിസ്റ്ററുകള്‍: ഫാം സുഗമമായി നടത്തുന്നതിനും പ്രവര്‍ ത്തനം വിലയിരുത്തുന്നതിനും വിവിധ രജിസ്റ്ററുകള്‍ ഫാമില്‍ എഴുതി സൂക്ഷിക്കുന്നത് നല്ലതാണ്. ഉരുക്കളെ സംബന്ധിക്കുന്ന രജിസ്റ്റര്‍, ബീജാധാന രജിസ്റ്റര്‍, പാലുത്പാദന രജിസ്റ്റര്‍ എന്നിവയില്‍ നിന്നും ഓരോ ഉരുവിനെക്കുറിച്ചുളള വിശദാംശങ്ങളും വരവു ചെലവു രജിസ്റ്ററില്‍ നിന്നും ലാഭനഷ്ടക്കണക്കും മനസിലാക്കി പലിപാലനത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുന്നതിനു സാധിക്കും.
പശുപരിപാലനത്തില്‍ തത്പരനായ ഒരു തൊഴിലാളിയുടെ പൂര്‍ണ സമയ സേവനവും സംരംഭകന്റെ ജാഗ്രതാ പൂര്‍ണമായ മേല്‍നോട്ടവും പ്രവര്‍ത്തന അവലോകനവും വരവു ചെലവു സംബന്ധിച്ച വ്യക്തമായ ധാരണയും ഉണ്ടെങ്കില്‍ ഡയറി ഫാമുകള്‍ ലാഭവും ആത്മസംതൃപ്തിയും നല്‍കും എന്നുളളതിന് രണ്ടു പക്ഷമില്ല.
ഷിന്‍ഡ്യാ എല്‍.കെ.
ഡയറിഫാം ഇന്‍സ്ട്രക്ടര്‍, പട്ടണക്കാട്, ചേര്‍ത്തല
ഫോണ്‍- 9495228845.

share this post on...

Related posts