കമ്പോളത്തിന്റെ നിലവിലെ ചലനം ഇങ്ങനെ

ആഗോള തലത്തില്‍ റബര്‍ ലഭ്യത ഉയരുമെന്ന വിലയിരുത്തല്‍ അവധി വ്യാപാരത്തില്‍ ഊഹക്കച്ചവടക്കാരെ വില്പനക്കാരാക്കി. മില്ലുകാരുടെ പ്രതീക്ഷയ്‌ക്കൊത്ത് വെളിച്ചെണ്ണ ചൂടുപിടിച്ചില്ല. ഹൈറേഞ്ചില്‍ ഏലക്കൃഷി വ്യാപിപ്പിക്കാന്‍ വിലക്കയറ്റം കര്‍ഷകരെ ഉത്തേജിപ്പിക്കും. കുരുമുളക് ഉയരാന്‍ മടിച്ചു. ഊഹക്കച്ചവടക്കാര്‍ ജാതിക്ക വിപണിയെ അമ്മാനമാടാന്‍ ശ്രമം നടത്തുന്നു. സ്വര്‍ണം പുതിയ ഉയരങ്ങളെ ഉറ്റുനോക്കുന്നു.

റബര്‍

സീസണ്‍ ആരംഭത്തില്‍ത്തന്നെ റബര്‍ ഉത്പാദകരാജ്യങ്ങളെ ഞെട്ടിച്ച് ഷീറ്റ് വില ഇടിഞ്ഞു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റബര്‍ സീസണ്‍ തുടങ്ങിയതോടെ ചരക്കുക്ഷാമം അവസാനിക്കുമെന്ന നിഗമനത്തിലാണ് ഊഹക്കച്ചവടക്കാര്‍. ടോക്കോം എക്‌സ്‌ചേഞ്ചില്‍ രണ്ട് ദിവസത്തിനിടെ ഒരു കിലോ റബറിന് 28 യെന്നിന്റെ ചാഞ്ചാട്ടം അനുഭവപ്പെട്ടത് തോട്ടം മേഖലയെ ഞെട്ടിച്ചു. ജൂലൈ അവസാനം ടോക്കോമില്‍ കിലോഗ്രാമിന് 230 യെന്നില്‍ നീങ്ങിയ റബറിപ്പോള്‍ 190 യെന്നിലാണ്.

തായ്ലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ ഈ മാസം വന്‍തോതില്‍ ഷീറ്റ് ഇറക്കുമെന്ന ഊഹാപോഹങ്ങള്‍ സ്റ്റോക്കിസ്റ്റുകളെ പരിഭ്രാന്തരാക്കി. ഇതോടെ നിക്ഷേപകര്‍ അവധിയില്‍ ലാഭമെടുപ്പു ശക്തമാക്കി. ഊഹക്കച്ചവടക്കാരുടെ വില്പനയില്‍ ആടിയുലഞ്ഞ ഏഷ്യന്‍ റബര്‍ വിപണികളില്‍ അവര്‍ ആധിപത്യം ഉറപ്പിച്ചു. വാരാന്ത്യം ടോക്കോമില്‍ റബര്‍ 190 യെന്നിലാണ്. സാങ്കേതികമായി വീക്ഷിച്ചാല്‍ 174 യെന്നില്‍ ശക്തമായ താങ്ങുണ്ട്. വാരമധ്യം ഓപ്പറേറ്റര്‍മാര്‍ ലാഭമെടുപ്പിന് നീക്കം തുടങ്ങിയാല്‍ താഴ്ന്ന റേഞ്ചില്‍നിന്ന് 200 യെന്നിലേക്കു തിരിച്ചുവരവിന് ശ്രമിക്കാം.

കാലാവസ്ഥ തെളിഞ്ഞതോടെ സംസ്ഥാനത്തെ തോട്ടങ്ങളിലും റബര്‍ വെട്ട് ഊര്‍ജിതമായി. അടുത്തവാരം പുതിയ ചരക്ക് ഇറക്കാനുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ആഗോള റബര്‍ മാര്‍ക്കറ്റിന് തിരിച്ചടിനേരിട്ടത്. 15,000 രൂപയില്‍നിന്ന് ആര്‍എസ്എസ് നാലാം ഗ്രേഡ് ഇതോടെ 14,700 രൂപയായി. അഞ്ചാം ഗ്രേഡിന് 400 രൂപ കുറഞ്ഞ് 14,400 രൂപയായി. ബാങ്കോക്കില്‍ മികച്ചയിനം ഷീറ്റ് വില ക്വിന്റലിന് 1460 രൂപയാണ് പോയവാരം ഇടിഞ്ഞത്.

കൊപ്ര

സര്‍ക്കാര്‍ ഏജന്‍സിയുടെ കൊപ്ര സംഭരണം മൂന്നാഴ്ച പിന്നിട്ടെങ്കിലും വിലയില്‍ കാര്യമായ പുരോഗതി ദൃശ്യമായില്ല. ഏതാണ്ട് പത്തു ദിവസം 13,600 രൂപയില്‍ സ്റ്റെഡിയായി നീങ്ങിയ വെളിച്ചെണ്ണ വാരാന്ത്യം 13,700 രൂപയായി കയറി. ബക്രീദ് ഡിമാന്‍ഡ് വിപണി ചൂടുപിടിക്കാന്‍ അവസരമൊരുക്കുമെന്ന കണക്കുകൂട്ടലിലാണ് തമിഴ്‌നാട്ടിലെ മില്ലുകാര്‍. കൊച്ചിയില്‍ കൊപ്ര 9180 രൂപയിലാണ്.

ഏലക്ക

സുഗന്ധറാണിയുടെ വിലക്കയറ്റം പുതിയ സംരംഭകരെ ഏലക്കൃഷിയിലേക്ക് ആകര്‍ഷിക്കുന്നു. ലേലകേന്ദ്രങ്ങളില്‍ ഏലക്ക കാഴ്ചവയ്ക്കുന്ന റിക്കാര്‍ഡ് പ്രകടനം തോട്ടം മേഖലയ്ക്ക് ആവേശം പകരും. കാലാവസ്ഥാ വ്യതിയാനം മൂലം സംസ്ഥാനത്ത് ഏലക്കൃഷിക്ക് വ്യാപകനാശം സംഭവിച്ചിരുന്നു. കൂടിയ വിലയ്ക്കും ഏലക്ക ശേഖരിക്കാനുള്ള മത്സരം ലേലകേന്ദ്രങ്ങളില്‍ തുടരുകയാണ്. ആഭ്യന്തര വിദേശ ഡിമാന്‍ഡില്‍ നെടുങ്കണ്ടത്തു നടന്ന ലേലത്തില്‍ ഏലക്ക 7000 രൂപയില്‍ കൈമാറി. ജൂണില്‍ രേഖപ്പെടുത്തിയ 6000 രൂപയുടെ റിക്കാര്‍ഡാണ് തിരുത്തിയത്. തോട്ടം മേഖലയില്‍ കാലാവസ്ഥ അനുകൂലമായതിനാല്‍ ഓണത്തിന് മുന്പ് പുതിയ ഏലക്ക പ്രതീക്ഷിക്കാം.

കുരുമുളക്

ആഭ്യന്തര വിദേശ ഓര്‍ഡറുകളുടെ അഭാവം കുരുമുളക് വിപണിയെ നീര്‍ജീവമാക്കി. ഉത്തരേന്ത്യയില്‍ മഴ ശക്തമായത് മുന്‍നിര്‍ത്തി സ്റ്റോക്കിസ്റ്റുകള്‍ ചരക്ക് സംഭരണം കുറച്ചു. കാര്‍ഷികമേഖലയില്‍ നിന്നുള്ള മുളകുനീക്കം കുറഞ്ഞ അളവിലാണ്. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 35,800 രൂപ.

ജാതിക്ക

ജാതിക്ക വിപണി ഊഹക്കച്ചവടക്കാരുടെ കരങ്ങളില്‍. വിളവെടുപ്പ് വേളയില്‍ എറ്റവും താഴ്ന്ന വിലയ്ക്ക് ചരക്ക് കൈക്കലാക്കിയവര്‍ വിളവെടുപ്പ് പൂര്‍ത്തിയായതോടെ നിരക്ക് ഉയര്‍ത്താനുള്ള അണിയറ നീക്കത്തിലാണ്. പ്രതികൂല കാലാവസ്ഥ മൂലം ജാതിക്ക, ജാതിപത്രി തുടങ്ങിയവുടെ ഉത്പാദനം കുറവാണ്. വിദേശത്തുനിന്നും ആഭ്യന്തര മാര്‍ക്കറ്റില്‍നിന്നും അന്വേഷങ്ങളുണ്ട്. ജാതിക്ക തൊണ്ടന്‍ കിലോ 200-220 രൂപ, തൊണ്ടില്ലാത്തത് 410-450, ജാതിപത്രി 750-1000 രൂപ.

സ്വര്‍ണം

പവന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 26,200 രൂപയിലെത്തി. ഒരു ഗ്രാം പൊന്നിന് വില 3275 രൂപ. ആഭരണ കേന്ദ്രങ്ങളില്‍ 25,760 രൂപയില്‍ വില്പനയാരംഭിച്ച പവന്‍ വാരമധ്യം വരെ സ്റ്റെഡിയായിരുന്നു. എന്നാല്‍, വാരത്തിന്റെ രണ്ടാം പാദത്തില്‍ പവന്‍ തിളങ്ങി. ആഗോള വിപണിയിലും മഞ്ഞലോഹം തിളങ്ങി. ന്യൂയോര്‍ക്കില്‍ ട്രോയ് ഔണ്‍സിന് 1413 ഡോളറില്‍നിന്ന് 1449 ഡോളര്‍ വരെ കയറിയ ശേഷം ക്ലോസിംഗില്‍ 1440 ഡോളറിലാണ്.

share this post on...

Related posts