വീണ്ടും ഒളിമ്പിക്‌സിന് തൊട്ടുമുൻപ് പ്രതിസന്ധി;ആരാധകരെയെല്ലാം വിലക്കും!

ജപ്പാനിലെ ടോക്യോവിലാണ് ഇത്തവണത്തെ ഒളിമ്പിക്‌സ് തുടങ്ങാനിരുന്നത്. കൊവിഡ് 19 കേസുകൾ കൂടുന്നതിനാൽ ടോക്യോയിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ മത്സരങ്ങൾ കാണാൻ ഒരു കാണിയേയും അനുവദിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ജൂലൈ 23നാണ് ഒളിമ്പിക്‌സിന് തുടക്കമാകുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം വരും ദിവസങ്ങളിൽ തന്നെയുണ്ടാകും. കാണികളെ വിലക്കുന്നതോടെ ഒളിമ്പിക്‌സ് നിറം മങ്ങുമെന്ന ആശങ്ക നിലനിൽക്കുകയാണ്. നേരത്തെ, വിദേശത്തുനിന്നും എത്തുന്നവരെ സ്റ്റേഡിയത്തിലേക്ക് കയറാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ജപ്പാനിലെ കാണികളാണെങ്കിൽ സ്റ്റേഡിയത്തിന്റെ പകുതി ആളുകളെ കയറ്റാമെന്നും ഏറിവന്നാൽ 10,000 ആരാധകരെ വരെ ഇത്തരത്തിൽ അനുവദിക്കാമെന്നുമാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഒരു ആരാധകനേയും സ്റ്റേഡിയത്തിൽ കയറ്റിയേക്കില്ല. ജപ്പാനിൽ കൊവിഡ് 19 കേസുകൾ പൊടുന്നനെ വർദ്ധിച്ചതാണ് കാര്യങ്ങൾ വീണ്ടും തകിടംമറിഞ്ഞത്. കാണികളെ അനുവദിക്കുന്നത് വലിയ വിപത്തുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രവേശനം ലഭിക്കുന്ന കാണികൾക്ക് കൈയ്യടിക്കാൻ മാത്രമാണ് നേരത്തെ അനുവാദം നൽകിയിരുന്നത്. ബ്ദമുണ്ടാക്കിയോ പാട്ടുപാടിയോ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. ലോകമെങ്ങും കൊവിഡ് 19 കേസുകൾ രൂക്ഷമായതിനെ തുടർന്നാണ് 2020ൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് ഒരു വർശത്തേക്കു നീട്ടി വച്ചത്. കോടികളുടെ ബഡ്ജറ്റാണ് ഒളിമ്പിക്‌സിനായി മാറ്റിവെച്ചതെന്നതിനാലും സ്‌പോൺസർമാരോട് നീതിപുലർത്തേണ്ടതിനാലുമാണ് ഇക്കുറി ഏതുവിധേനയും നടത്താം എന്ന തീരുമാനത്തിലെത്തിയത്. കൂടാതെ കായിക താരങ്ങൾക്ക് കൊവിഡ് 19 സ്ഥിരീകരിക്കുകയാണെങ്കിൽ ഒളിമ്പിക്‌സ് നടത്തിപ്പ് പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.

Related posts