കോട്ടയം സീറ്റ് തിരിച്ചെടുത്ത് സിപിഎം; ജെഡിഎസിനും പി.കരുണാകരനും സീറ്റില്ല!… അഞ്ച് സീറ്റിങ് എം.പിമാര്‍ക്ക് വീണ്ടും അവസരം, ഇന്നസെന്റിന്റെ കാര്യത്തില്‍ ചര്‍ച്ച തുടരുന്നു

തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പില്‍ പതിനാറ് സീറ്റിലും സിപിഎം മത്സരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണ. കഴിഞ്ഞ തവണ കോട്ടയത്ത് മത്സരിച്ച ജെഡിഎസിന് ഇത്തവണ സീറ്റ് ഉണ്ടാകില്ല. കോട്ടയം സീറ്റില്‍ ഇത്തവണ സിപിഎം തന്നെ മത്സരിക്കും.
സീറ്റ് ചോദിച്ച ഘടക കക്ഷികള്‍ക്കൊന്നും സീറ്റില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ സിപിഎം. പത്തനംതിട്ടയുടെ കാര്യത്തില്‍ മാത്രം വേണമെങ്കില്‍ വീണ്ടുവിചാരം ആകാമെന്നാണ് സിപിഎം പറയുന്നത്. സിറ്റിംഗ് എംപിമാരില്‍ പി കരുണാകരന്‍ ഒഴികെ എല്ലാവരും മത്സര രംഗത്ത് ഉണ്ടാകും. ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ് തന്നെ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. ആറ്റിങ്ങല്‍ എ സമ്പത്ത്, പാലക്കാട് എം.ബി.രാജേഷ്, ആലത്തൂര്‍ പി.കെ.ബിജു, കണ്ണൂര്‍ പി കെ ശ്രീമതി എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും.ചാലക്കുടിയില്‍ ഇന്നസെന്റിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്.
ചാലക്കുടി വിട്ട് എറണാകുളത്ത് എല്‍ഡിഎഫ് സ്വതന്ത്രനായി ഇന്നസെന്റ് ജനവിധി തേടിയേക്കും. സിറ്റിങ് എംപിയായ ഇന്നസെന്റിന് പകരക്കരനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.രാജീവ് ചലക്കുടിയില്‍ മത്സരിക്കുന്നതും ചര്‍ച്ചയിലാണ്. കെ.വി.തോമസിനെതിരേയുള്ള യുവകോണ്‍ഗ്രസ് നേതാക്കന്മാരുടെ വിരുദ്ധ വികാരം വോട്ടാക്കാന്‍ നീക്കം. രാജീവിന്റെ വ്യക്തിപ്രഭ ചാലക്കുടി സീറ്റ് നിലനിര്‍ത്തുമെന്ന പ്രതീക്ഷിയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

വിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ സിപിഎം

എറണാകുളത്ത് കെ.വി.തോമസിനെതിരേ ഇന്നസെന്റിനെ മത്സരിപ്പിച്ചാല്‍ വിജയമുറപ്പാക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടിക്കുള്ളിലെ ഒരുവിഭാഗം തന്നെ വിലയിരുത്തുന്നുണ്ടെങ്കിലും നിലവില്‍ കെ.വി.തോമസിനെതിരേ ഉയരുന്ന യുവകോണ്‍ഗ്രസ് നേതാക്കളുടെ വിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിനുള്ളത്. 2009ല്‍ കെ.വി.തോമസിനെതിരേ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിന്ധു ജോയി പരാജയപ്പെടുന്നത് 11790 വോട്ടുകള്‍ക്കാണ്. 2004ല്‍ എല്‍ഡിഎഫ് സ്വതന്ത്ര്യനായി മത്സരിച്ച ഡോ.സെബാസ്റ്റ്യന്‍ പോള്‍ 70099 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എഡ്വേഡ് എടേഴത്തിനെ പരാജായപ്പെടുത്തിയിരുന്നത്. ഈ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ വിജയസാധ്യത തള്ളിക്കളായാനാകില്ലെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ആസി വിഭാഗക്കാരനായി ഇന്നസെന്റ് എറണാകുളത്തെക്കെത്തുമ്പോള്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലും മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. കത്തോലിക്ക വിഭാഗത്തെ പിടിച്ചുലച്ച പല വിവാദ സംഭവങ്ങളിലും സഭയ്ക്ക് അനുകൂലമായ നിലപാടാണ് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്നസെന്റ് സ്ഥാനാര്‍ഥിയായില്‍ ക്രിസ്ത്യന്‍ വോട്ടുകളില്‍ മേല്‍ക്കോയ്മ നേടാനുകമെന്നാണ് പ്രതീക്ഷ.
എന്നാല്‍ സിനിമതാരം ആഷിഖ് അബുവിനെ പരിഗണിക്കുന്നതിനും നിലവില്‍ ചര്‍ച്ചകളില്‍ സജീവമാണ്. സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ആഷിഖ്. വനിത സിനിമ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ആഷിഖ് നടത്തിയ ഇടപടെലുകളും ആഷിഖിന് ഒരു പൊതുമുഖം സൃഷ്ടിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. കെ.വി.തോമസിനെതിരേ ആഷിഖിനെ മത്സരിപ്പിച്ചാല്‍ യുവക്കളുടെ വോട്ടുകള്‍ കൂടുതലായി നേടാകുമെന്നും പ്രതീക്ഷ വെക്കുന്നു.

ചാലക്കുടി പിടിക്കാന്‍ രാജീവ്

ഇന്നസെന്റിനു പകരം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവ് ഇടതു മുന്നണി സ്ഥാനാര്‍ഥിയായാല്‍ കടുത്ത മത്സരത്തിനാകും ചാലക്കുടി സാക്ഷ്യം വഹിക്കുക. രാജ്യസഭാംഗമായിരിക്കെ മികച്ച പാര്‍ലമെന്റേറിയനെന്ന് പേരെടുത്തതാണ് പി രാജീവിന് അവസരം നല്‍കുന്നതിലേക്ക് സിപിഎമ്മിനെ നയിച്ചത്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞടുപ്പില്‍ ഇടതു മുന്നണി പുറത്തിറക്കിയ അപ്രതീക്ഷിത തുറുപ്പ് ചീട്ടായിരുന്നു ഇന്നസെന്റ്. നടന്‍ മമ്മൂട്ടിയുടെ കൂടി നിര്‍ദ്ദേശ പ്രകാരം ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയായ ഇന്നസെന്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി.ചാക്കോയെയാണ് തോല്‍പ്പിച്ചത്. യുഡിഎഫിന് മുന്‍തൂക്കമുണ്ടായിരുന്ന മണ്ഡലത്തില്‍ ഇന്നസെന്റിന്റെ താര പരിവേഷവും പി.സി.ചാക്കോയോടുണ്ടായിരുന്ന പ്രാദേശിക എതിര്‍പ്പും ഇടതു മുന്നണിയുടെ വിജയം എളുപ്പമാക്കി.
അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ സിപിഎം പാര്‍ലമെന്റില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച രാജീവിനെ രംഗത്തിറക്കി കളം പിടിക്കാനാണ് ആലോചിക്കുന്നത്. എറണാകുളം തൃശൂര്‍ ജില്ലകളിലായി കിടക്കുന്ന ചാലക്കുടി മണ്ഡലത്തില്‍ രണ്ടിടത്തുമുള്ള പൊതു സ്വീകാര്യതയാണ് പി.രാജീവിന്റെ നേട്ടം. കുന്നത്തുനാട്, പെരുമ്പാവൂര്‍, ആലുവ, അങ്കമാലി മണ്ഡലങ്ങള്‍ക്കൊപ്പം തൃശൂരിലെ ചാലക്കുടി, കൈപ്പമംഗലം കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഈ ലോക്‌സഭ മണ്ഡലം. എറണാകുളം ജില്ലയിലെ മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് ആധിപത്യം. എന്നാല്‍ തൃശൂര്‍ ജില്ലകളിലെ മണ്ഡലങ്ങളില്‍ ഇടതു മുന്നണിക്ക് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും വലിയ മുന്‍ തൂക്കമുണ്ട്. ഈ ഘടകങ്ങളാകും യുഡിഎഫിന്റെയും സ്ഥാനാര്‍ഥി നിര്‍ണയത്തെ സ്വാധീനിക്കുക.
ഈ പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലത്തില്‍ ജയമുറപ്പുണ്ടെങ്കില്‍ മാത്രമേ രാജീവിനേപ്പൊലൊരാളേ മല്‍സരിപ്പിക്കാവൂ എന്നാണ് ഒരു വിഭാഗം സിപിഎം നേതാക്കളുടെ വാദം. യാക്കോബായ സഭയ്ക്ക് പ്രാമുഖ്യമുളള മണ്ഡലത്തില്‍ മുന്‍ പെരുമ്പാവൂര്‍ എംഎല്‍എ സാജു പോളിനേയും പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഒന്നും തീരുമാനിച്ചിട്ടില്ലെന്നാണ് സിപിഎം നിലപാട്. മത്സരിക്കാന്‍ തയാറാണെന്ന് മുന്‍ എംപി കെ.പി.ധനപാലന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കൊടുങ്ങല്ലൂരിലും കൈപ്പമംഗലത്തും ഇടതുമുന്‍തൂക്കം പരമാവധി കുറക്കാന്‍ കഴിയുന്നയാളെ സ്ഥാനാര്‍ത്ഥിയാക്കാനാണ് യുഡിഎഫ് ആലോചന. മുതിര്‍ന്ന നേതാവ് പി.സി.ചാക്കോയും ടി.എന്‍.പ്രതാപനുമാണ് ചാലക്കുടിയില്‍ കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികയിലുള്ളവര്‍. യുവ നേതാവ് മാത്യു കുഴല്‍നാടനേയും പരിഗണിക്കുന്നുണ്ട്. സാമുദായിക ഘടകങ്ങളും ചാലക്കുടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തെ സ്വാധീനിച്ചേക്കും.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts