സോളാറിനിടയില്‍ കോണ്‍ഗ്രസ് ബന്ധം ചര്‍ച്ച ചെയ്യാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി നാളെ; യച്ചൂരി പക്ഷത്തെ പ്രതിരോധിക്കാന്‍ സോളാറുമായി കേരള ഘടകം, നിലപാട് വ്യക്തമാക്കാതെ വിഎസ്

cpim cc

cpim cc 2
ന്യൂഡല്‍ഹി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് മാത്രമല്ല സിപിഎമ്മിനുള്ളിലും കലാപം സൃഷിടക്കുന്നു. കോണ്‍ഗ്രസുമായുള്ള ബന്ധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍സിപിഎം കേന്ദ്ര കമ്മിറ്റി നാളെ ചേരുന്നതോടെ സോളാര്‍ വിഷയം സിപിഎമ്മിലും വലിയ ചര്‍ച്ചയാകും.
മോദി സര്‍ക്കാരിനെ താഴെയിറക്കുകയാണ് പാര്‍ട്ടിയുടെ പ്രഥമ ദൗത്യമെന്ന് രണ്ടിന് ചേര്‍ന്ന പൊളിറ്റ് ബ്യൂറോയില്‍ ധാരണയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ പിബിക്ക് കഴിഞ്ഞിരുന്നില്ല. ഇതെതുടര്‍ന്ന് കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് അന്തിമതീരുമാനമെടുക്കാനുള്ള നിര്‍ദ്ദേശം സിസിക്ക് വിടുകയായിരുന്നു.
എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയ സോളാര്‍ അഴിമതിയുടെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നത് കോണ്‍ഗ്രസ് ബന്ധത്തെ അനുകൂലിക്കുന്ന ജനറല്‍ സെക്രട്ടറി യച്ചൂരിക്കും ബംഗാള്‍ ഘടകത്തിനും തലവേദനയാകും.
അടുത്ത ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിനുള്ള രൂപരേഖ ഭാഗമായാണ് കോണ്‍ഗ്രസുമായുള്ള സഹകരണം സിപിഎം നേതൃതലത്തില്‍ ചര്‍ച്ചയായത്. എന്നാല്‍ ഈ നിര്‍ദ്ദേശം യച്ചൂരി മുന്നോട്ട് വച്ചതുമുതല്‍ കേരള ഘടകവും പ്രകാശ് കാരാട്ടുമെല്ലാം ഈ നിലപാടിനെ എതിര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ബിജെപിയുടെയും മോദി സര്‍ക്കാരിന്റെയും നയങ്ങളെ എതിര്‍ക്കുക പ്രഥമ ദൗത്യമെന്നാണ് വിശാഖപട്ടണത്ത് ചേര്‍ന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പു ധാരണയോ കൂട്ടുകെട്ടോ വേണ്ടെന്നും അന്നു തീരുമാനിച്ചിരുന്നു. ഇതുമറികടന്നാണ് കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസുമായി യോജിച്ചപ്പോരാട്ടത്തിന് തയ്യാറാകണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടത്.
എന്നാല്‍ ഈ ആവശ്യത്തെ കഴിഞ്ഞ പിബി തള്ളിയിരുന്നു. 16 അംഗ പിബിയില്‍, കോണ്‍ഗ്രസുമായി കൂട്ടുകെട്ടു വേണ്ടെന്ന നിലപാടാണ് 10 പേര്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഭൂരിപക്ഷ നിലപാട് ഔദ്യോഗിക നിലപാടാക്കുകയും ന്യൂനപക്ഷത്തിന്റേത് വിയോജനക്കുറിപ്പു മാത്രമായി നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ കരട് രാഷ്ട്രീയ പ്രമേയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര കമ്മിറ്റി യോഗം ചേരുമ്പോള്‍ യെച്ചൂരിയുടെ നിര്‍ദ്ദേശവും പിബി മുന്നോട്ട് വക്കും. സാഹചര്യം മാറിയതിനാല്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്നാണ് യെച്ചൂരിയുടേയും ബംഗാളുകാരുടേയും ആവശ്യം.
എന്നാല്‍ ഈ ആവശ്യത്തെ കൂടുതല്‍ പ്രതിരോധിക്കുന്നതിനുള്ള ആയുധമായി മാറിയിരിക്കുകയാണ് സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട്. എല്‍ഡിഎഫ് നടത്തിയ ചരിത്രപരമായ സമരത്തിന്റെ വിജയമാണ് അന്വേഷണ റിപ്പോര്‍ട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചതും ഇത് മുന്‍കൂട്ടി കണ്ടാണ്. കോണ്‍ഗ്രസിനെതിരായ കേരളത്തില്‍ സിപിഎം നടത്തിയ സമരത്തിന്റെ വിജയമാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. പിണറായിയുടെ നിലപാടുകള്‍ക്കുള്ള അംഗീകാരമായാണ് ഇടതുപക്ഷ നിരീക്ഷകര്‍ റിപ്പോര്‍ട്ടിനെ കാണുന്നതും. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ അന്വേഷണ നേരിടുമ്പോള്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് കേരളത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ ഉന്നയിക്കും. ആര്‍എസ്എസും ബിജെപിയും എല്‍ഡിഎഫിനെതിരേ ദേശീയ തലത്തില്‍ തന്നെ പ്രചരണമുയര്‍ത്തി കൊണ്ടു വരുന്നത് പാര്‍ട്ടിയെ പ്രതിപക്ഷ നിരയിലേക്ക് ഉയര്‍ത്തുകയാണെന്ന നിലപാടാണ് സംസ്ഥാന നേതാക്കന്മാര്‍ക്കുള്ളത്. ഈ സാചര്യത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം പാര്‍ട്ടിയെ ദേശീയ തലത്തില്‍ തന്നെ പിന്നോട്ടടിക്കുമെന്ന നിലപാടായിരിക്കും കാരാട്ട് പക്ഷവും സ്വീകരിക്കുക. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ നിലപാടും യോഗത്തില്‍ നിര്‍ണായകമാകും. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന് കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ നേരത്തെ മൃദു സമീപനമാണ് ഉണ്ടായിരുന്നത്. എന്നാല്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസിനെ പ്രതിസ്ഥാനത്തെത്തിച്ചതോടെ വി.എസ് സ്വീകരിക്കുന്ന നിലപാടെന്തെന്നതും വ്യക്തമല്ല. കേന്ദ്ര കമ്മിറ്റി 16 ന് സമാപിക്കും.

Related posts