തിരുവനന്തപുരത്ത് 69 പേര്‍ക്ക് ഇന്ന് രോഗം; 46 പേര്‍ക്ക് സമ്പര്‍ക്കം, ജില്ല അതീവജാഗ്രതയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് 69 പേര്‍ക്ക് ഇന്ന് രോഗം ബാധിച്ചു. 46 പേര്‍ക്ക് സമ്പര്‍ക്കം വഴി. അതിനു പുറമേ എവിടെനിന്ന് ബാധിച്ചു എന്ന് അറിയാത്ത 11 കേസുകളുണ്ട്. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍, ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍, ബഫര്‍ സോണുകള്‍ ഇവിടങ്ങളില്‍ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമായി തുടരുന്നു.
ജില്ലയിലെ 9 തദ്ദേശ സ്ഥാപനങ്ങളിലായി 45 വാര്‍ഡുകളാണ് ഇതുവരെ കണ്ടെയ്ന്‍മെന്റ് സോണിലുള്ളത്. ഇവിടങ്ങളില്‍ സാമൂഹിക അവബോധം വര്‍ധിപ്പിക്കുന്നതിന് നോട്ടിസ് വിതരണം, മൈക്ക് അനൗണ്‍സ്‌മെന്റ്, സോഷ്യല്‍ മീഡിയ പ്രചരണം ഇവയെല്ലാം നടത്തുന്നു. കണ്ടെയ്ന്‍മെന്റ് പ്രദേശങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസ്, റവന്യു, ആരോഗ്യ, ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് ക്വിക് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചു. ഈ സംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലേക്കുള്ള ചരക്കു വാഹന നീക്കം, വെള്ളം,. വൈദ്യുതി, തുടങ്ങി എല്ലാം സംഘം നിരീക്ഷിക്കും, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സംഘത്തിനൊപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇന്നലെ വരെ ജില്ലയിലെ കണക്ക് അനുസരിച്ച് 1,88,28 പേര്‍ വീടുകളിലും 1901 പേര്‍ വിവിധ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലാണ്. ഇതുവരെ പൂന്തുറയില്‍ 1366 ആന്റിജന്‍ പരിശോധന നടത്തി. 262 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിശോധന തുടരുന്നു. 150 കിടക്കകകള്‍ ഉള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ അവിടെ സജ്ജാമാക്കും. മൊബൈല്‍ മെഡിസിന്‍ ഡിസ്‌പെന്‍സറി യൂണിറ്റ് അവിടെ സജ്ജമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമും ഹെല്‍പ് ഡെസ്‌കും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളില്‍ രോഗവ്യാപനം കൂടുതലുള്ള സാഹചര്യത്തിലാണ് അവിടെ കൂടുതല്‍ കര്‍ക്കശ നിലപാടിലേക്ക് നീങ്ങിയത്. ഇത് ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസം കണക്കിലെടുത്താണ് ഓരോ കുടുംബത്തിനും 5 കിലോ അരി വീതം വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.
മൂന്ന് വാര്‍ഡുകളിലും ആകെ 8110 കാര്‍ഡുടമകളാണ് ഉള്ളത്. അവിടെ നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്നതിന് അധിക സംവിധാനം ഏര്‍പ്പാടാക്കി. ഇന്ന് ആലപ്പുഴ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പുതിയ രോഗികളുള്ളത്. 87 പേര്‍. 87ല്‍ 51 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലാണ്. താമരക്കുളം പഞ്ചായത്തിലെ ഐടിബിപി ക്യാംപ്, കായംകുളം മാര്‍ക്കറ്റ് ഇവ കേന്ദ്രീകരിച്ചാണ് കൂടുതല്‍ രോഗവ്യാപന സാധ്യത റിപ്പോര്‍ട്ട് ചെയ്തത്. ചെല്ലാനം ഹാര്‍ബറില്‍ മത്സ്യ ബന്ധനത്തിന് പോയ ജില്ലയിലെ 2 മത്സ്യ തൊഴിലാളികള്‍ക്കും ഇതില്‍ ഒരാളുടെ കുടുംബത്തിനും രോഗം ബാധിച്ചു. താമരക്കുളം, നൂറനാട് മേഖലകളിലും കായംകുളത്തും തീരദേശ മേഖലയിലും കൂടുതല്‍ ജാഗ്രതയും നിയന്ത്രണവും ഏര്‍പ്പെടുത്തി. നൂറനാട് ഐടിബിപി ക്യാംപില്‍ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ബാരക്കിലെ മുഴുവന്‍ പേര്‍ക്കും വ്യക്തിഗത ക്വാറന്റീന്‍ ഉറപ്പാക്കും. ക്യാംപിന് പുറത്ത് വീടുകളില്‍ കുടുംബമായി താമസിക്കുന്ന ഉദ്യോഗസ്ഥരെ ക്വാറന്റീനില്‍ ആക്കി.
തീരദേശത്തെ രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനത്തിന് ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാമന്‍ വിവിധ വകുപ്പ് ജീവനക്കാരെ കമ്യൂണിറ്റി സെന്ററില്‍ നിയോഗിച്ചു. കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററുകള്‍ തയാറാക്കും. പത്തനംതിട്ടയില്‍ പുതുതായി രോഗം ബാധിച്ചത് 54 പേര്‍ക്കാണ്. 25 സമ്പര്‍ക്കം. പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നടത്തിയ റാപിഡ് ആന്റിജന്‍ ടെസ്റ്റില്‍ ജൂലൈ 10ന് നാലു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ മുന്‍പ് രോഗം ബാധിച്ചവരുമായി സമ്പര്‍ക്കമുള്ളവരാണ്. മലപ്പുറത്ത് 51 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 27 ഉം സമ്പര്‍ക്കം വഴി. മലപ്പുറത്ത് 4 ക്ലസ്റ്ററുകളാണ്. സമ്പര്‍ക്കം വഴി പല മേഖലകളിലും രോഗവ്യാപനം ഉണ്ടാകുന്നതിനാല്‍ ജില്ല അതീവജാഗ്രതയിലാണ്.

Related posts