കേരളത്തില്‍ 1212 പേര്‍ക്കുകൂടി കോവിഡ്; മരണം 5

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 1212 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 880 പേര്‍ രോഗമുക്തി നേടി. ഇന്ന് 1068 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. അതില്‍ ഉറവിടം അറിയാത്തത് 45 പേര്‍. വിദേശത്ത് നിന്ന് എത്തിയവര്‍ 59. മറ്റു സംസ്ഥാനങ്ങളില്‍ വന്നവര്‍ 64. ആരോഗ്യപ്രവര്‍ത്തകര്‍ 22. കഴിഞ്ഞ 24 മണിക്കൂറിനകം 28,664 സാമ്പിളുകള്‍ പരിശോധിച്ചു.
സംസ്ഥാനത്ത് ഇന്ന് 5 മരണം റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ചാലിങ്കല്‍ സെവദേശി ഷംസുദ്ദീന്‍ (53), തിരുവനന്തപുരം മരിയാപുരം സ്വദേശി കനകരാജ് (50), എറണാകുളം അയ്യംപുഴയിലെ മറിയംകുട്ടി (77), കോട്ടയം കാരാപ്പുഴയിലെ ടി.കെ. വാസപ്പന്‍ (89), കാസര്‍കോട്ടെ ആദംകുഞ്ഞ് (67) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച ഇടുക്കിയിലെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ അജിതനും (55) കോവിഡ് സ്ഥിരീകരിച്ചു.

പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം – 266
കൊല്ലം – 5
ആലപ്പുഴ – 118
പത്തനംതിട്ട – 19
ഇടുക്കി – 42
കോട്ടയം – 76
എറണാകുളം – 121
തൃശൂര്‍ – 19
പാലക്കാട് – 81
മലപ്പുറം – 261
കോഴിക്കോട് – 93
കണ്ണൂര്‍ – 31
കാസര്‍കോട് – 68
വയനാട് – 12

തിരുവനന്തപുരത്ത് തീരദേശ സോണുകളില്‍ രോഗവ്യാപനം കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. അവശ്യ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന എല്ലാ കടകളും രാവിലെ 7 മുതല്‍ വൈകിട്ട് 3 വരെ പ്രവര്‍ത്തിക്കാം. എറണാകുളം ജില്ലയിലെ പ്രധാന ക്ലസ്റ്ററായിരുന്ന ആലുവയില്‍ കോവിഡ് വ്യാപനം കുറയുന്നു. പശ്ചിമ കൊച്ചി മേഖലയില്‍ ആശങ്ക തുടരുന്നു. ഒരു ഇടവേളയ്ക്കു ശേഷം ചെല്ലാനം മേഖലയിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉരുള്‍പ്പൊട്ടല്‍ ഉണ്ടായ മേപ്പാടിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാവരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു.
പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തിലെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരില്‍ നിന്നു രോഗം ഉണ്ടായെന്ന് കണ്ടെത്തിയിട്ടില്ല. റസ്‌ക്യൂ ഓപ്പറേഷനില്‍ പങ്കെടുത്തവര്‍ക്ക് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലാണ്. ഇയാളുമായി ഹൈ റിസ്‌ക് കോണ്‍ടാക്ട് ഉള്ള മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള 26 പേരുടെ ലിസ്റ്റ് തയാറാക്കി. 12 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. 16 പേരുടെ വരാനുണ്ട്. ആര്‍ക്കും എവിടെവച്ചു വേണമെങ്കിലും കോവിഡ് ബാധിക്കാം എന്നതിന്റെ തെളിവാണ് പെട്ടിമുടിയിലെ മാധ്യമ സംഘത്തിലെ ഒരംഗത്തിനുണ്ടായ കോവിഡ് ബാധ. ഇപ്പോള്‍ ഈ ടീമുള്‍പ്പെടെ സമ്പര്‍ക്കപട്ടികയിലുള്ള എല്ലാവരും ക്വാറന്റീനില്‍ പോകേണ്ട അവസ്ഥയിലാണ്. ഈ പ്രദേശത്ത് തമിഴ്‌നാട്ടില്‍ നിന്നുള്ള ബന്ധുക്കളും വരുന്നുണ്ട്. റെസ്‌ക്യൂ ടീമിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കോവിഡ് പരിശോധന ശക്തമാക്കി.
ആലപ്പുഴയില്‍ നിന്നു വന്ന ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് സെന്റിനല്‍ സര്‍വയ്ലന്‍സിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ആയി. ഇതേ തുടര്‍ന്നാണ് ഇവിടുത്തെ പരിശോധന ശക്തമാക്കിയത്. ഇന്ന് എന്‍ഡിആര്‍എഫിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരും ഇപ്പോഴും കോവിഡില്‍ നിന്നു മുക്തരല്ല. വിവിധ പ്രദേശങ്ങളില്‍ പോകുമ്പോള്‍ മതിയായ ആരോഗ്യജാഗ്രത പാലിക്കണം.
കോവിഡ് പ്രതിരോധനത്തിനുള്ള നൂതന മാര്‍ഗങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കുന്നു. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈന്‍ ബിഹേവിയറല്‍ ട്രെയിനിങ് നല്‍കും. മത്സ്യബന്ധന തുറമുഖങ്ങളില്‍ നിന്നും മൊത്ത വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ മീന്‍ വില്‍പ്പനയ്ക്ക് കൊണ്ടുപോകുന്ന സ്ത്രീകള്‍ക്ക് കോവിഡ് പരിശോധന നടത്തും. പരിശോധനയില്‍ നെഗറ്റീവ് ആകുന്നവര്‍ക്കാണ് മീന്‍ വില്‍പ്പനയ്ക്ക് അനുമതി നല്‍കും.
കോണ്‍ടാക്ട് ട്രേസിങ്ങിനായി നിരവധി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. അതിന്റെ ഭാഗമായായി കോവിഡ് രോഗികളുടെ ഫോണ്‍ വിളികള്‍ സംബന്ധിച്ച ഫോണ്‍ റിക്കോര്‍ഡ് ശേഖരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് ഈ രീതിയിലുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതിയുണ്ട്. കുറച്ചു മാസങ്ങളായി ഈ മാര്‍ഗങ്ങള്‍ നാം ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറുകയോ മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യില്ല. അതിനാല്‍ തന്നെ സിഡിആര്‍ ശേഖരിക്കുന്നത് രോഗികളുടെ സ്വകാര്യതിലേക്കുള്ള കടന്നുകയറ്റമാണ് എന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Related posts