കൊവിഡ്-19 മൂന്നാം തരംഗം ആഗസ്റ്റോടെ, രണ്ടാം തരംഗം പോലെ അപകടകരമാകില്ലെന്ന് ഐസിഎംആര്‍

കൊവിഡ്-19 മൂന്നാം തരംഗം ആഗസ്റ്റോടെ എത്തുമെന്ന് മുന്നറിയിപ്പ് നല്‍കി ഐസിഎംആര്‍. എന്നാല്‍ ഇതിന് രണ്ടാം തരംഗത്തിന്റെ അത്രയും തീവ്രതയുണ്ടാവില്ലെന്നും ഐസിഎംആര്‍ മേധാവി ഡോ: സമീരന്‍ പാണ്ഡെ വ്യക്തമാക്കി. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സമീരന്‍ ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് മാസത്തോടെ രാജ്യത്ത് കൊവിഡ്-19 മൂന്നാം തരംഗം എത്തും, എന്നാല്‍ അത് ഒന്നാം തരംഗത്തെയോ രണ്ടാം തരംഗത്തെയോ പോലെ തീവ്രതയേറിയതായിരിക്കണം എന്നല്ല പറയുന്നതെന്നും സമീരന്‍ പാണ്ഡെ വിശദീകരിച്ചു.

കൊവിഡ്-19 മൂന്നാം തരംഗത്തിന് കാരണമായി നാല് കാര്യങ്ങളാണ് അദ്ദേഹം പട്ടികപ്പെടുത്തുന്നത്. ആദ്യ രണ്ട് തരംഗങ്ങളുടേയും ഫലമായി ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട പ്രതിരോധ ശേഷിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. പ്രതിരോധ ശേഷി കുറയുന്നത് മൂന്നാം തരംഗത്തിലേക്ക് നയിക്കും.

അടുത്തത് ഒരു വ്യക്തിയുടെ ആര്‍ജ്ജിത പ്രതിരോധ ശേഷിയെ മറികടക്കുന്ന പുതിയ കൊവിഡ്-19 വകഭേദം രൂപപ്പെടുകയെന്നതാണ്. മൂന്നാമതായി പുതിയ കൊവിഡ്-19 വകഭേദം ആര്‍ജ്ജിത പ്രതിരോധ ശേഷിയെ മറികടന്ന് നാശം വിതക്കാന്‍ സാധ്യതയില്ലെങ്കിലും മൂന്നാം തരംഗത്തിന് സാധ്യതയുണ്ട്. നാലാമത്തെ കാര്യം അതത് സംസ്ഥാനങ്ങള്‍ കൊവിഡ്-19 പ്രോട്ടോകോളുകളില്‍ അനിയന്ത്രിത ഇളവുകള്‍ നല്‍കിയാലുള്ള രോഗവ്യാപന സാധ്യതയാണ്.

ലോകത്ത് ഇതിനകം 111 -ലധികം രാജ്യങ്ങളിലാണ് കൊവിഡിന്റെ ഡെല്‍റ്റ വകഭേദം ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയിലാണ് ഡെല്‍റ്റ വകഭേദം ആദ്യം കണ്ടെത്തിയത്.

Related posts