കോവിഡ്; എറണാകുളം മെഡിക്കല്‍ കോളേജിലും പ്ലാസ്മ ചികിത്സ

കൊച്ചി: പ്ലാസ്മ തെറാപ്പി ഉപയോഗിച്ചുള്ള കോവിഡ് ചികിത്സയ്ക്ക്എറണാകുളം മെഡിക്കല്‍ കോളേജിലും തുടക്കം. മെഡിക്കല്‍ കോളേജിലെ ചികിത്സയില്‍ രോഗം ഭേദമായവരില്‍ നിന്നും രക്തം സ്വീകരിച്ച് അതില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന പ്ലാസ്മയാണ്തെറാപ്പിക്ക് ഉപയോഗിക്കുന്നത്. നിലവില്‍ രോഗം ഭേദമായ അഞ്ചു പേരില്‍ നിന്നും രക്തദാനത്തിലൂടെ പ്ലാസ്മ സ്വീകരിച്ചിട്ടുണ്ട്. ചികിത്സയ്ക്ക് ഉടനെ തുടക്കം കുറിക്കും. ഗുരുതരനിലയിലുള്ള രോഗികള്‍ക്കാണ് പ്ലാസ്മ തെറാപ്പി നടത്തുക. രോഗം ഭേദമായവരുടെ ശരീരത്തിലുള്ള ആന്റിബോഡികളടങ്ങിയ പ്ലാസ്മ ജീവ രോഗാവസ്ഥയിലുള്ള രോഗിക്ക് ദാനം ചെയ്യുകയാണ് പ്ലാസ്മ തെറാപ്പിയൂടെ ചെയ്യുന്നത്. ഗുരുതരമായ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ ഈ രീതി ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
കോവിഡ്വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ രോഗം ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പൗരന് ആന്റിറിട്രോവൈറല്‍ മരുന്നുകള്‍ നല്‍കിയുള്ള ചികിത്സയും എറണാകുളം മെഡിക്കല്‍ കോളേജ് അവലംബിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന 83കാരിക്ക്ഐഎല്‍6 ആന്റഗോണിസ്റ്റ് വിഭാഗത്തില്‍ പെടുന്ന ടോസിലിസുമാബ് നല്‍കിയുള്ള ചികിത്സയും മെഡിക്കല്‍ കോളേജില്‍ നടത്തി. ഈ രണ്ടു രീതികളും രോഗമുക്തി വേഗത്തിലാക്കുന്നതില്‍ ഫലപ്രദമായിരുന്നെന്നാണ് മെഡിക്കല്‍ കോളേജിന്റെ വിലയിരുത്തല്‍.
പ്രിന്‍സിപ്പല്‍ വി.സതീശന്‍, വൈസ് പ്രിന്‍സിപ്പലും നോഡല്‍ ഓഫീസറുമായ ഡോ.എ.ഫത്താഹുദ്ദീന്‍, സൂപ്രണ്ട് പീറ്റര്‍ പി വാഴയില്‍, ആര്‍.എം.ഒ ഡോ. ഗണേശ് മോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ്കോവിഡ് ചികിത്സ പുരോഗമിക്കുന്നത്.

Related posts