ഏത്തമിടീച്ച യതീഷ്ചന്ദ്രക്ക് ശാസന ?; ലോക്ക് ഡൗണ്‍ പരിശോധനക്ക് ഡ്രോണുകള്‍

തിരുവനന്തപുരം: കണ്ണൂരില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ കൊണ്ട് ഏത്തമിടീച്ച എസ്പി യതീഷ് ചന്ദ്രക്കെതിരെ നടപടി ഉണ്ടായേക്കും . സംഭവത്തില്‍ ഡജിപി ലോക് നാഥ് ബെഹ്‌റക്ക് യതീഷ് ചന്ദ്ര ഇന്ന് വിശദീകരണം നല്‍കും. കണ്ണൂരിലെ ഏത്തമീടിക്കലില്‍ എസ്പി യതീഷ്ചന്ദ്രക്കെതിരെ ശാസന ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എസ് പിയുടെ വിശദീകരണത്തിന് ശേഷമാകും തുടര്‍നടപടി. മുഖ്യമന്ത്രി തന്നെ യതീഷ് ചന്ദ്രയുടെ നടപടി പരസ്യമായി തള്ളിയിരുന്നു.
അതിനിടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ആറ് ദിവസമാകുമ്പോള്‍ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ ഏറക്കുറെ ശാന്തമാണ്. പൊലീസ് കര്‍ശന പരിശോധന നടത്തുന്നുണ്ട്. വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. പരിശോധനക്ക് ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങളും പൊലീസ് ഉപയോഗിക്കുന്നുണ്ട്.
ഞായറാഴ്ചയിലെ ചന്ത അടക്കം കണക്കിലെടുത്താണ് പൊലീസ് പരിശോധനക്കായി ഡ്രോണ്‍ ഇറക്കിയത്. ആള്‍ക്കൂട്ടത്തിലേക്ക് പൊലീസ് നേരിട്ടെത്തുന്നത് ഒഴിവാക്കാനായിരുന്നു നടപടി. പക്ഷെ ചന്തകളിലൊന്നും പതിവ് ആള്‍ക്കൂട്ടമില്ലായിരുന്നു. അടുത്ത ഘട്ടത്തില്‍ പൊലീസ് സൈറണോടെയുള്ള ഡ്രോണുകളും പരിശോധനക്കായി ഉപയോഗിക്കുമെന്ന് ഡിജിപി അറിയിച്ചു.
സംസ്ഥാനത്താകെ ഇന്ന് ആളുകള്‍ കാര്യമായി പുറത്തേക്കിറങ്ങിയിട്ടില്ല. നിരത്തുകള്‍ പൊതുവെ ശാന്തമായിരുന്നു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്നിട്ടുണ്ടെങ്കിലും വലിയ തിരക്ക് എവിടെയുമില്ല. പരിശോധന അതിരുവിടരുതെന്ന മുഖ്യമന്ത്രിയുടേയും ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ മാന്യമായ ഇടപെടല്‍ ഉന്നത ഉദ്യോഗസ്ഥരും ഉറപ്പാക്കുന്നുണ്ട്.

Related posts