ഏത്തമിടീച്ചത് ശരിയായില്ല; യതീഷ് ചന്ദ്രക്കെതിരെ പിണറായി, റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കണ്ണൂര്‍ പൊലീസ് മേധാവി യതീഷ് ചന്ദ്രക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ആളുകളെ ഏത്തമിടീച്ച സംഭവം ശരിയായ നടപടിയല്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയോട് ഇതേ കുറിച്ച് സംസാരിക്കുകയും ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊലീസിന്റെ യശസിനു മങ്ങലേല്‍പ്പിക്കുന്ന നടപടിയാണ് ഇതെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുവേ നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്. അതിനിടയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ആ സ്വീകാര്യതയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്, ബാക്കിയുള്ള കാര്യം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കാണാം. എന്തായാലും നാടിനു ചേരുന്ന കാര്യമല്ല എസ്പി ചെയ്തതെന്നും പിണറായി പറഞ്ഞു.

https://youtu.be/uu3Y7oS6eIk

ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കടയില്‍ കൂട്ടമായി ഇരുന്നവരെ കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവം നേരത്തെ ഏറെ വിവാദമായിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. കണ്ണൂര്‍ അഴീക്കലില്‍ കടയുടെ മുന്നില്‍ കൂട്ടം കൂടി നിന്നവര്‍ക്കാണ് എസ്പി ഇങ്ങനെയൊരു ശിക്ഷ നല്‍കിയത്. ‘സര്‍ക്കാര്‍ പറഞ്ഞു, പ്രധാനമന്ത്രി പറഞ്ഞു, മുഖ്യമന്ത്രി പറഞ്ഞു എന്നിട്ടും നിങ്ങളെന്തിനാണ് കൂട്ടം കൂടുന്നത്’ എന്ന് ചോദിച്ചായിരുന്നു ഇവരെ ഏത്തമിടീച്ചത്. മുട്ടുമടക്കി നന്നായി ഏത്തമിടാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നതും ആളുകള്‍ ഏത്തമിടുന്നതും വീഡിയോയില്‍ കാണാം. സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.
അതേസമയം, കേരളത്തില്‍ ഇന്നുമാത്രം ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം 165 ആയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നുമാത്രം ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചത് 148 പേരെ. സംസ്ഥാനത്ത് ആകെ 1,34,370 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 1,33,750 പേര്‍ വീടുകളിലും 620 പേര്‍ ആശുപത്രികളിലും ആണ്. ഇതുവരെ 6,067 രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 5,276 ഫലങ്ങളും നെഗറ്റീവ് ആണ്.

https://youtu.be/MoIRaFl854g

Related posts