എന്താണ് കൊറോണ വൈറസ്: മാസ്‌ക് ധരിച്ചാല്‍ സുരക്ഷിതമോ? യാത്രയില്‍ ശ്രദ്ധിക്കേണ്ടത്

രണ്ടാഴ്ച മുമ്പാണ് ചൈനയില്‍ ഒരു പുതിയ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. മധ്യചൈനയിലെ വളരെ തിരക്കുള്ള ഒരു പട്ടണമായ വുഹാനിലാണ് വൈറസ് ബാധ ആദ്യം ഉണ്ടായത്.
യുഎസിലും ഇന്നലെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതുവരെ ഈ രോഗം നാനൂറോളം പേരെ ബാധിക്കുകയും ഒന്‍പതു പേരുടെ മണത്തിന് കാരണമാകുകയും ചെയ്തു. സീഫുഡ് മാര്‍ക്കറ്റില്‍ നിന്ന് പകര്‍ന്ന വൈറസ് മൃഗങ്ങളില്‍ നിന്ന് മാത്രമേ മനുഷ്യനിലേക്കു പകരൂ എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നതാണിത് എന്ന് കണ്ടെത്തി.
ശ്വാസനാളിയെ ബാധിക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ്. ജലദോഷം, ന്യുമോണിയ ഇതെല്ലാം ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്. കൊറോണ വൈറസ് മൂലം 2002 നവംബറിലും 2003 ജൂലൈയിലും ചൈനയില്‍ ഉണ്ടായ സാര്‍സ് ബാധയില്‍ 8000 പേര്‍ രോഗബാധിതരാകുകയും 774 പേര്‍ മരണമടയുകയും ചെയ്തിരുന്നു.
പുതിയ വൈറസ് ബാധ ഉണ്ടായ സമയം അല്പം ആശങ്കപ്പെടുത്തുന്നതാണ്. ലൂണാര്‍ ന്യൂ ഇയറിനായി ദശലക്ഷണക്കണക്കിന് ആളുകള്‍ ചൈനയിലേക്ക് സഞ്ചരിക്കുന്ന സമയം ആണിത്. ശനിയാഴ്ച മുതല്‍ ഫെബ്രുവരി എട്ടു വരെ ഇത് നീളും. ഇത്തരം വൈറസുകള്‍ കാട്ടുതീ പോലെ പടരാന്‍ യാത്രകള്‍ കാരണമാകും. വിമാനയാത്രയ്ക്ക് ഒരുങ്ങുന്നവര്‍ സുരക്ഷിതമായിരിക്കാന്‍ ചില കാര്യങ്ങള്‍ അറിയാം.
ഇതുവരെ ദക്ഷിണകൊറിയ, ജപ്പാന്‍, തായ്‌വാന്‍ എന്നിവിടങ്ങളില്‍ ഓരോ കേസും തായ്‌ലന്‍ഡില്‍ രണ്ടു കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വാഷിങ്ടണിലെ സ്റ്റോഹോമിഷ് കൗണ്ടിയില്‍ താമസിക്കുന്ന മുപ്പതുകാരന് വൈറസ് ബാധിച്ചതായി തെളിഞ്ഞു ഇയാള്‍ ചൈനയില്‍ നിന്ന് അടുത്തിടെ യാത്രകഴിഞ്ഞ് എത്തിയതാണ്. ഇപ്പോള്‍ ഇദ്ദേഹം സുഖം പ്രാപിച്ചു വരുന്നു.
ചിലര്‍ക്ക് പനി, തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം ഇവയുണ്ടാകാം. യാത്ര ചെയ്യുന്നവര്‍ സാധാരണ ജലദോഷം, ചുമ, മൂക്കൊലിപ്പ്, ന്യുമോണിയ പോലുള്ള ലക്ഷണങ്ങള്‍ ഉള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം.
മാസ്‌ക് ധരിച്ചാല്‍ എല്ലാമായോ?
ചൈനയില്‍ നിരവധി ആളുകളാണ് ഇപ്പോള്‍ ഫേസ് മാസ്‌ക് വാങ്ങി ധരിക്കുന്നത്. എന്നാല്‍ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ സയന്റിസ്റ്റ് ആയ എറിക് ടോണര്‍ പറയുന്നത് പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷണമേകുന്നതില്‍ ഫേസ് മാസ്‌കുകള്‍ പൂര്‍ണമായും ഫലപ്രദമല്ല എന്നാണ്.
യാത്രക്കാര്‍ ഇടയ്ക്കിടെ തങ്ങളുടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. ഇരുപതു സെക്കന്റ് എങ്കിലും കൈകള്‍ ഉരച്ച് കഴുകണം. കൊറോണ വൈറസ് ബാധയില്‍ നിന്നും മനുഷ്യനെ സംരക്ഷിക്കാന്‍ വാക്‌സിനുകള്‍ ഒന്നും ഇല്ല. മാത്രമല്ല ഈ വൈറസ് ബാധ സുഖപ്പെടുത്താനും ആവില്ല. അഥവാ വാക്‌സിന്‍ ഉണ്ടെങ്കില്‍തന്നെ അവ കണ്ടെത്തുവാന്‍ വര്‍ഷങ്ങളെടുക്കും.
യാത്ര ചൈനയിലേക്കോ?
ജീവനുള്ള മൃഗങ്ങള്‍ ഉള്ള പ്രാദേശിക സീഫുഡ് മാര്‍ക്കറ്റില്‍ ആണ് വുഹാന്‍ വൈറസിനെ കണ്ടെത്തിയതെങ്കിലും ഏത് മൃഗത്തില്‍ നിന്നാണ് വൈറസ് ആളുകളിലേയ്ക്ക് പകര്‍ന്നത് എന്ന് ഇതുവരെ വ്യക്തമല്ല.
രോഗം ഉള്ളവരും അടുത്തിടെ ചൈന സന്ദര്‍ശിച്ച വ്യക്തിയും ആണ് നിങ്ങള്‍ എങ്കില്‍ ഡോക്ടറിനോട് നിങ്ങള്‍ യാത്രയുടെ കാര്യങ്ങള്‍ പറയണം. യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നത് ഫലപ്രദമല്ല.
ചൈനീസ് ഗവണ്‍മെന്റ് രോഗികളെയും യാത്രക്കാരെയും പരിശോധിക്കുന്നുണ്ട്. അവരെ രോഗത്തെക്കുറിച്ച് ബോധവാന്‍മാരാക്കാനും പരിചരണം നല്‍കാനും ശ്രദ്ധിക്കുന്നുണ്ട്. രോഗം പകരാതിരിക്കാന്‍ രോഗം തിരിച്ചറിഞ്ഞവരെ ഐസൊലേറ്റ് ചെയ്യാനും അധികൃതര്‍ ശ്രദ്ധിക്കുന്നുണ്ട്.

share this post on...

Related posts