കോമണ്‍വെല്‍ത്ത് ഗെയിംസ്: ലോണ്‍ ബോള്‍സില്‍ ഇന്ത്യന്‍ പുരുഷ ടീമിനു വെള്ളി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍ വേട്ട തുടരുന്നു. ലോണ്‍ ബോള്‍സില്‍ ഇന്ത്യന്‍ പുരുഷ ടീം വെള്ളി മെഡല്‍ സ്വന്തമാക്കി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെതിരായ ഫൈനലില്‍ 5-18 എന്ന സ്‌കോറിനു വീണ ഇന്ത്യ വെള്ളി മെഡല്‍ സ്വന്തമാക്കുകയായിരുന്നു. ഇതോടെ ലോണ്‍ ബോള്‍സ് വനിതാ, പുരുഷ ഇവന്റുകളില്‍ ഇന്ത്യ മെഡല്‍ നേടി. വനിതാ ലോണ്‍ ബോള്‍സില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു.

സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെ വെള്ളിമെഡല്‍ നേടി. തന്റെ തന്നെ ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് സാബ്ലെയുടെ നേട്ടം. 8 മിനിട്ട് 11.20 സെക്കന്‍ഡിലാണ് അവിനാഷ് ഫിനിഷ് ചെയ്തത്. 8 മിനിട്ട് 12.48 സെക്കന്‍ഡ് ആയിരുന്നു താരത്തിന്റെ ദേശീയ റെക്കോര്‍ഡ്. 8 മിനിട്ട് 11. 15 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കെനിയന്‍ താരം അബ്രഹാം കിബിവോട്ട് ഈയിനത്തില്‍ സ്വര്‍ണം നേടി.

അതേസമയം, വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പിവി സിന്ധു സെമിയില്‍ കടന്നു. മലേഷ്യയുടെ ജിന്‍ വെയ് ഗോഹിന്റെ കടുത്ത പോരാട്ടം അതിജീവിച്ചാണ് ഇന്ത്യന്‍ താരം അവസാന നാലിലെത്തിയത്. സ്‌കോര്‍ 19-21, 21-14, 21-18. സ്‌ക്വാഷ് മിക്‌സ്ഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ദീപിക പള്ളിക്കല്‍-സൗരവ് ഘോഷാല്‍ സഖ്യം സെമിയിലെത്തി. ന്യൂസീലന്‍ഡിനെയാണ് ഇന്ത്യ വീഴ്ത്തിയത്. ടേബിള്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ അചന്ത ശരത്-ശ്രീജ അകുല സഖ്യം ഫൈനലിലെത്തി. സെമിയില്‍ ഓസ്‌ട്രേലിയ ആയിരുന്നു ഇന്ത്യയുടെ എതിരാളികള്‍.

Related posts