നാളികേര കര്‍ഷകര്‍ക്ക് തിരിച്ചടി

നാളീകേര കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി ഉണ്ടക്കൊപ്രയ്ക്കും രാജാപ്പൂര്‍ കൊപ്രയ്ക്കും വന്‍ വിലത്തകര്‍ച്ച. രണ്ടുമാസത്തിനിടെ ഉണ്ടക്കൊപ്രയ്ക്ക് ക്വിന്റലിന് 5500 രൂപയും രാജാപ്പൂരിന് 5400 രൂപയും കുറഞ്ഞു. രണ്ടുദിവസത്തിനിടെ വ്യാപാരികളെയും കര്‍ഷകരെയും ഒരേപോലെ അമ്പരപ്പിക്കുന്ന തരത്തിലാണ് വിലയിടിഞ്ഞത്. 27-ന് ഉണ്ടക്കൊപ്രയുടെ വടകര വിപണിയിലെ വില 10300 രൂപയും രാജാപ്പൂരിന്റേത് 12800 രൂപയുമായിരുന്നു. 29 ആകുമ്പോഴേക്കും ഉണ്ടക്കൊപ്രയ്ക്ക് 1300 രൂപയും രാജാപ്പൂരിന് 1800 രൂപയും കുറഞ്ഞു. സമീപകാലത്തൊന്നും ഇത്രയും വിലയിടിവ് ഉണ്ടായിട്ടില്ല. 2014-ല്‍ ഉണ്ടക്കൊപ്രയുടെ വില 17500-ലും രാജാപ്പൂരിന്റേത് 20000 രൂപയിലും എത്തിയിരുന്നു. 2016-ല്‍ ഇത് കുറഞ്ഞ് നേര്‍പകുതിയിലും താഴെയായതിനുശേഷം വീണ്ടും വില മെച്ചപ്പെട്ടു. കുറെക്കാലമായി ഉണ്ടക്കൊപ്രയ്ക്ക് ശരാശരി 15,000 രൂപയുണ്ട്. രാജാപ്പൂരിന് 16,500 രൂപയും കിട്ടി. ഇതില്‍ കാര്യമായ കുറവ് രേഖപ്പെടുത്താന്‍ തുടങ്ങിയത് ഏപ്രിലിനു ശേഷമാണ്. ഇപ്പോഴത്തെ വിലയിടിവ് നോക്കുമ്പോള്‍ ഏതാനും ദിവസത്തിനുള്ളില്‍ 2014-ലെ വിലയിലും താഴെ എത്തുമെന്ന സൂചനയാണ് കിട്ടുന്നത്. കേരളത്തില്‍തന്നെ ഏറ്റവും കൂടുതല്‍ തേങ്ങ ഉത്പാദിപ്പിക്കുന്ന കോഴിക്കോട് ജില്ലയെ സംബന്ധിച്ചിടത്തോളം ഇത് വലിയ തിരിച്ചടിയാണ്. ഇവിടെയാണ് ഉണ്ടക്കൊപ്ര ഉത്പാദനവും രാജാപ്പൂര്‍ കൊപ്ര സംസ്‌കരണവുമുള്ളത്. മുമ്പെത്തെ അപേക്ഷിച്ച് ഇവയുടെ ഉത്പാദനം ഏറെ കുറഞ്ഞിട്ടുണ്ട്. വിലയിടിവ് കൂടിയാകുമ്പോള്‍ ഈ മേഖലതന്നെ തകരുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. മുമ്പ് വരുന്നതിന്റെ അറുപതുശതമാനം ഉണ്ടക്കൊപ്രപോലും വിപണിയില്‍ എത്തുന്നില്ല. എന്നിട്ടും വിലയിടിയുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് കര്‍ണാടക ഉണ്ടക്കൊപ്രയുടെ സ്വാധീനമാണ്.

share this post on...

Related posts