നെടുമ്പാശേരി വിമാനത്താവളം ഇന്ന്‌ തുറക്കും

കൊച്ചി: കനത്തമഴയിൽ റൺവേയിൽ വെള്ളം കയറിതിനെത്തുടർന്ന്‌ അടച്ചിട്ട നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്ന്‌ പുനരാരംഭിക്കും. രാവിലെ ഒമ്പതിന്‌ ടെർമിനലുകളിൽ ചെക്ക് ഇൻ നടപടി ആരംഭിക്കും. ആദ്യ സർവീസ്‌ പകൽ പന്ത്രണ്ടിന്‌ പുറപ്പെടും.
വെള്ളം കയറിയതുമൂലം അടിഞ്ഞുകൂടിയ ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കി. പെരിയാറിലെ ജലനിരപ്പും മഴയുടെ ശക്തിയും കുറഞ്ഞ സാഹചര്യത്തിൽ ശനിയാഴ്‌ച പകൽ രണ്ടിന്‌ സിയാലിലെ പ്രത്യേക സമിതി യോഗം ചേർന്നാണ് തീരുമാനമെടുത്തത്‌.
ശനിയാഴ്‌ച രാവിലെ പത്തിന്‌ റൺവെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം എയർക്രാഫ്റ്റുകൾ റൺവേയിലേക്ക് മാറ്റി. അതിന് ശേഷം ടാക്സി ബേ ശുചീകരിച്ചു. ടാക്‌സിബേയിൽ കുടുങ്ങിക്കിടന്ന വിമാനങ്ങളിൽ എട്ട്‌ വിമാനങ്ങളിൽ ആറെണ്ണം ശനിയാഴ്‌ച തിരിച്ചുപോയി. രണ്ട് വിമാനങ്ങൾ ഞായറാഴ്‌ച യാത്രക്കാരുമായി സർവീസ് നടത്തും.

ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ മൂന്നുവരെ വിമാനത്താവളം അടച്ചിടുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും സാഹചര്യം അനുകൂലമാണെന്ന് വിലയിരുത്തി രാവിലെ തന്നെ പ്രവർത്തനം തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
നെടുമ്പാശേരിയിൽനിന്ന്‌ സർവീസ് നടത്തുന്ന 24 വിമാന കമ്പനികൾക്കും സന്ദേശം കൈമാറി. ഞായറാഴ്‌ച ഉച്ചയ്ക്ക് ശേഷം ആഭ്യന്തര –-അന്താരാഷ്ട്ര സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിമാന കമ്പനികൾ ടിക്കറ്റ് വിൽപ്പനയും ആരംഭിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനം വ്യാഴാഴ്‌ച രാത്രി ഒമ്പതിനാണ്‌ നിർത്തിയത്‌. അന്താരാഷ്ട്ര ടെർമിനലായ ടി 3 യുടെ ഭാഗത്താണ് കൂടുതൽ വെള്ളം കയറിയത്.

share this post on...

Related posts