മുട്ടുകാട് മലനിരകളിലെ മുനിയറകള്‍ ആരാലും ശ്രദ്ധിക്കപെടാതെ നശിക്കുന്നു


ചിന്നക്കനാല്‍ മുട്ടുകാട് മലനിരകളിലെ രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള മുനിയറകള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. പാറക്കെട്ടുകളും പുല്‍മേടുകളും നിറഞ്ഞ അതിവിശാലമായ മലഞ്ചരിവില്‍ ഒറ്റയ്ക്കും കൂട്ടമായും അറുപതിലേറെ കല്ലറകളാണ് ഉള്ളത്. രണ്ടടിയിലേറെ ഉയരത്തിലുള്ള തറകളില്‍ കല്‍പ്പാളികള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഇവയ്ക്ക് ഓരോന്നിനും ആറടി മുതല്‍ പത്തടി വരെ നീളവും, അഞ്ച് അടിയോളം വീതിയും നാലടിയോളം ഉയരവുമുണ്ട്. കല്ലിന്റെ പാളികള്‍ കൊണ്ട് മേല്‍മൂടികളും സ്ഥാപിച്ചിരുന്നു. ആറിഞ്ചോളം കനമുള്ളവയാണ് ശിലാപാളികള്‍ ഓരോന്നും. അര കിലോമീറ്ററിലധികം നീളത്തില്‍ വിശാലമായി കിടക്കുന്ന പാറക്കെട്ടില്‍ പലയിടത്തായി 4 മുതല്‍ 15 വരെ അറകള്‍ അടങ്ങുന്ന കൂട്ടമായാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ബി സി 300നും എ ഡി 200നും ഇടയിലാണ് നിര്‍മ്മാണ കാലഘട്ടമെന്ന് പുരാവസ്തു വകുപ്പ് നടത്തിയ കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധനകളിലൂടെയും, പഠനങ്ങളിലൂടെയും തെളിഞ്ഞിട്ടുള്ളതാണ്. മനുഷ്യരുടെ മൃതശരീരങ്ങള്‍ അടക്കം ചെയ്യുന്നതിനായി നിര്‍മ്മിച്ച ഇവയില്‍ മണ്‍പാത്രങ്ങളും പ്രാചീന ആയുധങ്ങളും, ഉപകരണങ്ങളും ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. ഹൈറേഞ്ചിന്റെ മറ്റ് പല പ്രദേശങ്ങളിലും എന്നപോലെ മുട്ടുകാട് പ്രദേശത്തും ശിലായുഗ കാലത്ത് ഒരു ജനസമൂഹം ഉണ്ടായിരുന്നതിന്റെ തെളിവായ ഈ കല്ലറകള്‍ ഇന്ന് നാശത്തിന്റെ വക്കിലാണ്. എല്ലാ അറകളും കല്‍പ്പാളി തകര്‍ത്ത് തുറക്കപ്പെട്ട നിലയിലാണ്. നല്ലൊരു പങ്കിന്റെയും പാര്‍ശ്വഭിത്തികളും മേല്‍മൂടിയും ഇടിച്ച് നിരത്തിയിരിക്കുകയാണ്. മൂന്ന് നിരകളായി പതിനഞ്ചോളം അറകള്‍ പരസ്പരം ചേര്‍ത്ത് നിര്‍മ്മിച്ചിരുന്ന ഒരു സമുച്ചയത്തില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ഏതാനും പാര്‍ശ്വഭിത്തികള്‍ മാത്രമാണ്. തകരാതെ അവശേഷിക്കുന്ന ‘തല വാതില്‍’ എന്നറിയപ്പെടുന്ന ചെറിയ പ്രവേശനമാര്‍ഗത്തോടുകൂടിയ ഒരു കല്‍ഭിത്തി പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്.

share this post on...

Related posts