ഓണത്തിനായി കൈത്തറിയോടൊപ്പം ചെണ്ടുമല്ലി പൂക്കളും വിരിയിച്ചു ചേന്ദമംഗലം

പറവൂര്‍:ഓണത്തിന് ഒരുങ്ങാന്‍ കൈത്തറിയോടൊപ്പം ചേന്ദമംഗലത്തിന്റെ ചെണ്ടുമല്ലി പൂക്കളും സുലഭമായി വിരിയിച്ചു ചേന്ദമംഗലം പഞ്ചായത്ത്. മറുനാട്ടുകാരുടെ ആശ്രയമില്ലാതെ ഓണപ്പൂക്കളമൊരുക്കാന്‍ ചെണ്ടുമല്ലി പൂക്കളൊരുകയെന്ന ലക്ഷ്യത്തോടെ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ പുഷ്പ കൃഷിയുടെ വിജയം ഇവിടെത്തെ പുഷ്പ്പ കര്‍ഷകരെ ആവേശത്തിലാക്കി. പുഷ്പ്പ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം തെക്കുംപുറം ചിറപ്പുറത്ത് ബൈജുവിന്റെ കൃഷിയിടത്തില്‍ പ്രസിഡന്റ് അഡ്വ ടി ജി അനൂപു നിര്‍വ്വഹിച്ചു.
പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും പതിനായിരത്തോളം തൈകളാണ് കൃഷിഭവന്‍ ഹരിത ഇക്കോ ഷോപ്പ് വഴി നല്‍കിയത്. തൈകളും ജൈവവളവും സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തു. കോവിഡ് ഭീതിയും മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയഭീതിയും ജനങ്ങളെ പിന്നോട്ട് വലിച്ചെങ്കിലും ലോക്ഡൗണ്‍ കാലം അവര്‍ നന്നായി പ്രയോജനപ്പെടുത്തുകയായിരുന്നു. പഞ്ചായത്തിന്റെ ഗ്രീന്‍ ചലഞ്ച് പദ്ധതിയിലുണ്ടായ വിജയം കൂടുതല്‍ ആവേശം നല്‍കി.
പഞ്ചായത്തിലെ തരിശായി കിടന്ന സ്ഥലങ്ങളിലും വീട്ടുമുറ്റത്തും ടെറസിലുമാണ് കൃഷി ചെയ്തത്. ഓണക്കാലത്ത് പഞ്ചായത്തിനു പുറമെ മറ്റു സ്ഥലങ്ങളിലേക്ക് കൂടി വിതരണം നടത്തുന്നതിനായി നാല് ടണ്‍ വരെ പൂക്കള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രസിഡന്റ് ടി ജി അനൂപു പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിത സ്റ്റാലിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ ബബിത ദിലീപ്, റിനു ഗിലീഷ്, രശ്മി അജിത്കുമാര്‍, കൃഷി ഓഫീസര്‍ പി സി ആതിര , കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി ജി ജിഷ, കൃഷി അസിസ്റ്റന്റ് എ ജെ സിജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts