തകര്‍ന്നിട്ടില്ല…. ചന്ദ്രനില്‍ ചരിഞ്ഞ് വിക്രം ലാന്‍ഡര്‍

വിക്രം ലാന്‍ഡര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടില്ലെന്ന് സ്ഥരീകരണം. സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കാനായില്ലെങ്കിലും വിക്രം ലാന്‍ഡര്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടില്ലന്നാണ് ഇതോടെ വ്യക്തമായത്. ഇസ്രൊയിലെ ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് പിടിഐയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. വിക്രം ഇപ്പോള്‍ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്ത് നിന്ന് അല്‍പ്പം മാറി ചന്ദ്രോപരിതലത്തില്‍ ചെരിഞ്ഞ് കിടക്കുകയാണെന്നാണ് ശാസ്ത്രജ്ഞന്‍ പിടിഐയോട് പറഞ്ഞത്.

ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററിലെ ക്യാമറകള്‍ വഴി വിക്രംലാന്‍ഡറിന്റെ ചിത്രങ്ങള്‍ ഇസ്‌റൊയ്ക്ക് കിട്ടിയതായി ഡോ ശിവന്‍ ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഹാര്‍ഡ് ലാന്‍ഡിങ് നടന്നത് മൂലം വിക്രം ലാന്‍ഡറിന്റെ മറ്റ് ആന്തരിക സംവിധാനങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ കേടുപാട് സംഭവിച്ചോയെന്ന് വ്യക്തമല്ല. വിക്രമുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ ഇതുവരെ വിജയം കണ്ടിട്ടിട്ടുമില്ല. അതിനാല്‍ അമിത പ്രതീക്ഷ വേണ്ടെന്നും ശാസ്ത്രജ്ഞര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ബെഗളൂരു പീനയിലെ ഇസ്ട്രാക് കേന്ദ്രത്തില്‍ നിന്ന് ഒരു സംഘം വിക്രമുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അവസാനഘട്ടത്തിലാണ് വിക്രം ലാന്‍ഡറിന്റെ ലാന്‍ഡിംഗ് ശ്രമം പാളിയത് . വിക്രമിന്റെ താഴേക്കുള്ള യാത്ര തീരുമാനിക്കപ്പെട്ടതിലും വേഗത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നിയന്ത്രണ സംവിധാനങ്ങളുടെ പരിധിക്കപ്പുറമായിരുന്നു ലാന്‍ഡിംഗിന്റെ അവസാനഘട്ടത്തിലെ വേഗത. അതിനാല്‍ ബ്രേക്കിംഗ് സംവിധാനത്തിന് കൃത്യമായി പ്രവര്‍ത്തിക്കാനായില്ല. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഓര്‍ബിറ്ററിന്റെ കൂടി സഹായത്തോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും അത് വിശകലനം ചെയ്യുകയും ചെയ്യാതെ ഇതെന്ത് കൊണ്ട് സംഭവിച്ചുവെന്ന് ഉറപ്പിച്ച് പറയാനാകില്ല. ഒരു ദിവസം ഏഴ് മുതല്‍ എട്ട് തവണ വരെയാണ് ഇപ്പോള്‍ ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുന്നത്. എങ്കിലും ഓരോഭ്രമണത്തിലും ഓര്‍ബിറ്ററിന് വിക്രമിനെ കാണാനാകില്ല. ഒരു ദിവസം രണ്ട് മുതല്‍ മൂന്ന് തവണ വരെയാണ് വിക്രം ഇറങ്ങേണ്ടിയിരുന്ന പ്രദേശത്തിന് മുകളിലൂടെ ഓര്‍ബിറ്റര്‍ കടന്ന് പോകുക. വേണമെങ്കില്‍ ഓര്‍ബിറ്ററിന്‍ പ്രപല്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ച് ഭ്രമണപഥത്തില്‍ മാറ്റം വരുത്താമെങ്കിലും അങ്ങനെ ചെയ്യുന്നത് ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തന കാലാവധിയെ ബാധിക്കുമെന്നതിനാല്‍ ഇസ്രൊ ഇതിന് മുതിരില്ല.

കടപ്പാട് asianetnews

share this post on...

Related posts