ചന്ദ്രയാന്‍ 2 പാളിയോ…അമ്പരന്ന് ശാസ്ത്രലോകം

ബെംഗളുരു: ചന്ദ്രയാന്‍ ദൗത്യം അവസാനഘട്ടത്തില്‍ വച്ച് പരാജയപ്പെട്ടെന്ന് സൂചന. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നിലവില്‍ നഷ്ടമായ സ്ഥിതിയിലാണുള്ളത്. 2.1 കിലോമീറ്റര്‍ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയിരുന്നതെന്നും എന്നാല്‍ അതിന് ശേഷം ലാന്‍ഡറില്‍ നിന്നുള്ള സിഗ്‌നലുകള്‍ നഷ്ടമാവുകയായിരുന്നുവെന്നുമാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കിയത്. വിവരങ്ങള്‍ പഠിച്ചു വരികയാണ്. ഇതിന് ശേഷം മാത്രമേ എന്ത് സംഭവിച്ചുവെന്നതില്‍ കൃത്യമായ വിശദീകരണം നല്‍കാനാകൂ എന്നും കെ ശിവന്‍ വ്യക്തമാക്കി. ലാന്‍ഡര്‍ തകര്‍ന്നതാണോ ആശയവിനിമയം നഷ്ടമാകാന്‍ കാരണമെന്ന ചോദ്യത്തിന് ഐഎസ്ആര്‍ഒയിലെ ചന്ദ്രയാന്‍ പ്രോജക്ട് അംഗവും ശാസ്ത്രജ്ഞനുമായ ദേവിപ്രസാദ് കര്‍ണിക് വ്യക്തമായ മറുപടി നല്‍കിയില്ല. വിവരങ്ങളും സിഗ്‌നലുകളും പഠിച്ചുവരികയാണെന്നും, അതിന് ശേഷമേ കൃത്യമായ വിവരങ്ങള്‍ നല്‍കാനാകൂ എന്നുമാണ് അദ്ദേഹവും അറിയിച്ചത്.

നെഞ്ചിടിപ്പിന്റെ നിമിഷങ്ങള്‍

”പേടിപ്പിക്കുന്ന പതിനഞ്ച് മിനിറ്റുകള്‍” എന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ ചന്ദ്രയാന്‍ 2 ആകാശത്തേക്ക് ജിഎസ്എല്‍വി മാര്‍ക് – 3യുടെ ചിറകിലേറി പറന്നുയര്‍ന്നതിന് പിന്നാലെ പറഞ്ഞത്. സാങ്കേതികമായി ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഈ ദൗത്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഒരു പര്യവേക്ഷണപേടകം ലാന്‍ഡ് ചെയ്യിക്കുന്നത് എളുപ്പമായിരുന്നില്ല. ചന്ദ്രന്റെ ഉപരിതലത്തിലെ ജലസാന്നിധ്യം, പാറകളുടെ ഘടന, രാസഘടന എന്നിവ പഠിക്കുകയാണ് ലക്ഷ്യമെന്നതിനാലാണ് ദക്ഷിണധ്രുവമെന്ന തീര്‍ത്തും വെല്ലുവിളി നിറഞ്ഞ ലക്ഷ്യം തന്നെ ഐഎസ്ആര്‍ഒ തെരഞ്ഞെടുത്തത്.

എല്ലാം വളരെ കൃത്യമായിരുന്നു. സോഫ്റ്റ് ലാന്‍ഡിംഗിന് തയ്യാറെടുക്കുന്ന സമയം വരെ ചന്ദ്രയാന്റെ ഏകോപനം നടത്തുന്ന ബെംഗളുരു പീന്യയിലെ ടെലിമെട്രി ട്രാക്കിംഗ് ആന്റ് കമാന്‍ഡ് നെറ്റ് വര്‍ക്ക് കേന്ദ്രത്തിലെ ശാസ്ത്രജ്ഞരിലെല്ലാവരും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. പുലര്‍ച്ചെ കൃത്യം 1.39 – ചന്ദ്രയാന്‍ വിക്രം ലാന്‍ഡര്‍ പതുക്കെ താഴേയ്ക്കിറങ്ങുന്നതിന്റെ ഗ്രാഫിക്കല്‍ റെപ്രസന്റേഷന്‍ സ്‌ക്രീനില്‍ തെളിഞ്ഞു. ഇപ്പോള്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് ഉയരും 30.425 കിലോമീറ്റര്‍. പതുക്കെ സ്‌ക്രീനില്‍ നിന്ന് ഉയരം കുറഞ്ഞു കുറഞ്ഞ് വന്നുതുടങ്ങി. അതേസമയം തന്നെ, ശാസ്ത്രജ്ഞര്‍ കൃത്യമായ അനൗണ്‍സ്‌മെന്റുകളും നടത്തുന്നുണ്ടായിരുന്നു. ആദ്യം റഫ് ബ്രേക്കിംഗ്. ഇറങ്ങാനുള്ള ആദ്യ ‘ബ്രേക്കിടല്‍’, ത്രസ്റ്ററുകള്‍ ഉപയോഗിച്ച് ആദ്യം അല്‍പം ‘റഫായ ബ്രേക്കിംഗ്’ ആണ് നടന്നത്. കൃത്യം 1.45 – ബ്രേക്കിടല്‍ പ്രക്രിയ അല്‍പം ‘സ്മൂത്താ’കുന്നു. ഫൈന്‍ ബ്രേക്കിംഗ് പ്രക്രിയ തുടങ്ങുന്നു. ആവേഗം പതുക്കെ കുറച്ച് ചന്ദ്രനിലേക്കിറങ്ങാന്‍ ശ്രമം. ആറ് കിലോമീറ്റര്‍… അഞ്ച് കിലോമീറ്റര്‍ … നാല് കിലോമീറ്റര്‍ എന്നിങ്ങനെ ദൂരം കുറഞ്ഞുവരുന്നു. അവസാനഘട്ടത്തിലേക്കെത്തിയപ്പോള്‍ ശാസ്ത്രജ്ഞരുടെ മുഖം മ്ലാനം. പ്രോജക്ട് ഡയറക്ടര്‍ റിതു കാരിധാല്‍, സിഗ്‌നലുകളെക്കുറിച്ച് തിരക്കുന്നത് കാണാം. എല്ലാവരുടെയും ശ്രദ്ധ സ്‌ക്രീനിലെ സിഗ്‌നലുകളിലേക്ക്. അതിന്റെ ശക്തിയിലേക്ക്. സിഗ്‌നല്‍ മുറിഞ്ഞുപോകുന്നതോടെ എല്ലാവരും നിരാശയിലേക്ക്. ഇരുപത് മിനിറ്റോളം അങ്ങനെ നീങ്ങുന്നു. പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്നതില്‍ വിവരങ്ങളുമില്ല. ഒടുവില്‍ ഐഎസ്ആര്‍ഒ ഡയറക്ടര്‍ കെ ശിവന്‍ മോദിയുടെ അടുത്തേക്ക് നീങ്ങുന്നു. പ്രധാനമന്ത്രിയോട് എന്ത് സംഭവിച്ചുവെന്ന് വിശദീകരിക്കുന്നു. അദ്ദേഹം മുറിയില്‍ നിന്ന് പുറത്തേക്ക്.

കടപ്പാട് asianetnews

share this post on...

Related posts