ചന്ദ്രയാന്‍-3; റോവര്‍ ചന്ദ്രനിലിറക്കാന്‍ ഇന്ത്യ വീണ്ടും ശ്രമിക്കുമെന്ന് ഐഎസ്ആര്‍ഓ

ചന്ദ്രയാന്‍-2 ചന്ദ്രനിലിറങ്ങാനുള്ള ഇന്ത്യയുടെ അവസാന ശ്രമമായിരുന്നില്ലെന്നും അതിനായി സമീപഭാവിയില്‍ തന്നെ ഐഎസ്ആര്‍ഒ മറ്റൊരു ശ്രമം കൂടി നടത്തുമെന്നും ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ മേധാവി കെ.ശിവന്‍ പറഞ്ഞു. ശനിയാഴ്ച ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സുവര്‍ണ ജൂബിലി ബിരുദ ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഐടിയില്‍ ഒരു സ്‌പേസ് ടെക്‌നോളജി സെല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ധാരണാപത്രം അദ്ദേഹം ഒപ്പുവെച്ചു. നിങ്ങള്‍ ചന്ദ്രയാന്‍ 2 നെ പറ്റി അറിഞ്ഞിട്ടുണ്ടാവും. സോഫ്റ്റ് ലാന്‍ഡിങ് വിജയകരമാക്കാന്‍ നമുക്ക് സാധിച്ചില്ല. എന്നാല്‍ ചന്ദ്രോപരിതലത്തിന് 300 മീറ്റര്‍ അകലെ വരെ എല്ലാം സംവിധാനങ്ങളും പ്രവര്‍ത്തിച്ചിരുന്നു. കാര്യങ്ങള്‍ ശരിയാക്കാന്‍ ആവശ്യമായ അമൂല്യമായ വിവരങ്ങള്‍ ലഭ്യമാണ്. ഐഎസ്ആര്‍ഓ അതിന്റെ അനുഭവ പരിചയവും അറിവും സാങ്കേതിക വൈദഗ്ദ്യവും ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും സമീപഭാവയില്‍ തന്നെ സോഫ്റ്റ് ലാന്റിങ് സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ തന്നെയായിരിക്കുമോ ഇനിയുള്ള ശ്രമം എന്ന ചോദ്യത്തിന് ‘തീര്‍ച്ചയായും’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

share this post on...

Related posts