സംരംഭകന്‍ എന്ന നിലയില്‍ പരാജയപ്പെട്ടു; ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദ്ദം ഉണ്ടായി, ഇനിയും ഇങ്ങനെ തുടരാനാകില്ല!… സിദ്ധാര്‍ത്ഥ മറഞ്ഞതെവിടെ

മംഗളൂരു: കഫേ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ സിദ്ധാര്‍ത്ഥയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രിയാണ് സിദ്ധാര്‍ത്ഥയെ നേത്രാവതി പുഴയില്‍ കാണാതായത്. ഇതിനിടെ, രണ്ട് ദിവസം മുമ്പ് കഫേ കോഫി ഡേ ജീവനക്കാര്‍ക്ക് സിദ്ധാര്‍ത്ഥ അയച്ച കത്ത് പുറത്തുവന്നു.
സംരംഭകന്‍ എന്ന നിലയില്‍ പരാജയപ്പെട്ടുവെന്നാണ് സിദ്ധാര്‍ത്ഥയുടെ കത്തില്‍ പറയുന്നത്. ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദ്ദം ഉണ്ടായിയെന്നും കമ്പനിയെ ലാഭത്തിലാക്കാന്‍ കഴിഞ്ഞില്ലെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നും സിദ്ധാര്‍ത്ഥയുടെ കത്തില്‍ പറയുന്നു. സിദ്ധാര്‍ത്ഥയ്ക്കായി ഇന്നലെ രാത്രി തുടങ്ങിയ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
ഇന്നലെ ബംഗളൂരുവില്‍ നിന്നും കാറില്‍ മംഗലൂരുവിലേക്ക് പുറപ്പെട്ട സിദ്ധാര്‍ത്ഥ, നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും പുറത്തിറങ്ങി പുഴയിലേക്ക് പോവുകയും ആയിരുന്നുവെന്നാണ് ഡ്രൈവറുടെ മൊഴി. പ്രദേശത്ത് നല്ല മഴ പെയ്തിരുന്നതിനാല്‍ പുഴയില്‍ നല്ല അടിയൊഴുക്കുണ്ട്. പല സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ തുടരുന്നത്.
കഫേ കോഫി ഡേ ഇടപാടുകളില്‍ അഴിമതി നടന്നെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം സിദ്ധാര്‍ത്ഥയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.

share this post on...

Related posts