മൃഗങ്ങളില്‍ ഇടിമിന്നലേല്‍ക്കാന്‍ സാധ്യതയേറെ…

ഇടിയും മിന്നലുമൊക്കെയായി മറ്റൊരു തുലാവര്‍ഷക്കാലം എത്തിയിരിക്കുകയാണ്. കാലാവസ്ഥയിലെ മാറ്റങ്ങളും സമ്മര്‍ദങ്ങളും പശു അടക്കമുള്ള വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. തുലാവര്‍ഷകാലത്ത് പശുപരിപാലനത്തില്‍ ശ്രദ്ധിക്കാന്‍ ഏറെയുണ്ട്. കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനങ്ങള്‍ ശരീരസമ്മര്‍ദത്തിനും പ്രതിരോധശേഷി കുറയുന്നതിനും കാരണമാവും. ഒപ്പം തണുപ്പുള്ളതും നനവാര്‍ന്നതുമായ അന്തരീക്ഷം സാംക്രമിക രോഗകാരികള്‍ക്ക് പെരുകാന്‍ അനുകൂല സാഹചര്യമൊരുക്കും. കുരലടപ്പന്‍, കുളമ്പുരോഗം തുടങ്ങിയ ബാക്ടീരിയ- വൈറല്‍ രോഗങ്ങള്‍, ബബീസിയോസിസ്, തൈലേറിയോസിസ് തുടങ്ങിയ പ്രോട്ടോസോവ, റിക്കറ്റ്‌സിയല്‍ രോഗങ്ങള്‍ പിടിപെടാന്‍ ഈയവസരത്തില്‍ സാധ്യതയേറെയാണ്. തീറ്റമടുപ്പ്, പനി, പാല്‍ ഉത്പാദനക്കുറവ്, വയറിളക്കം, വിളര്‍ച്ച, ശ്വാസതടസ്സവും മൂക്കൊലിപ്പും തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ധ ചികിത്സ പശുക്കള്‍ക്ക് ലഭ്യമാക്കണം.മഴയുള്ളപ്പോഴും കാറ്റടിക്കുമ്പോഴും പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയ്ക്കുന്നത് ഒഴിവാക്കണം. ഇവയെ മഴചാറ്റലേല്‍ക്കാതെ തൊഴുത്തില്‍ പാര്‍പ്പിക്കണം. കന്നുകാലികളില്‍ ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത മനുഷ്യരേക്കാള്‍ കൂടുതലാണ്. ഇടിമിന്നലുള്ളപ്പോള്‍ കന്നുകാലികളെ തൊഴുത്തില്‍തന്നെ പാര്‍പ്പിക്കണം. തുലാവര്‍ഷകാലത്ത് അകിടുവീക്കത്തിനുള്ള സാധ്യതയും കൂടുതലാണ്. ഇത് തടയാന്‍ അകിടിലുണ്ടാവുന്ന മുറിവുകള്‍ കൃത്യമായി ചികിത്സിക്കണം. പാല്‍ കെട്ടി നില്‍ക്കാന്‍ ഇടവരാതെ കൃത്യമായ ഇടവേളകളില്‍ പൂര്‍ണ്ണമായും കറന്നെടുക്കണം. കറവയ്ക്ക് മുമ്പ് അകിടുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകാനും വൃത്തിയായി തുടയ്ക്കാനും മറക്കരുത്. കറവയ്ക്കുശേഷം മുലകാമ്പുകള്‍ നേര്‍പ്പിച്ച പൊവിഡോണ്‍ അയഡിന്‍ ലായനിയില്‍ 20 സെക്കന്റ് വീതം മുക്കി ടീറ്റ് ഡിപ്പിംങ് നല്‍കണം. കറവയ്ക്കുശേഷം ചുരുങ്ങിയത് 20 മിനിറ്റ് നേരത്തെയെങ്കിലും പശു തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ കറവ കഴിഞ്ഞയുടന്‍ പുല്ലും വൈക്കോലും നല്‍കാം.തൊഴുത്തില്‍ പൂര്‍ണ്ണശുചിത്വം ഉറപ്പാക്കാന്‍ തറ അണുനാശിനികള്‍ ഉപയോഗിച്ച് വൃത്തിയാക്കണം. 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും മൂന്ന് ടീസ്പൂണ്‍ അലക്കുകാരവും/ഡിറ്റര്‍ജന്റ് പൗഡറും കുഴമ്പ് രൂപത്തിലാക്കി പത്ത് ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തറ വൃത്തിയാക്കാം. അരകിലോഗ്രാം വീതം കുമ്മായം നാല് ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തും തൊഴുത്ത് വൃത്തിയാക്കാം. കൊര്‍സോലിന്‍, ബയോക്ലിന്‍ തുടങ്ങി അണുനാശിനികളും തൊഴുത്ത് വൃത്തിയാക്കാന്‍ ഉപയോഗിക്കാം. പരാദങ്ങളുടെ ജീവിതചക്രത്തിലെ അനുകൂല സമയമാണ് മഴക്കാലം. മഴ ശക്തമാവുന്നതിന് മുമ്പ് ആന്തരപരാദങ്ങള്‍ക്കെതിരായ മരുന്നുകള്‍ നല്‍കണം. ബാഹ്യപരാദങ്ങളെ നിയന്ത്രിക്കാന്‍ ലേപനങ്ങളും പ്രയോഗിക്കാം. മഴക്കാല വൈറല്‍ രോഗങ്ങളില്‍ പ്രധാനിയാണ് മുടന്തന്‍ പനി. വൈറസുകള്‍ പരത്തുന്ന ഈ രോഗം പശുക്കളിലെത്തിക്കുന്നത് കൊതുകുകളും മണലീച്ചകളുമാണ്. ഇവയെ നിയന്ത്രിക്കാന്‍ ആഴ്ചയില്‍ രണ്ട് തവണ വളക്കുഴിയില്‍ കുമ്മായവും ബ്ലീച്ചിംഗ് പൗഡറും ചേര്‍ത്ത മിശ്രിതം വിതറണം. ഒരു കിലോ കുമ്മായത്തില്‍ 250 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ത്ത് പ്രയോഗിക്കാം.മഴക്കാലത്ത് തീറ്റസാധനങ്ങളില്‍ കുമിള്‍ ബാധയേല്‍ക്കാറുണ്ട്. കുമിളുകള്‍ പുറന്തള്ളുന്ന വിഷവസ്തുക്കള്‍ അഫ്‌ളാടോക്‌സിക്കോസിസ് എന്ന രോഗത്തിന് കാരണമാവും. കടലപിണ്ണാക്ക്, പരുത്തിക്കുരുപിണ്ണാക്ക് തുടങ്ങിയവയില്‍ കുമിള്‍ ബാധക്ക് സാധ്യത കൂടുതലാണ്. ഇവ തറയില്‍നിന്ന് ഒരടി ഉയരത്തിലും ചുമരില്‍നിന്ന് ഒന്നരയടി അകലത്തിലും സൂക്ഷിക്കണം. മഴയുടെ തുടക്കത്തിലുണ്ടാകുന്ന ഇളംപുല്ല് അധികമായി നല്‍കിയാല്‍ വയറിളക്കമുണ്ടാകും. ഈ പുല്ലിന് നാര് കുറവായതും ജലാംശം കൂടുതലുള്ളതുമാണ് ഇതിനുകാരണം. ഇളംപുല്ല് വെയിലത്ത് ഉണക്കി വൈക്കോലിനൊപ്പം നല്‍കാം. പരുപരുത്തതും നനഞ്ഞിരിക്കുന്നതുമായ തറയില്‍ കുളമ്പിന് ക്ഷതമേല്‍ക്കാനും കുളമ്പുചീയലിനും സാധ്യതയുണ്ട്. കുളമ്പുവേദനമൂലം നടക്കാനുള്ള പ്രയാസം, കുളമ്പിലെ വീക്കവും, പഴുപ്പും, ദുര്‍ഗന്ധവുമെല്ലാം കുളമ്പ് ചീയലിന്റെ ലക്ഷണമാണ്. കോണ്‍ക്രീറ്റ് തറയില്‍ റബര്‍മാറ്റ് വിരിക്കാനും കുളമ്പിലെ മുറിവുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി ആന്റിബയോട്ടിക് ഓയിന്‍മെന്റുകള്‍ പുരട്ടാനും ശ്രദ്ധിക്കണം.

share this post on...

Related posts