തുടക്കത്തിലെ തിരിച്ചറിഞ്ഞാല്‍ വലിയ അപകടം ഒഴിവാക്കാം.. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

വായിലെ അര്‍ബുദം കണ്ടെത്താന്‍ രണ്ടു സമീപനങ്ങളുണ്ട്. ഒന്ന്, വായില്‍ അര്‍ബുദത്തിന്റെ സംശയിക്കത്തക്ക ലക്ഷണങ്ങളുള്ളവരില്‍ നടത്തുന്ന സമീപനങ്ങള്‍. രണ്ടാമത്തേത് അര്‍ബുദത്തിന്റെ ആദ്യഘട്ടത്തിലെത്തിയ രോഗികളില്‍ നൂതന നിര്‍ണായക പരിശോധനകള്‍ ഉപയോഗിക്കുന്ന സമീപനം.

നേരത്തേയുള്ള രോഗനിര്‍ണയം അര്‍ബുദം മൂലമുള്ള മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കും. ആദ്യഘട്ടത്തില്‍ രോഗം നിര്‍ണയിക്കുന്നതിന്റെ മൂല്യം പൊതുജനങ്ങളെ അറിയിക്കുകയും അതിനു വേണ്ട ആരോഗ്യനടപടികള്‍ പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകരിക്കേണ്ടതുമാണ്. ദന്താരോഗ്യവിദഗ്ധര്‍ മദ്യത്തിന്റെയും പുകയിലയുടെയും പരിണിതഫലങ്ങളെപ്പറ്റി രോഗികള്‍ക്കു മനസിലാക്കിക്കൊടുത്താല്‍ ഒരു പരിധിവരെ വായിലെ അര്‍ബുദം തടയാന്‍ കഴിയും.

സൈറ്റോളജിക്കല്‍ ടെക്‌നിക്

വായിലെ കോശങ്ങള്‍ക്ക് ഏതെങ്കിലും വിധേന മാറ്റം സംഭവിച്ചിട്ടുണ്ടോ എന്നറിയുന്ന രീതിയാണിത്. വായുടെ രൂപകല്‍പന അതിന്റെ കോശങ്ങളെ പഠിക്കാന്‍ ഏറെ സഹായിക്കും. വായിലെ ആഴത്തിലുള്ള കോശങ്ങളെ പഠിക്കാന്‍ പരന്പരാഗത രീതികള്‍ ഉപയോഗിക്കുന്‌പോള്‍ ചെറിയ രീതിയില്‍ മാറ്റംവന്ന കോശങ്ങളെ അറിയാതെപോകാനിടയുണ്ട്.

ബ്രഷ് ബയോപ്‌സി

പരന്പരാഗത രീതിയില്‍നിന്നു വ്യത്യസ്തമായി ബ്രഷ് ബയോപ്‌സി കോശങ്ങളെപ്പറ്റി പഠിക്കാന്‍ സഹായിക്കും. രോഗികളുടെ അടുത്തിരുന്നു ചെയ്യാവുന്നതും എളുപ്പത്തിലും വേദനയില്ലാത്തതുമായ ഒരു പരിശോധനാ രീതിയാണിത്. ഇതുവഴി സംശയകരമായ വെളുപ്പും ചുവപ്പും നിറമുള്ള വായിലെ പാടകളെ അവയ്ക്ക് അര്‍ബുദത്തിലേക്ക് മാറ്റം സംഭവിക്കുന്നു ണ്ടോ എന്നറിയാന്‍ കഴിയും. ഏറെ സുവ്യക്തതയുള്ള പരിശോധനാരീതിയാണിത്.

വൈറ്റല്‍ സ്റ്റെയ്‌നിംഗ്

ടൊളുഡിന്‍ ബ്ലൂ സ്റ്റെയ്‌നിംഗ് ആണ് ഓറല്‍ കാന്‍സര്‍ നിര്‍ണയത്തിനായി ഉപയോഗിക്കുന്നത്. ഇത് വളരെ ലളിതവും ചെലവുകുറഞ്ഞതും കാന്‍സര്‍ ബാധിച്ച കോശങ്ങളെ സ്വാഭാവികമായ സംയുക്ത കോശങ്ങളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നതുമാണ്. കൂടാതെ കാന്‍സര്‍ ബാധിച്ച ഭാഗങ്ങള്‍ നീക്കംചെയ്യുന്ന സമയത്ത് അതിന്റെ ചുറ്റുമുള്ള കോശങ്ങളുടെ സ്ഥിതി മനസിലാക്കാനും ഈ ഉപാധി സഹായിക്കും.

ലേസര്‍ കാപ്ചര്‍ മൈക്രോ ഡിസെക്ഷന്‍

ലേസര്‍ കാപ്ചര്‍ മൈക്രോഡിസെക്ഷന്‍ അര്‍ബുദം ബാധിച്ച സംയുക്തകോശങ്ങളെ സൂഷ്മമായി പഠിക്കാന്‍ സഹായിക്കുന്നു. മേല്‍പറഞ്ഞ കോശങ്ങളെയും അതിന്റെ ചുറ്റുമുള്ള സംയുക്തകോശങ്ങളുടെയും രൂപവിസ്ഥാനീയത്തെ സംരക്ഷിച്ചുകൊണ്ട് അവയില്‍ വന്ന മാറ്റങ്ങളെ മനസിലാക്കാന്‍ കഴിയുന്ന ഉചിതമായ രീതിയാണിത്.

ഡിഎന്‍എ അനാലിസിസ്

അര്‍ബുദത്തിന് സാധ്യതയുള്ള കോശങ്ങളെ മനസിലാക്കുന്ന ഉപാധിയാണിത്. ഫ്യൂല്‍ജെന്‍ ഡൈ ഉപയോഗിച്ചാണ് ഈ കോശങ്ങള്‍ മനസിലാക്കുന്നത്. ഓറല്‍ ബ്രഷ് സാന്പിളുകളാണ് കോശങ്ങളുടെ രൂപവിസ്ഥാനീയത്തെപ്പറ്റിയും ജനിതകമാറ്റങ്ങളെപ്പറ്റിയും പഠിക്കാനായി തെരഞ്ഞെടുക്കുന്നത്.

ഉമിനീരില്‍ നിന്ന് ഓറല്‍ കാന്‍സര്‍ നിര്‍ണയം

ഉമിനീരില്‍നിന്ന് കാന്‍സര്‍ രോഗത്തെ നിര്‍ണയിക്കാനും അതിന്റെ ചികിത്സയ്ക്കു ശേഷമുള്ള അവസ്ഥ നിരൂപിക്കാനും കഴിയും. ചെലവു കുറഞ്ഞതും അനേകംപേരില്‍ ചെയ്യാവുന്നതുമായ രോഗനിര്‍ണയ സാമഗ്രിയാണ് ഉമിനീര്‍. മാത്രമല്ല വേദനയോ മറ്റ് ബുദ്ധിമുട്ടോ ഇല്ലാത്ത രീതിയില്‍ ശേഖരിക്കാന്‍ സാധിക്കുന്നതുമായ ഒന്നാണ് ഉമിനീര്‍.

ലാബ്ഓണ്‍ എ ചിപ്പ്

ഇതിന്റെ മറ്റൊരു പേരാണ് മൈക്രോ ടോട്ടല്‍ അനാലിസിസ് സിസ്റ്റം. ലാബില്‍ ചെയ്യുന്ന വിശേഷണ സംബന്ധിയായ പ്രക്രിയകളെല്ലാം ഒരു സിലിക്കണ്‍ ചിപ്പില്‍ ആക്കുന്നതാണ് ലാബ്-ഓ-എ-ചിപ്പ് എന്നു പറയുന്നത്. ഈ സിലിക്കണ്‍ ചിപ്പ് ഉപയോഗിച്ചു വായിലെ അര്‍ബുദം ബാധിച്ച കോശങ്ങളെ അവയിലെ പ്രോട്ടീന്‍സ് ഉപയോഗിച്ചു മനസിലാക്കുന്നു.

മൈക്രോസ്‌കോപ്പി

നൂതന ഉപാധിയായ സ്‌പെക് ട്രല്‍ സൈറ്റോപതോളജി ഓരോ കോശത്തിലെയും വ്യത്യസ്തത നിര്‍ണയിക്കുന്നു. ഇന്‍ഫ്രാ റെഡ് സ്‌പെക്ട്രം വഴി ഓരോ കോശങ്ങളിലും അടങ്ങിയിട്ടുള്ള വിവരണങ്ങള്‍ ശേഖരിക്കാന്‍ ഇതു സഹായിക്കുന്നു. സ്വാഭാവികഘടനയില്‍ മാറ്റം വന്ന കോശങ്ങള്‍ പ്രത്യേകതരം സ്‌പെക്ട്രല്‍ പാറ്റേണുകള്‍ ഉണ്ടാക്കുന്നു. ഇതുകൂടാതെ മള്‍ട്ടി സ്‌പെക്ട്രല്‍ ഡിജിറ്റല്‍ മൈക്രോസ്‌കോപ്പ് വഴിയും ഓറല്‍ കാന്‍സര്‍ നിര്‍ണയിക്കാന്‍ കഴിയും.

സ്‌പെക്ട്രോസ്‌കോപ്പി

ഓട്ടോ ഫ്‌ളൂറസെന്‍സും കെമിലൂമിനെന്‍സും വഴി സംയുക്ത കോശങ്ങളില്‍ വന്ന അര്‍ബുദ മാറ്റങ്ങള്‍ മനസിലാക്കുന്ന രീതിയാണിത്. സംയുക്ത കോശങ്ങളിലെ പരിണാമം വഴി രക്തത്തില്‍ അടങ്ങിയിരിക്കുന്ന വസ്തുവില്‍ മാറ്റം സംഭവിക്കുന്നു. ഇവയാണ് രോഗലക്ഷണങ്ങളായി കാണപ്പെടുന്നത്. ഇക്കാരണം മൂലം കോശങ്ങള്‍ വലിച്ചെടുക്കുന്ന വേവ് ലെംതില്‍ വ്യതിയാനം ഉണ്ടാക്കുകയും അവയ്ക്ക് കാന്‍സര്‍ പിടിപെട്ടു എന്നു മനസിലാക്കുകയും ചെയ്യുന്നു. സ്‌പെക്ട്രോസ്‌കോപ്പയില്‍ ഉള്‍പ്പെടുന്നതാണ് വിസിലൈറ്റും വെല്‍സ്‌കോപ്പും.

വിസിലൈറ്റ്

വിസിലൈറ്റ് ഹാനികരമല്ലാത്തെ കെമിലൂമിനിസെന്റ് ലൈറ്റ് ആണ്. സാധാരണ രോഗനിര്‍ണയ ഉപാധികള്‍ക്കൊപ്പം വിസിലൈറ്റ് കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ വായിലെ അര്‍ബുദത്തിന് ഏറെ സാധ്യതയുള്ള വ്യക്തികളില്‍ നേരത്തെതന്നെ രോഗം നിര്‍ണയിക്കാനാകും. ഈ ഉപാധിവഴി കോശങ്ങളിലെ അസ്വാഭാവികത്വം മനസിലാക്കാന്‍ കഴിയും. അസ്വാഭാവികത്വമുള്ള കോശങ്ങള്‍ സ്വാഭാവിക കോശങ്ങളെക്കാള്‍ കൂടുതല്‍ ഉജ്വലമായി വിസിലൈറ്റ് ഉപയോഗിക്കുന്നതുവഴി കാണപ്പെടുന്നു. വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതും വേദനയില്ലാത്തതുമായ ഉപാധിയാണിത്.

വെല്‍സ്‌കോപ്പ്

ഈ അടുത്തകാലത്ത് ഏറെ ശ്രദ്ധ നേടിയ രോഗനിര്‍ണയ ഉപാധിയാണ് വെല്‍സ്‌കോപ്പ്. ഫെഡറേഷന്‍ ഡെന്റെയര്‍ ഇന്റര്‍നാഷണല്‍ അംഗീകരിച്ച ഉപാധിയാണിത്. ഓറല്‍ കാന്‍സര്‍ നിര്‍ണയിക്കാന്‍ സഹായിക്കുന്ന ഏറെ പ്രബലമായ സാമഗ്രിയാണിത്. ഇവ പ്രത്യേകതരം ബ്ലൂ സ്‌പെക്ട്രം ലൈറ്റ് ഉപയോഗിച്ച് വായിലെ കോശങ്ങളില്‍നിന്ന് ഫ്‌ലൂറസെന്‍സ് പുറപ്പെടുവിക്കുന്നു. ഇതുവഴി രോഗനിര്‍ണയം സാധ്യമാക്കും. വളരെ ലളിതവും സുരക്ഷിതത്വവും നിറഞ്ഞ ഈ പ്രക്രിയയ്ക്ക് വെറും രണ്ടു മിനിറ്റ് ദൈര്‍ഘ്യം മാത്രമേ എടുക്കൂ.

ആദ്യഘട്ടത്തില്‍ത്തന്നെ വായിലെ അര്‍ബുദം നിര്‍ണയിക്കാന്‍ സാധിക്കുക എന്നുള്ളത് ആരോഗ്യമേഖലയിലെ വസ്തുനിഷ്ഠമായ കാര്യമാണ്. ഇതില്‍ ആരോഗ്യപരിപാലകര്‍ ഏറെ പങ്കുവഹിക്കുന്നു. നേരത്തേയുള്ള രോഗനിര്‍ണയം വ്യക്തികളില്‍ കാന്‍സര്‍ ചികിത്സ മൂലമുണ്ടാക്കുന്ന പരിണിതഫലങ്ങള്‍ കുറയ്ക്കുന്നു.

ഏറെ സുവ്യക്തതയുള്ള ലൈറ്റ് ബേസ്ഡ് ഡിറ്റെക്ഷന്‍ സിസ്റ്റവും ബ്രഷ് ബയോപ്‌സി, സ്‌കാല്‍പല്‍ ബയോപ്‌സിയുമൊക്കെ ഈ മേഖലയില്‍ നിര്‍ണായകപങ്ക് വഹിക്കുന്നു. ഇവയുപയോഗിച്ച് ആദ്യമേതന്നെ രോഗം നിര്‍ണയിക്കാന്‍ സാധിച്ചാല്‍ ഓറല്‍ കാന്‍സര്‍ മൂലമുണ്ടാക്കുന്ന രോഗാവസ്ഥയും മരണനിരക്കും ഒരുപരിധിവരെ കുറയ്ക്കാന്‍ സാധിക്കും.

Related posts