” അവന്റെ കാതുകളില്‍ ഞാന്‍ പാടി ‘യു ആര്‍ മൈ സണ്‍ഷൈന്‍’… അപ്പോഴേക്കും അവന്‍ കണ്ണുകള്‍ അടച്ചിരുന്നു, ആ കുഞ്ഞു ഹൃദയത്തിന്റെ തുടിപ്പ് നിലച്ചിരുന്നു… ” ; ഒരമ്മയുടെ ഹൃദയഭേദകമായ കുറിപ്പ്

1518088287160

1518088287160

യുഎസിലെ മേരിലാന്‍ഡ് സ്വദേശികളായ റൂത്തിന്റെയും ഭര്‍ത്താവ് ജൊനാഥന്‍ സ്‌കള്ളിയുടെയും ഏറ്റവും വിലപ്പെട്ട സമ്പാദ്യമായിരുന്നു കുഞ്ഞു നെലാന്‍… ആദ്യമാദ്യം ചെറിയൊരു മൂക്കടപ്പായിരുന്നു പിന്നീടത് ജലദോഷവും ശ്വാസതടസ്സവുമായി മാറി. അപ്പോഴും മകനെ ഏറെ സ്‌നേഹിക്കുന്ന ആ മാതാപിതാക്കള്‍ അറിഞ്ഞില്ല… അത് അവന്റെ ജീവന്‍ കവരാന്‍ വന്ന കാന്‍സറാണെന്ന്. വൈകാതെ അവര്‍ അറിഞ്ഞു, മകന്‍ മരണത്തോട് മല്ലടിക്കുകയാണെന്നും അവന്റെ എല്ലുകളെയും ടിഷ്യൂവിനെയും ആ അപകടകാരിയായ കാന്‍സര്‍ കാര്‍ന്നു തിന്നുകയാണെന്നും. ചികിത്സകൊണ്ട് ഫലമില്ലെന്ന ഡോക്ടര്‍ന്മാരുടെ വിധിയെഴുത്തു കൂടി ആയതോടെ രോഗത്തിന്റെ ഭീകരത അവര്‍ തിരിച്ചറിഞ്ഞു തുടങ്ങി. പിന്നീട് അവനെ സന്തോഷത്തോടെ യാത്ര അയയ്ക്കാനായി ശ്രമം.
പക്ഷെ ഇടയ്ക്ക് വെച്ച് നെലാന് കാര്യം മനസ്സിലായി, മരണം അടുത്തെത്തിയതായി കുഞ്ഞിന് തോന്നിത്തുടങ്ങിയിരിക്കണം… പിന്നെ അവന് ഏകാന്തത ഭയമായി. അമ്മ അടുത്തില്ലെങ്കില്‍ മരണം തന്നെ തട്ടിയെടുക്കുമോ എന്ന് ആ കുഞ്ഞ് മനസ് ഭയന്നു. മകനൊപ്പം നിഴല്‍ പോലെ റൂത്ത് നിന്നു. ഒടുവില്‍ ആ ദിവസം വന്നെത്തി. അമ്മയുടെ കരങ്ങളില്‍ സുഖമായി ഉറങ്ങുകയായിരുന്ന കുഞ്ഞു നെലാനെ മരണം മെല്ലെ മാടി വിളിച്ചു. സ്വര്‍ഗത്തിലേക്കാണ് യാത്രയെന്നു പറഞ്ഞപ്പോള്‍ അവന്‍ സന്തോഷത്തോടെ കൂടെപ്പോയിരിക്കണം. കുളിക്കുമ്പോള്‍ പോലും അമ്മയുടെ സാമീപ്യം കൊതിച്ചിരുന്ന നെലാന്‍ കുളിമുറിക്കു പുറത്ത് കയറ്റുപായയില്‍ ചുരുണ്ടു കിടക്കുന്നതിന്റെ ചിത്രത്തിനൊപ്പമാണ് ആ അമ്മ കുറിപ്പ് എഴുതിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു നെലാന്‍ സ്വര്‍ഗത്തിലേക്കു പോയത്. രണ്ടു മാസം കഴിഞ്ഞ് അമ്മ ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ലോകത്തെ കരയിക്കുന്നത്.
നെലാന്റെ അവസാന നാളുകള്‍ റൂത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചപ്പോള്‍ ആയിരങ്ങളാണ് ആ അമ്മയുടെ വേദനയ്‌ക്കൊപ്പം നിന്നത്. റൂത്തിന്റെ പോസ്റ്റ് ഇങ്ങനെ;

1518088330662

അങ്ങനെ, ആ അവസാന ദിനവും വന്നെത്തി. ഞാന്‍ അവന്റെ സമീപം ഇരുന്നു. അവന്റെ മുഖത്തേക്കു നോക്കി ഞാന്‍ ചോദിച്ചു, നിനക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടോ? കുഴപ്പമില്ലെന്ന് നെലാന്റെ മറുപടി.

നിനക്ക് വല്ലാതെ വേദനിക്കുന്നു അല്ലേ, ഇത് കാന്‍സറാണ് നിനക്ക് കൂടുതല്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. – ഞാന്‍ അവനോടു പറഞ്ഞു. മറുപടി ഇങ്ങനെയായിരുന്നു.
ആരു പറഞ്ഞു? മമ്മിക്കു വേണ്ടി ഞാനത് ചെയ്യും. എനിക്കത് സാധിക്കും.

നിന്റെ മമ്മിയുടെ ജോലി എന്താണ്, ഞാന്‍ ചോദിച്ചു. എന്നെ നന്നായി നോക്കുക- അവന്റെ മറുപടി. തേങ്ങലടക്കാന്‍ കഴിഞ്ഞില്ല എനിക്ക്. ഇനി എനിക്കതിന് സാധിക്കുമെന്ന് തോന്നുന്നില്ല. നിന്നെ ഞാന്‍ സ്വര്‍ഗത്തില്‍ വച്ച് നന്നായി നോക്കിക്കൊള്ളാം.

ഞാന്‍ സ്വര്‍ഗത്തില്‍ മമ്മിക്കായി കാത്തിരിക്കും. അതുവരെ ഞാന്‍ അവിടെ കളിച്ചു നടക്കും. മമ്മി വരില്ലേ?

തീര്‍ച്ചയായും, നിനക്ക് മമ്മിയെ പെട്ടെന്ന് വിട്ടുപോകാന്‍ സാധിക്കുമോ?
ഇതിന് മറുപടി നല്‍കും മുന്‍പ് നെലാന്‍ ഉറക്കത്തിലേയ്ക്ക് വഴുതി വീണു. രോഗം അവനെ അത്രമാത്രം തളര്‍ത്തിക്കളഞ്ഞിരുന്നു. ആശുപത്രി വിട്ട് ഒരു ദിവസമെങ്കിലും സ്വന്തം വീട്ടില്‍ ഒരുമിച്ച് താമസിക്കാമെന്നു അമ്മയും അച്ഛനും തീരുമാനിച്ചു. എന്നാല്‍, വീട്ടിലേയ്ക്കുള്ള തയ്യാറെടുപ്പിനിടെ നൊലാന്‍ അമ്മയുടെ കൈ പിടിച്ചു പറഞ്ഞു. ആശുപത്രിയില്‍ തന്നെ നില്‍ക്കാം.

1518088344794

ദിവസങ്ങള്‍ കഴിഞ്ഞു. ഞാന്‍ അവനൊപ്പം തന്നെ നിന്നു. ഒടുവില്‍ ആ ദിവസം വന്നു. ഒന്നു കുളിക്കാന്‍ വേണ്ടിയാണ് ഞാന്‍ അവന്റെ അടുക്കല്‍ നിന്നു മാറിയത്. ഞാന്‍ കുളിക്കാന്‍ കയറുമ്പോള്‍ ബാത്ത്റൂമിനു വെളിയിലുള്ള കയറ്റുപായയില്‍ അവന്‍ ചുരുണ്ടു കിടക്കും. അങ്ങനെ ചെയ്യരുതെന്ന് ഉപദേശിച്ചാണ് ഞാന്‍ പോയത്. ഒരു ബന്ധുവിനെ അടുക്കല്‍ ഇരുത്തുകയും ചെയ്തു.

ഇറങ്ങിയപ്പോള്‍ അവന് ചുറ്റും ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍. എല്ലാ കണ്ണുകളിലും ആശങ്ക കാണാമായിരുന്നു. ആരോ പറഞ്ഞു, നമ്മുടെ നെലാന്‍ കോമാ അവസ്ഥയിലേക്ക് വീണു കഴിഞ്ഞു. അവന് ഒന്നും അറിയാത്ത അവസ്ഥയിലായിക്കഴിഞ്ഞു. അലറിക്കരഞ്ഞു പോയി ഞാന്‍. ഒരു നിമിഷം. കിടക്കയിലേക്ക് ചാടിക്കയറി അവനൊപ്പം ചേര്‍ന്നുകിടന്നു ഞാന്‍. കൈകളില്‍ അവന്റെ മുഖം ഞാന്‍ കോരിയെടുത്തു. പെട്ടെന്നാണ് ആ അത്ഭുതം സംഭവിച്ചത്.

ഉറക്കത്തില്‍ നിന്ന് അവന്‍ ഉണര്‍ന്നു, അവന്‍ ഒരു ശ്വാസമെടുത്തു. കണ്ണുകള്‍ പതുക്കെ തുറന്നു. പുഞ്ചിരിച്ചുകൊണ്ട് അവന്‍ പറഞ്ഞു, ‘ഐ ലവ് യു മമ്മി..’ അപ്പോള്‍ സമയം രാത്രി 11.54. പൊട്ടിക്കരഞ്ഞു ഞാന്‍. അവന്‍ വീണ്ടും കണ്ണുകള്‍ അടച്ചിരുന്നു. അവന്റെ കാതുകളില്‍ ഞാന്‍ പാടി ‘യു ആര്‍ മൈ സണ്‍ഷൈന്‍’… അപ്പോഴേക്കും അവന്‍ കണ്ണുകള്‍ അടച്ചിരുന്നു. ആ കുഞ്ഞു ഹൃദയത്തിന്റെ തുടിപ്പ് നിലച്ചിരുന്നു…

1518088313963

Related posts