വ്യാപാര സ്ഥാപനങ്ങളും ഇനി ഓണ്‍ലൈനിലാക്കാം; ട്രെന്റായി ‘ബുക്ക് ക്യു ആപ്പ്’

കൊച്ചി: കൊവിഡ് കാലമാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങണം…! മെഡിക്കല്‍ ഷോപ്പില്‍ പോകണം വരുന്ന വഴി ടെക്‌സ്‌റ്റൈല്‍സിലും കയറണം തിരക്കുണ്ടെങ്കിലോ എന്നതാണ് ആശങ്ക. എന്നാല്‍ അത്തരം ആശങ്കകള്‍ക്കെല്ലാം വിരാമം കുറക്കുകയാണ് യുവസംരഭകന്‍ ജിബിന്‍ സി തയാറാക്കിയ ‘ബുക്ക് ക്യു’ ആപ്പ്. തിരക്കുകളില്ലാതെ ഏതു കടയില്‍ നിന്നും സ്വയം തിരഞ്ഞെടുക്കുന്ന സമയത്ത് ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ വാങ്ങാന്‍ കഴിയുന്നതരത്തില്‍ ഇ ക്യു സംവിധാനമൊരുക്കുകയാണ് നോവിന്‍ഡസ് ടെക്‌നോളജീസെന്ന കമ്പിനി.
ബുക്ക് ക്യു ആപ്പ് ഇന്റ്റാള്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തങ്ങള്‍ക്ക് ആവശ്യമുള്ള കടയിലോ മെഡിക്കല്‍ ഷോപ്പിലോ മറ്റ് സ്ഥാപനങ്ങളിലോ ഓണ്‍ലൈന്‍ വഴി സമയം മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഈ സമയമെത്തി ആവശ്യമുള്ള കാര്യം സാധിച്ച് മടങ്ങാന്‍ കഴിയുന്ന തരത്തിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പ്രാധാന്യം നല്‍കി ആപ്പ് നിര്‍മിച്ചരിക്കുന്നതിനാല്‍ ഇഷ്ടമുള്ള സമയം സ്വയം തെരഞ്ഞെടുക്കാന്‍ ഓരോ വ്യക്തിക്കും കഴിയും. ഒരു കടയുടെ പ്രവര്‍ത്തന സമയം രാവിലെ 8.00 മുതല്‍ വൈകിട്ട് 5.30 വരെയാണെങ്കില്‍ സമയ പരിധിക്കുള്ളില്‍ ഇഷ്ടമുള്ള സമയത്ത് ക്യുവിന് വേണ്ടി ഉപഭോക്താവിന് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഈ സമയം മറ്റു ബുക്കിങ്ങുകളില്ലെങ്കില്‍ അവര്‍ക്ക് ആ സമയം അനുവദിച്ചു നല്‍കും. ബുക്കിങ് ഉണ്ടെങ്കില്‍ അനുയോജ്യമായ അടുത്ത സമയം തിരഞ്ഞെടുക്കാം. പിന്‍കോഡ് അടിസ്ഥാനപ്പെടുത്തിയായിരിക്കും തൊട്ടടുത്തുള്ള ഷോപ്പുകള്‍ കാണിക്കുക. അതിന് പുറമെയുള്ള ഷോപ്പുകളും മറ്റു ബ്രാന്‍ഡ് നെയിമും ക്യാറ്റഗറിയും ഉപയോഗിച്ച് സെര്‍ച്ച് ചെയ്ത് കണ്ടെത്തുന്നതിനും സാധിക്കും. ഇതിലൂടെ ആപ്പ് ഉപയോഗിക്കുന്ന വ്യക്തിക്ക് ദൂരെ നിന്ന് വരെ ഒരു ഷോപ്പില്‍ മുന്‍കൂട്ടി സമയം ബുക്ക് ചെയ്യാന്‍ കഴിയും. ആപ്പില്‍ ഇഷ്ടമുള്ള ഷോപ്പും സമയവും തിരഞ്ഞെടുത്താല്‍ ഫോണില്‍ ഒരു കണ്‍ഫര്‍മേഷന്‍ ഒടിപി എത്തും. അത് എന്റര്‍ ചെയ്താല്‍ ബുക്കിങ് പൂര്‍ത്തിയാക്കാം.
കൂടാതെ സ്ഥാപന ഉടമകള്‍ക്കും ഇത് ഏറെ ഉപകാര പ്രധമാണ്. ഉപഭോക്താക്കള്‍ ബുക്ക് ക്യു ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സ്ഥാപന ഉടമകള്‍ ‘ബുക്ക് ക്യു പാര്‍ട്ണര്‍’ ആപ്പില്‍ തങ്ങളുടെ സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഇതില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സമയും ഓരോ മണിക്കൂറിലും ഉള്‍ക്കൊള്ളാന്‍ കഴിയാവുന്ന ഉപഭോക്താക്കളുടെ വിവരങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്തണം. ഇതുപ്രകാരം സ്ഥാപന ഉടമ നിര്‍ദേശിച്ച എണ്ണം ആളുകള്‍ക്ക് മാത്രമേ ഒരു സമയം സ്ഥാപനത്തില്‍ പ്രവേശിക്കാന്‍ പാസ് ലഭിക്കുകയുള്ളു. ഏതെങ്കിലും ഉപഭോക്താവ് വിവരങ്ങള്‍ ആരായുന്നതിന് ഫോണില്‍ ബന്ധപ്പെട്ടാലും അവര്‍ക്കും ആപ്പിലൂടെ വിവരങ്ങള്‍ കൈമാറാന്‍ കഴിയും. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തികച്ചു സൗജന്യമായാണ് ആപ്പ് ഉപഭോക്താക്കള്‍ക്കും സ്ഥാപന ഉടമകള്‍ക്കും നല്‍കുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോവിന്‍ഡസ് ടെക്‌നോളജീസെന്ന കമ്പിനിയാണ് ആപ്പ് നിര്‍മിച്ചിരിക്കുന്നത്. ആപ്പിന്റെ ബീറ്റ വേര്‍ഷന്‍ നിലവില്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. വരും ദിവസങ്ങളില്‍ ആപ്പിന്റെ രൂപം പ്ലേ സ്റ്റോറില്‍ ലഭ്യമായി തുടങ്ങുമെന്നും കമ്പിനി അധികൃതര്‍ വ്യക്തമാക്കി.

Related posts