മുലപ്പാല്‍ പിഴിഞ്ഞെടുത്ത് സൂക്ഷിച്ച് കുഞ്ഞുങ്ങള്‍ക്കു നല്‍കാറുണ്ടോ..ഈ കാര്യങ്ങള്‍ അറിയുക

ആറ്റു നോറ്റിരുന്ന് കുഞ്ഞാവയൊക്കെ വന്നു കഴിയുമ്പോഴാണ് അടുത്ത പ്രശ്‌നം ഉടലെടുക്കുക. ചിലപ്പോള്‍ കുഞ്ഞാവ മാസം തികയുന്നതിന് മുമ്പേ തന്നെ ഇങ്ങെത്തിയിട്ടുണ്ടാകും. കൂടെ തൂക്കക്കുറവും കാണും. അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണത്താല്‍ ചകഇഡ വില്‍ അഡ്മിറ്റായിട്ടുണ്ടാവും. അതുമല്ലെങ്കില്‍ അമ്മയുടെ മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞു നില്‍ക്കുന്നത് കൊണ്ടോ വിണ്ടു പൊട്ടിയതുകൊണ്ടോ നേരാംവണ്ണം മുലയൂട്ടാന്‍ കഴിയാത്തതുകൊണ്ടുമാകാം.(ഈ മുലക്കണ്ണ് ഉള്‍വലിഞ്ഞു നില്‍ക്കുന്നതൊക്കെ നേരത്തേ തന്നെ കണ്ടുപിടിച്ച് ശരിയാക്കേണ്ടതാണ് കേട്ടോ ). എന്തായാലും കുഞ്ഞാവയ്ക്ക് പാലു കൊടുക്കാനുള്ള ഉല്‍ക്കടമായ ആഗ്രഹം ഒരു വശത്ത്. പോരാത്തതിന് പാലുകെട്ടി വീര്‍ത്ത മാറിടത്തിന്റെ വേദന മറുവശത്ത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുലപ്പാല്‍ പിഴിഞ്ഞെടുക്കുക എന്നത് അത്യന്താപേക്ഷിതമായി വരുന്നു. മാത്രവുമല്ല ചെറിയ ഇടവേള കഴിഞ്ഞ് കുഞ്ഞാവ ഉഷാറായി വരുമ്പോള്‍ മുലപ്പാല്‍ വറ്റിപ്പോവാതെ ആവശ്യത്തിന് ഉണ്ടാവാനും ഇത്തരത്തില്‍ പാല് പിഴിഞ്ഞെടുക്കുന്നത് ഉപകരിക്കും.

മുലപ്പാല്‍ സംഭരിച്ച് സൂക്ഷിക്കുന്നതെങ്ങനെ

പിഴിഞ്ഞെടുത്ത മുലപ്പാല്‍ സാധാരണ ഊഷ്മാവില്‍ ആറു മണിക്കൂര്‍ നേരം സൂക്ഷിക്കാം. വീട്ടിലെ താരതമ്യേന ചൂട് കുറവുള്ള ഇടം മുലപ്പാല്‍ നിറച്ച പാത്രം സൂക്ഷിക്കാനായി തിരഞ്ഞെടുക്കണം.

പിഴിഞ്ഞെടുത്ത മുലപ്പാല്‍ റഫ്രിജറേറ്ററില്‍ 24 മണിക്കൂറും ഫ്രീസറില്‍ രണ്ടാഴ്ചയും സുരക്ഷിതമായി സൂക്ഷിക്കാം.

മുലപ്പാല്‍ ശേഖരിക്കുന്ന തിയതിയും സമയവും അതത് പാത്രങ്ങളില്‍ എഴുതി ഒട്ടിക്കാന്‍ മറക്കരുത്. ആദ്യം ശേഖരിച്ച പാല്‍ ആദ്യമേ തന്നെ കുഞ്ഞിന് നല്‍കാന്‍ ഇത് സഹായകമാകും.

ഓഫീസില്‍ വെച്ച് മുലപ്പാല്‍ ശേഖരിച്ച് ആറ് മണിക്കൂറിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് വീട്ടിലേക്ക് മടങ്ങിയെത്താന്‍ കഴിയുമെങ്കില്‍ മുലപ്പാല്‍ ശേഖരിച്ച പാത്രം അധികം ചൂട് തട്ടാത്തയിടത്ത് സൂക്ഷിച്ചാല്‍ മതിയാവും. അല്ലെങ്കില്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കേണ്ടതുണ്ട്.

ഫ്രിഡ്ജില്‍ സൂക്ഷിച്ച മുലപ്പാല്‍ കുഞ്ഞിന് നല്‍കും മുമ്പ് തണുപ്പ് മാറ്റിയെടുക്കേണ്ടതുണ്ട്. അതിനായി ചൂടുവെള്ളം നിറച്ച പാത്രത്തില്‍ മുലപ്പാല്‍ പാത്രം മുക്കി വെക്കാം. അല്ലാതെ മുലപ്പാല്‍ തിളപ്പിക്കാനൊന്നും നില്‍ക്കരുത് കേട്ടോ!

തൊഴിലിടങ്ങളില്‍ വെച്ച് ശേഖരിച്ച് റഫ്രിജറേറ്ററില്‍ സൂക്ഷിച്ച മുലപ്പാല്‍, വീട്ടിലെത്തി സ്റ്റോര്‍ ചെയ്യാം. അമ്മ ജോലിക്കിറങ്ങിയാല്‍ ആദ്യം ശേഖരിച്ച മുലപ്പാല്‍ ആദ്യം എന്ന കണക്കിന് കുഞ്ഞിന് നല്‍കാം. ഗോകര്‍ണം (പാലട), സ്പൂണ്‍ എന്നിവ ഉപയോഗിച്ച് കുഞ്ഞിന് പാലു കൊടുക്കുന്നതാണ് നല്ലത്.

share this post on...

Related posts