കുഞ്ഞാവേ!… ഇന്നേക്ക് ഒരു വര്‍ഷമായി നീയെന്നെ വിട്ടുപോയിട്ട് മിസ് യു വാവേ കണ്ണീരോര്‍മ്മകളില്‍ ബ്രിജേഷ്

കുഞ്ഞാവേ ഇന്നേക്ക് ഒരു വര്‍ഷമായി നീയെന്നെ വിട്ടുപോയിട്ട്… മിസ് യു വാവേ…’- പ്രിയസഖിയുടെ കണ്ണീരോര്‍മ്മകളില്‍ ഹൃദയം നുറുങ്ങുന്ന വേദനയുമായി ബ്രിജേഷ് കണ്ണന്‍ ഇന്ന് ഫെയ്സ്ബുക്കില്‍ കുറിച്ച വരികളാണിത്. അതെ, ആതിരയെന്ന വാവ പ്രാണനായി കരുതിയ ബ്രിജേഷിനെ വിട്ടുപോയിട്ടു ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. താലി കെട്ടി സ്വന്തമാക്കാന്‍ കൊതിച്ച പെണ്ണ് വിവാഹദിവസം സ്വന്തം പിതാവിന്റെ കുത്തേറ്റ് പ്രാണന്‍ വെടിഞ്ഞപ്പോള്‍ ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ ബ്രിജേഷിനെ മലയാളികള്‍ മറന്നിരിക്കാന്‍ വഴിയില്ല. ദുരഭിമാന കൊലയ്ക്ക് ഇരയായ ആതിര എന്ന പാവം പെണ്‍കുട്ടിയെയും.

ഒരു വര്‍ഷം മുന്‍പ് വനിതയില്‍ പ്രസിദ്ധീകരിച്ചുവന്ന ബ്രിജേഷുമായുള്ള അഭിമുഖം വായിക്കാം;

എന്റെ നെഞ്ചിലുണ്ട് നിനക്കേറ്റ മുറിവ്

‘അമ്മയാണ് എന്നെയും അനിയന്‍ ബ്രിജിത്തിനെയും വളര്‍ത്തിയത്. അച്ഛന്‍ 15 വര്‍ഷം മുന്‍പ് ഞങ്ങളെ വിട്ടു പോയിരുന്നു. പ്രമേഹം മൂര്‍ഛിച്ച് കാഴ്ച നഷ്ടപ്പെട്ടതോടെ അമ്മയ്ക്ക് ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് ചെയ്യേണ്ടി വന്നു. ഇന്ത്യന്‍ ആര്‍മിയുടെ മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പില്‍ ജോലി ചെയ്തിരുന്ന ഞാന്‍ ആയിടയ്ക്കു ലീവിനു വന്നപ്പോള്‍ അമ്മയെയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോയി. എത്രയും വേഗം അഡ്മിറ്റാകണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്.

ആ സമയത്ത് ആതിര അവിടെ ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സ് ചെയ്യുകയായിരുന്നു. മലപ്പുറം അരീക്കോടുകാരിയായ ആ പെണ്‍കുട്ടി അമ്മയോട് വേഗം കൂട്ടായി. സ്വന്തം മോളെ പോലെ അമ്മ ആതിരയെ കണ്ടു. എന്റെ കാലം കഴിഞ്ഞാലും നിന്നെ നോക്കാന്‍ ഇതുപോലൊരു മോളെ കണ്ടുപിടിക്കണം എന്ന് അമ്മ പറഞ്ഞു തുടങ്ങി.

ഒരുദിവസം രാവിലെ ഡയാലിസിസ് കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ ശേഷം ആതിര ഡ്യൂട്ടി കഴിഞ്ഞു പോയി. അ ന്നു രാത്രിയാണ് അമ്മ മരിക്കുന്നത്. പിറ്റേന്ന് അമ്മയെ അന്വേഷിച്ചപ്പോള്‍ അടുത്ത ബെഡ്ഡിലെ രോഗിയാണ് വിവരം പറഞ്ഞത്. മൂന്നുദിവസം കഴിഞ്ഞ് കേസ് ഫയലില്‍ നിന്ന് എന്റെ നമ്പരെടുത്ത് അവള്‍ വിളിച്ചു. അമ്മയെ അവസാനമായി കാണണമെന്നു മോഹമുണ്ടായിരുന്നു എന്നു പറഞ്ഞ് കരഞ്ഞു. പിന്നീട് പതിവായി ഞങ്ങള്‍ വിളിക്കുമായിരുന്നു. നാലുമാസം കഴിഞ്ഞ് ലീവിനു വന്നപ്പോള്‍ നേരില്‍ കണ്ടു. വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അമ്മയ്ക്ക് ഇഷ്ടപ്പെട്ട ഈ പെണ്‍കുട്ടിയെ തന്നെ ആ യിരിക്കുമെന്ന് ഞാന്‍ അവള്‍ക്ക് ഉറപ്പുകൊടുത്തു.

പ്രശ്‌നങ്ങളുടെ തുടക്കം

ആതിരയുടെ അച്ഛന്‍ രാജന്‍ ഡ്രൈവറാണ്. അമ്മ സുനിതയും അപ്പച്ചിയായ സുലോചനയാന്റിയുമാണ് ആതിരയെ പൊ ന്നു പോലെ വളര്‍ത്തിയത്. സുലോചനാന്റിയെ ചേച്ചിയമ്മ എ ന്നാണ് ആതിര വിളിച്ചിരുന്നതും. കോഴ്‌സ് കഴിഞ്ഞ് മെഡിക്കല്‍ കോളജില്‍ തന്നെ ട്രെയിനിയായി ആതിരയ്ക്ക് ജോലി കിട്ടി. ആയിടെ അവള്‍ക്ക് ഒരു വിവാഹാലോചന വന്നു. പെണ്ണുകാണല്‍ ചടങ്ങിനു നില്‍ക്കാതെ രാവിലെ ജോലിക്കു പോകാനിറങ്ങിയ ആതിരയെ അ ച്ഛന്‍ തടഞ്ഞു. അപ്പോഴാണ് ഞങ്ങളുടെ ഇഷ്ടം അവള്‍ പ റഞ്ഞത്. അതോടെ അച്ഛന്‍ മദ്യപിച്ചു വന്ന് അടിയും വഴക്കും പതിവായി. ബന്ധുക്കള്‍ ഉപദേശിക്കാന്‍ തുടങ്ങിയതോടെ എല്ലാം അവസാനിപ്പിച്ചു എന്ന് അവള്‍ കള്ളം പറഞ്ഞു. അമ്മയ്ക്കും ആന്റിക്കും പക്ഷേ, അറിയാമായിരുന്നു ഞങ്ങളുടെ ഇഷ്ടം ഒരു തരിപോലും കുറഞ്ഞിട്ടില്ലെന്ന്.

ഇതിനിടെ മഞ്ചേരി താലൂക്കാശുപത്രിയില്‍ ആതിരയ്ക്ക് ജോലി കിട്ടി. ബന്ധത്തിലുള്ള ഒരാളുമായി വിവാഹം ഉറപ്പിച്ചതോടെ എതിര്‍ത്തപ്പോള്‍ അച്ഛന്‍ പറഞ്ഞു: ‘ആ ബന്ധം അവസാനിപ്പിച്ചില്ല എന്ന് അറിയാമായിരുന്നു. ഏതുവരെ പോകുമെന്നറിയാന്‍ കാത്തിരുന്നതാണ്.’ അത്യാവശ്യമായി തിരിച്ചുവിളിക്കണം എന്നുപറഞ്ഞ് മാര്‍ച്ച് അഞ്ചിനു രാവിലെ ആ തിരയുടെ ഫോണ്‍ വന്നു. അച്ഛന്‍ മദ്യപിച്ചുവന്ന് വലിയ പ്രശ്‌നമാണെന്നും അമ്മയെ തല്ലുകയാണെന്നും പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞാല്‍ ആതിരയ്ക്ക് നൈറ്റ് ഡ്യൂട്ടി തുടങ്ങും. രാവിലെ അല്‍പം താമസിച്ച് വീട്ടിലെത്തിയാല്‍ മതിയെന്നും, അ പ്പോഴേക്കും അച്ഛന്‍ പോകുമല്ലോ എന്നും ഞാന്‍ ആശ്വസിപ്പിച്ചു.
മാര്‍ച്ച് എട്ട്. അന്നു വൈകിട്ട് ആതിര ഡ്യൂട്ടിക്ക് പോകാനിറങ്ങുമ്പോള്‍ അച്ഛന്‍ വഴക്കുണ്ടാക്കിയത്രേ. ‘അവനെ മറന്നില്ലെങ്കില്‍ വീട്ടിലേക്ക് തിരിച്ചുവരേണ്ട എന്നും വന്നാല്‍ വെട്ടിക്കൊല്ലുമെന്നും’ അയാള്‍ ഭീഷണിപ്പെടുത്തി. ഡ്യൂട്ടി കഴിഞ്ഞ് ലീവെടുത്ത് കുറച്ചുദിവസം മാറിനില്‍ക്കാന്‍ ഞാന്‍ പറഞ്ഞു. കൂട്ടുകാരിയുടെ വീട്ടിലേക്ക് ആതിര പോയി. അന്നു വൈകിട്ട് ഡല്‍ഹിയില്‍ ക്യാംപില്‍ ഞാന്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ജീവനുള്ള കാലത്തോളം നിന്നെയും ആതിരയെയും ഒന്നിച്ചു ജീവിക്കാന്‍ സമ്മതിക്കില്ല’ എന്നുപറഞ്ഞ് ആതിരയുടെ അച്ഛന്‍ എന്റെ ഫോണിലേക്ക് വിളിച്ചു. നേരത്തെയും പലവട്ടം അയാ ള്‍ എന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

വിളിക്കാത്ത സദ്യക്ക് ഉണ്ണാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പണികിട്ടും!… വിളിക്കാത്ത സദ്യക്ക് പോകുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കുലര്‍

പിറ്റേദിവസം ആതിരയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് അരീക്കോട് പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിച്ചു. ആതിരയോടു സംസാരിക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ അവളുടെ നമ്പരിലേക്ക് വിളിച്ച് കോണ്‍ഫറന്‍സ് കോള്‍ ഇട്ടുകൊടുത്തു. ‘സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും, അച്ഛന്റെ ഭീഷണി പേടിച്ച് ഇറങ്ങിപ്പോയതാണെന്നും’ അവള്‍ പൊലീസിനോടു പറഞ്ഞു. അപ്പോഴാണ് അച്ഛന്‍ വിവാഹത്തിനു സമ്മതിച്ചെന്നും വേഗം നാട്ടില്‍ വരണമെന്നും അവര്‍ എ ന്നോട് പറഞ്ഞത്.
രണ്ടു ദിവസത്തിനു ശേഷം കൊച്ചി വിമാനത്താവളത്തില്‍ എന്നെ സ്വീകരിക്കാന്‍ കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് ആതിര വന്നിരുന്നു. അവിടെ നിന്ന് രാത്രി പന്ത്രണ്ടരയോടെ ഞങ്ങള്‍ എന്റെ അമ്മാവന്റെ വീട്ടിലേക്ക് വന്നു. അമ്മയുടെ മരണശേ ഷം എന്നെയും അനിയനെയും നോക്കുന്നത് അമ്മാവനാണ്. പിറ്റേ ദിവസം രാവിലെ ആതിരയും എന്റെ മാമന്മാരും ഏട്ടനും സുഹൃത്തുക്കളുമായി പൊലീസ് സ്റ്റേഷനിലേക്ക് പോയി. ഇറങ്ങുംമുമ്പ് എന്റെ വീട്ടുകാര്‍ പറഞ്ഞു, ആതിരയ്ക്ക് താലി കെട്ടാന്‍. പക്ഷേ, താലിയൊക്കെയിട്ട് പെട്ടെന്നു കാണുമ്പോള്‍ അച്ഛനും അമ്മയ്ക്കും വിഷമമാകുമെന്ന് അവള്‍ കരുതി.
രാവിലെ മുതല്‍ വൈകിട്ടുവരെ ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ കാത്തിരുന്നു. ഈ സമയത്തൊക്കെ വിമന്‍സ് ഡെസ്‌കില്‍ ആതിരയ്ക്ക് കൗണ്‍സിലിങ് നല്‍കുന്നുണ്ടായിരുന്നു. ‘എന്റെ കൂടെയേ വരൂ’ എന്ന നിലപാടില്‍ ആതിര ഉറച്ചുനിന്നു. എസ്‌ഐ സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയില്‍ മാര്‍ച്ച് 23നു കൊയിലാണ്ടി നിത്യാനന്ദാശ്രമത്തില്‍ വച്ച് വിവാഹം നടത്താന്‍ തീരുമാനിച്ചു. അതുവരെ ആതിരയെ ഹോസ്റ്റലി ല്‍ നിര്‍ത്തണം എന്നു ഞങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അച്ഛന്റെ ചേട്ടന്റെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് അവര്‍ മുന്‍കൈയെടുത്തത്.

അവള്‍ അത് വിശ്വസിച്ചുപോയി

കൊല്ലുമെന്നു പേടിച്ചിട്ടാണ് വീട്ടിലേക്ക് പോകാത്തത് എന്ന് ആതിര പറയുന്നത് കേട്ട് അച്ഛന്‍ കരഞ്ഞുപറഞ്ഞു, ’21 വര്‍ഷം വളര്‍ത്തിയ മോളോട് അച്ഛന്‍ അങ്ങനെ ചെയ്യുമോ.’ ആ വാക്കുകള്‍ ആതിര വിശ്വസിച്ചു. അച്ഛനൊപ്പം പോകാമെന്നു അവള്‍ സമ്മതിച്ചു. അവളെക്കൂട്ടി എസ്‌ഐയെ കണ്ടു ഞാനൊരു നിബന്ധന വച്ചു. വിവാഹദിവസം വരെ മാനസികമായോ ശാരീരികമായോ ആതിരയ്ക്ക് ഒരു വിഷമവും ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യം സ്റ്റേഷന്‍ രജിസ്റ്ററില്‍ എഴുതി ഒപ്പിടീച്ച ശേഷമാണ് ആതിരയെ വിട്ടത്.
ഇതിനിടെ അമ്മയുടെയും അച്ഛന്റെയും രക്ഷിതാക്കള്‍ക്ക് വരാന്‍ സൗകര്യത്തിനു വേണ്ടി ആതിരയുടെ വീടിനടുത്തുള്ള ക്ഷേത്രത്തിലേക്ക് കല്യാണം മാറ്റിയിരുന്നു. ഞായറാഴ്ചത്തെ അവധി കൂടി കഴിഞ്ഞ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ജോലിക്കു പോകാന്‍ ആതിര ഒരുങ്ങിയിറങ്ങിയെങ്കിലും അച്ഛന്‍ തടഞ്ഞു. ജോലിക്കു പോകണമെന്നു പറഞ്ഞ് വാശി പിടിച്ച അവളെ ആന്റി സമാധാനിപ്പിച്ചു, ‘രണ്ടുദിവസം കൂടി കഴിഞ്ഞാല്‍ ആരെയും പേടിക്കാതെ ജീവിക്കാമല്ലോ.’
ബന്ധുക്കളെയോ അയല്‍ക്കാരെയോ ഒന്നും അതുവരെ വിവാഹത്തിനു ക്ഷണിച്ചിരുന്നില്ല. അന്നുരാത്രി അബി ചേട്ടനും ആന്റിയുമൊക്കെ വിവാഹത്തലേന്ന് വീട്ടില്‍ പാര്‍ട്ടി നടത്തണമെന്ന് ആഗ്രഹം പറഞ്ഞു. അച്ഛനും അച്ഛന്റെ ചേട്ടനും ഇതിനെ ശക്തമായി എതിര്‍ത്തു. വിവാഹത്തിനു പോലും ആരെയും കൊണ്ടുപോകില്ലെന്നും ആതിരയെ അമ്പലത്തില്‍ കൊണ്ടുവിട്ടിട്ടു പോരുമെന്നും തറപ്പിച്ചുപറഞ്ഞു. എതിര്‍ത്തപ്പോള്‍ അമ്മയെ തല്ലി.

എന്നാ മൊലയാടി നിനക്ക് എന്നു പറഞ്ഞ സഹപാഠിയോട് പോട് എന്നു തിരിച്ചുപറയാനായ കാലം വരെ ഓട്ടം തുടര്‍ന്നു

കല്യാണത്തലേന്ന് രാവിലെ ആതിര വിളിച്ചു, അച്ഛന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വല്ലാതെ പേടി തോന്നുന്നു എന്നും പറഞ്ഞു. ഒരു ദിവസം കൂടിയല്ലേ, കാത്തിരിപ്പ് നാളെ തീരുമല്ലോ എന്നു ഞാന്‍ സമാധാനിപ്പിച്ചു. ഫോണില്‍ ചാര്‍ജ് ഇല്ല, കുറച്ചു കഴിഞ്ഞ് വിളിക്കാം എന്നുപറഞ്ഞാണ് ഫോണ്‍ കട്ട് ചെയ്തത്. ഉച്ചകഴിഞ്ഞ് ചേച്ചിയെയും മാമി യെയും കൂട്ടി ഞാന്‍ താലിമാലയും മറ്റും വാങ്ങാന്‍ വടകരയിലേക്ക് പോയി. ആറരയോടെ അവിടെയെത്തി വിളിച്ചപ്പോള്‍ ആതിരയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു, ആന്റിയെ വിളിച്ചപ്പോഴും ഫോണ്‍ എടുക്കുന്നില്ല.
ഏഴുമണിക്ക് എന്റെ വല്യമ്മ വിളിച്ച് ആതിരയുടെ അച്ഛന്റെ പേര് എന്താണെന്നു ചോദിച്ചു. ‘രാജന്‍’ എന്നു ഞാന്‍ മറുപടി പറഞ്ഞതിനു പിന്നാലെ ഫോണ്‍ കട്ടായി. കുറച്ചു കഴിഞ്ഞ് എന്റെ കൂടെ ഉണ്ടായിരുന്ന മാമിക്ക് ഫോണ്‍ വന്നു. അറ്റന്‍ഡ് ചെയ്തതും മാമി പൊട്ടിക്കരഞ്ഞതും ഒന്നിച്ചാണ്. അമ്പരന്നുപോയ ഞാന്‍ കാര്യം ചോദിച്ചപ്പോള്‍ അടുത്ത വീട്ടിലെ അമ്മൂമ്മയ്ക്ക് സുഖമില്ല എന്നും വേഗം പോണമെന്നും മാമി പറഞ്ഞു. ‘കല്യാണത്തലേന്ന് അ ച്ഛന്റെ കുത്തേറ്റ് മകള്‍ മരിച്ചു’എന്ന വാര്‍ത്ത വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് എന്റെ ബന്ധുക്കളെല്ലാം അറിഞ്ഞത്.
അപ്പോഴേക്ക് ആതിരയുടെ ബന്ധു വിളിച്ച് ആതിരയ്ക്ക് കുത്തേറ്റെന്നും മുക്കം കെഎംസിടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെന്നും പറഞ്ഞു. ആശുപത്രിയിലേക്ക് അപ്പോള്‍ തന്നെ പോകണമെന്നു പറഞ്ഞെങ്കിലും വീട്ടില്‍ ആരും സമ്മതിച്ചില്ല. പിറ്റേദിവസം രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അവളെ കാണാന്‍ പോയത് മന്ത്രകോടിയും താലിയുമൊക്കെ എടുത്താണ്. അവിടെ വച്ചെങ്കിലും നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ താലി ചാര്‍ത്തണമെന്നു ഞാന്‍ മോഹിച്ചു. പക്ഷേ, അവള്‍ മോര്‍ച്ചറിയില്‍ തണുത്ത് വിറങ്ങലിച്ച്….
എപ്പോഴും അവള്‍ക്ക് കാവല്‍ നിന്നിരുന്ന അബി ഏട്ടനെ നിര്‍ബന്ധിച്ച് അയാള്‍ ജോലിക്ക് പറഞ്ഞുവിടുകയായിരുന്നു. മദ്യലഹരിയിലെത്തി വിവാഹവസ്ത്രങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച ശേഷം കത്തി തിരയുന്നത് കണ്ട് ആന്റി ആതിരയെ തൊട്ടടുത്ത വീട്ടില്‍ ഒളിപ്പിച്ചു. അവിടേക്ക് ഓടിയെത്തിയ അയാള്‍ ആതിരയുടെ നെഞ്ചിലേക്ക് തന്നെ കത്തി കുത്തിയിറക്കി.


ഒന്നും ആഗ്രഹിച്ചിട്ടല്ല. എനിക്ക് ആതിരയെ മാത്രം മതിയായിരുന്നു. പക്ഷേ, ഞങ്ങള്‍ ഒന്നിക്കുന്നതായിരുന്നു അയാള്‍ക്ക് സഹിക്കാന്‍ പറ്റാത്തതും. മരണവിവരം അറിഞ്ഞതോടെ പിറ്റേന്നുതന്നെ ജോലിക്കു തിരിച്ചുകയറാന്‍ യൂണിറ്റില്‍ നിന്നു വിളിച്ചു. പക്ഷേ, പോകാന്‍ തോന്നിയില്ല. ഞാനും ആത്മഹത്യ ചെയ്തു എന്ന മട്ടില്‍ ചില ഓണ്‍ലൈന്‍ പത്രങ്ങളില്‍ വാര്‍ത്ത വന്നു. എല്ലാത്തിനും തുണയായി കൂടെ നിന്ന അമ്മാവന്റെ മകന്‍ സ്‌ട്രോക്ക് വന്നു മരിച്ചു. എല്ലാം വിധിയാണ്, സഹിക്കാതെ തരമില്ല. ഞാനൊരു പട്ടാളക്കാരന്‍ അല്ലായിരുന്നെങ്കില്‍ പിടിച്ചുനില്‍ക്കാനാകാതെ എന്തെങ്കിലുമൊക്കെ ചെയ്തു പോയേനെ. അനിയനു വേണ്ടി ജീവിക്കണം. പിന്നെയെല്ലാം വരുന്നതു പോലെ.
മുമ്പ് ഓരോ കാര്യവും വിളിച്ച് ഓര്‍മിപ്പിക്കാന്‍ അവളുണ്ടായിരുന്നു. പിറ്റേ ദിവസം ഇടാനുള്ള യൂണിഫോം വരെ എടുത്തുവച്ചോ എന്നു ചോദിച്ചിട്ടേ അവള്‍ ഫോണ്‍ വയ്ക്കാറുള്ളൂ. ഡിസംബര്‍ 25 ആണ് എന്റെ ജന്മദിനം, ആതിരയുടേത് ഡിസംബര്‍ 23 ഉം. രണ്ടും ഒന്നിച്ച് ആഘോഷിക്കാനിരുന്നതാണ്. പക്ഷേ, കൊന്നുകളഞ്ഞില്ലേ, അവളെ…’

തയാറാക്കിയത്: രൂപാ ദയാബ്ജി
എത്തിയത് താലിയുമായി, പ്രിയപ്പെട്ടവളുടെ ജീവനറ്റ ശരീരം കണ്ട് മോര്‍ച്ചറിക്കുമുന്നില്‍ പൊട്ടിക്കരഞ്ഞ് ബ്രിജേഷ്!
‘താലിയൊക്കെയിട്ട് പെട്ടെന്നു കാണുമ്പോള്‍ അച്ഛനും അമ്മയ്ക്കും വിഷമമാകും’; ആതിരയുടെ വാക്കുകള്‍ ഹൃദയത്തിലേറ്റ് ബ്രിജേഷ്
കടപ്പാട്: വനിത


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts