ബിഗ്ബോസ് ഫെയിം പ്രദീപ് നായകനാകുന്ന ‘ബോയ്ക്കോട്ട്’ ശ്രദ്ധ നേടുന്നു

യൂട്യൂബിൽ ബിഗ്ബോസ് ഫെയിം പ്രദീപ് ചന്ദ്രൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷോർട്ട് ഫിലിം ‘ബോയ്ക്കോട്ട്’ ഏറെ ശ്രദ്ധ നേടുകയാണ്. രാജസൂയം ഫിലിംസിന്റെ ബാനറിൽ ഒ.ബി.സുനിൽകുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബിജു . കെ മാധവനാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത്. ഇന്ത്യാ ചൈന അതിർത്തിയിൽ ജോലി ചെയ്യുന്ന ഒരു പട്ടാളക്കാരൻ വർഷങ്ങൾക്ക് ശേഷം ദീപാവലി അവധിക്ക് നാട്ടിലെത്തുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. നാട്ടിലെത്തിയ ആർമിക്കാരനായ കഥാനായകനോട് തന്റെ മകൻ ദീപാവലി ആഘോഷിക്കാൻ നാടൻ പടക്കങ്ങളെക്കാൾ, വലിയ ലാഭത്തിന് കൂടുതൽ അളവിൽ കിട്ടുന്ന ചൈനീസ് പടക്കങ്ങളെക്കുറിച്ച് സംസാരിക്കുകയാണ്. ഇത് കേട്ട് അതിർത്തിയിൽ ചൈനീസ് പട്ടാളത്തിന്റെ മൃഗീയവും അതിക്രൂരവുമായ മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്ന അച്ഛന്റെ ഭാവം മാറുന്നു. മകനും ഒപ്പം മുത്തച്ഛനും കഠിനമായ അതിർത്തി ജീവിതത്തിൻ്റെ കഥ അറിയാൻ ഇടയാകുന്നു. അതവരുടെ ഉള്ളിൽ വലിയ പകയും വിദ്വേഷവുമുണ്ടാക്കുകയാണ്. ഇതാണ് ഹ്രസ്വചിത്രത്തിൻ്റെ പ്രമേയം. അറിഞ്ഞോ അറിയാതെയോ വാങ്ങിക്കൂട്ടുന്ന ചൈനീസ് ഉൽപ്പന്നങ്ങൾ പരോക്ഷമായെങ്കിലും അവരെ സഹായിക്കുകയാണ് എന്ന സത്യം മകനോട് അച്ഛൻ പറഞ്ഞു മനസിലാക്കിക്കുന്നു. ഇതിന് തന്നാലാകുന്ന വിധം പ്രതികാരം ചെയ്യാൻ മുതിരുന്ന മകൻ്റെ കഥയും ഹ്രസ്വചിത്രം കാട്ടിത്തരുന്നു. പുതുതലമുറയ്ക്ക് പുത്തൻ ഉൾക്കാഴ്ച്ച സമ്മാനിക്കുന്ന ഹ്രസ്വചിത്രമാണ് ബോയ്ക്കോട്ട് എന്ന് അണിയറപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ചിത്രത്തിനായി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും നിർമ്മാതാവായ ഒ.ബി.സുനിൽ കുമാർ തന്നെയാണ്. അനീഷ് മോട്ടീവാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. അനീഷ് സാരംഗാണ് പിക്സും എഡിറ്റിംഗും മിക്സിംഗും നിർവ്വഹിച്ചിരിക്കുന്നത്. രാഹുലാണ് പ്രൊഡക്ഷൻ ഡിസൈനർ, രാജേഷ് വെള്ളനാടാണ് ചമയം ഒരുക്കുന്നത്, കവിതാ സി ഗംഗനാണ് തിരക്കഥാ സഹായി, അജയ് തുണ്ടത്തിലാണ് പി ആർ ഓ. ചിത്രത്തിൽ പ്രദീപ് ചന്ദ്രനൊപ്പം തിരുമല രാമചന്ദ്രൻ, രാഹുൽ, അനിഴാ നായർ, അഭിനവ് കൃഷ്ണൻ, അർപ്പിത ആർ എസ് നായർ, നിരഞ്ജന രാഹുൽ, സജി അമൃത എന്നിവരാണ് ഹ്രസ്വചിത്രത്തിൽ അഭിനയിക്കുന്നത്.

Related posts