പത്തു വയസ്സുകാരനെ കടലിലേക്കു വലിച്ചിട്ട് സ്രാവ്; കൂടെച്ചാടി രക്ഷപ്പെടുത്തി പിതാവ്

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ പിതാവിനൊപ്പം മീന്‍ പിടിക്കാന്‍ പോയ പത്തു വയസ്സുകാരനു നേരെ സ്രാവിന്റെ ആക്രമണം. കുട്ടിയെ ബോട്ടില്‍നിന്ന് സ്രാവ് കടലിലേക്കു വലിച്ചിടുകയായിരുന്നു. കുട്ടിയുടെ പിതാവ് തൊട്ടുപിന്നാലെ കടലിലേക്കു ചാടിയതോടെ കുട്ടിയെ ഉപേക്ഷിച്ച് സ്രാവ് കടന്നുകളഞ്ഞു.
കയ്യിലും നെഞ്ചിലും തലയിലും മുറിവുകളുണ്ടെങ്കിലും കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ടാസ്മാനിയ പ്രാദേശിക ഭരണകൂടം അറിയിച്ചു. ടാസ്മാനിയ ദ്വീപിന്റെ തീരപ്രദേശത്താണ് സംഭവം നടന്നത്. സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ച് പിതാവിനും മറ്റു രണ്ടു മീന്‍ പിടിത്തക്കാര്‍ക്കുമൊപ്പമായിരുന്നു കുട്ടി കടലില്‍ പോയത്.
തീരത്തുനിന്ന് അഞ്ച് കിലോമീറ്റര്‍ (മൂന്ന് മൈല്‍) അകലെ സംഘം മീന്‍പിടിക്കുന്നതിനിടെയായിരുന്നു സ്രാവിന്റെ ആക്രമണം. കുതിച്ചെത്തിയ സ്രാവ് കുട്ടിയെ ബോട്ടില്‍നിന്ന് കടിച്ച് കടലിലേക്കു വലിക്കുകയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ സ്രാവ് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. ഈ വര്‍ഷം ഇതുവരെ അഞ്ച് പേരാണ് സ്രാവ് ആക്രമണങ്ങളില്‍ മരിച്ചത്. കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരത്ത് സ്രാവ് ആക്രമണത്തില്‍ 15 വയസ്സുകാരന്‍ കൊല്ലപ്പെട്ടിരുന്നു.

Related posts