ആലുവയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

ആലുവയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നില്‍ ചാടിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊച്ചിയില്‍ നിന്ന് തൃശൂരിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രക്കിടയിലായിരുന്നു പ്രതിഷേധം.

മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയായിരുന്നു യാത്രയിലുട നീളം ഏര്‍പ്പെടുത്തിയിരുന്നത്. തൃശൂരിലെ രാമനിലത്തിലാണ് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ജലപീരങ്കി സംവിധാനം ഉള്‍പ്പെടെയുള്ളവ വിന്യസിച്ചിട്ടുണ്ട്. ചെല്ലാനത്തെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി എത്തുന്നത് തൃശൂര്‍ രാമനിലയത്തിലാണ്. നാല്‍പ്പതംഗ കമാന്‍ഡോ സംഘമാണ് മുഖ്യമന്ത്രിയെ വിന്യസിക്കുന്നത്.

കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലും പുറത്തുമായി 50 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ടാണ് പൊലീസിന്റെ കനത്ത സുരക്ഷ. കൊച്ചിയില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. കോട്ടയത്തേത് പോലെ കൊച്ചിയിലെ നിര്‍ദ്ദിഷ്ട വേദികളും ഗസ്റ്റ് ഹൗസും പൊലീസ് വലയത്തിലാണ്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. കൊച്ചിയില്‍ കറുത്ത മാസ്‌കിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കറുത്ത മാസ്‌ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരോട് മാസ്‌ക് മാറ്റണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. പൊതുവായ സര്‍ജിക്കല്‍ മാസ്‌ക് സംഘാടകര്‍ തന്നെ വിതരണം ചെയ്യുകയായിരുന്നു. പൊതു പ്രോട്ടോക്കോള്‍ പാലിക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍, സംഭവം വാർത്തയായതോടെ ഈ നിര്‍ദേശം പിന്‍വലിച്ചു.

Related posts